ഗന്ധർവനിലെ മിമിക്രിക്കാരൻ!

Mail This Article
യവനചിന്തകനായ പ്ലേറ്റോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ‘‘എല്ലാ കലാസൃഷ്ടിയും ഒരുതരത്തിലുളള അനുകരണമാണ്’’ എന്ന്. നർത്തകരും അഭിനേതാക്കളും ഗായകരുമെല്ലാം അനുകർത്താക്കളാണ്. അവർ രസിക്കുന്നു, സ്വന്തം നൈസർഗികത കൂട്ടിച്ചേർത്ത് മറ്റുള്ളവരെ രസിപ്പിക്കുന്നു. മിമിക്രി എന്നൊരു കലാവിഭാഗം തന്നെ നമുക്കുള്ളതുപോലെ, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കലാകാരന്മാരും അനുകർത്താക്കളാണ്. നമ്മുടെ ദാസേട്ടനും ഇതില്‍ വ്യത്യസ്തനല്ല. അദ്ദേഹവും സരസമായതിനെ ആസ്വദിക്കുന്നു, അനുകരിക്കുന്നു, ആസ്വദിപ്പിക്കുന്നു. അതിന് ഒരുപാട് ഉദാഹരണങ്ങൾ എനിക്കു പറയാനാകും. അതിൽ ഒന്നുരണ്ടെണ്ണം പറയട്ടെ.

കഴിഞ്ഞ സെപ്റ്റംബർ മാസത്തിലൊരു ദിവസം എന്റെ ടെലിഫോണിലേക്ക് ഒരു വിളിവന്നു. നോക്കിയപ്പോൾ അത് ദാസേട്ടനിൽ നിന്നാണെന്നു കണ്ടു. പക്ഷേ ആ നമ്പറിൽ നിന്നു വന്ന ഹലോയും തുടർന്നുണ്ടായ ആമുഖ സംഭാഷണവും നാമറിയുന്ന വളരെ പ്രശസ്തനായ ഒരു സംഗീതജ്ഞന്റേത്. ആ സംഗീതജ്ഞൻ ദാസേട്ടന്റെ വീട്ടിലെത്തിയിട്ട് എന്നെ വിളിക്കുന്നതാണെന്ന് ഞാനോർത്തു, ഞാൻ സംഭാഷണം തുടങ്ങി. പക്ഷേ, സാവകാശം എനിക്കു മനസ്സിലായി ഈ വിളിക്കുന്നത് എന്നെ പറ്റിക്കാൻ വേണ്ടി ദാസേട്ടൻ തന്നെയാണെന്ന്. പിന്നെ നിലയ്ക്കാത്ത പൊട്ടിച്ചിരിയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഫ്ളോറിഡയിൽ മിൽട്ടൻ കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടിക്കൊണ്ടിരിക്കെ ദാസേട്ടനും പ്രഭച്ചേച്ചിയും അവിടെ സുരക്ഷിതരായിരിക്കുന്നോ എന്നറിയാന്‍ ഞാനൊന്നു വിളിച്ചു. ദാേസട്ടൻ പറഞ്ഞു ‘വീടിനു പുറത്തിരിക്കുന്ന വസ്തുക്കളിൽ സുരക്ഷിതമായി വയ്ക്കേണ്ടതെല്ലാം മുറുക്കിക്കെട്ടി വച്ചു. പ്രഭയും ഞാനും വീടിനുള്ളിൽ സുരക്ഷിതരാണ്. കൂടാതെ ക്രിസ്റ്റോ ഇവിടെ തൊട്ടു മുമ്പിലിരിപ്പുണ്ടു താനും, പിന്നെന്തു പേടിക്കാൻ. ‘ക്രിസ്റ്റോ എന്ന പേരു കേട്ടപ്പോൾ എനിക്കു തോന്നിയത്, ക്രിസ്റ്റോ എന്നു പേരുള്ള കെയർടേക്കർ അവിടെ ഉണ്ട് എന്നാണ്. കാരണം കുറച്ചു വർഷങ്ങൾക്കു മുമ്പ് ക്രിസ്റ്റോ എന്ന പേരിൽ വളരെ സഹായിയായ ഒരു കെയർടേക്കർ എന്റെ പള്ളിക്കുണ്ടായിരുന്നു. പൊടുന്നനെയാണ് എനിക്കു മനസ്സിലായത് ദാസേട്ടൻ പറയുന്ന ക്രിസ്റ്റൊ ആരാണെന്ന്, ഞാൻ പറഞ്ഞു, ‘ഓ! കാറ്റിനെയും കോളിനെയും അടക്കിയ ക്രിസ്റ്റൊ’. അവിടുന്ന് തന്നെ, ഞാൻ അവിടുത്തെ ദാസനല്ലെ, ദാസനെ കാത്തോളും എന്ന് ദാസേട്ടനും.

ജന്മദിനമാഘോഷിക്കുന്ന ഈ അവസരത്തിലും തുടർന്നും ദാസേട്ടനെ ‘ക്രിസ്റ്റോ’ ഉത്തരോത്തരം അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുന്നു.