മലയാളികളുടെ പ്രണയഭാജനം; മറയുന്നു ‘ചന്ദ്രകാന്തം’!

Mail This Article
കിഴക്കേക്കോട്ടയിൽ വണ്ടി കാത്തുനിന്ന എന്നെ വിളിച്ചു കയറ്റുകയായിരുന്നു- 'വാഡോ വാ കേറ്.' ഈ പെരുവഴിയിലെ പൊരിവെയിലിൽ പ്രതീക്ഷിക്കാൻ കഴിയുന്നയാളല്ലല്ലോ, അതിനാൽ ഒരു നിമിഷം അന്താളിച്ചു നിന്നുപോയി. പിന്നെ വേഗം കാറിൽ കയറി ഇരുന്നു. ജയേട്ടൻ നല്ലോണം മാറിയിരിക്കുന്നു. അവസാനം കണ്ടപ്പോൾ മീശരോമങ്ങൾ ഇങ്ങനെ പിരിച്ചുവച്ചിട്ടില്ല. തലമുടി നുറുക്കി വെട്ടിയിട്ടുണ്ട്. മുൻ സീറ്റിലിരുന്ന വ്യക്തി എന്നെ തിരിഞ്ഞുനോക്കി.
'മനസ്സിലായില്ലേ, മ്മടെ ശിവേട്ടന്റെ അനിയൻ രഘു. എടക്കൊക്കെ വീട്ടിൽ വരും.'
പിന്നെ എന്നോടായി ചോദ്യം- താൻ ഇപ്പോ എവ്ടെയാ? കണ്ടിട്ട് കുറച്ചീസായില്ലേ!
എനിക്കൊരു പന്തികേട് തോന്നി. സംഗതി ഉടനെ പിടികിട്ടി. ജയേട്ടന് ആളു മാറിപ്പോയിരിക്കുന്നു. തിരുത്തേണ്ട. കയ്യോടെ ഇറക്കിവിടും. കുറച്ചുനേരം ഇങ്ങനെതന്നെ പോകട്ടെ. ആൾമാറാട്ടം ഞാൻ ആസ്വദിച്ചു.
കാർ മസ്കറ്റ് ഹോട്ടലിൽ എത്തി. തുണയാൾ വെളിയിൽ നിന്നു. ജയേട്ടൻ എന്നെയും കൂട്ടി മുറിയിലേക്കു നടന്നു. 'ഏസി ഉണ്ടായിട്ട് എന്ത് കാര്യം! ചൂടിന് ഒട്ടും കുറവില്ല്യ.' അദ്ദേഹം ഉടുപ്പുമാറ്റി നെഞ്ചിൽ ഊതിക്കൊണ്ട് കട്ടിലിൽ നിവർന്നുകിടന്നു. ചുണ്ടിൽ ഒരു ഗാനം നൃത്തം ചെയ്യുന്നുണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ചുനോക്കി, വഴുതിപ്പോയി. അപ്പോഴേക്കും ജയേട്ടൻ വേറൊരു പാട്ടിലേക്കു കടന്നു- 'മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ' മുറിച്ചും മൂളിയും സ്വയം ആസ്വദിച്ചു പാടുകയാണ്. വാക്കുകളിൽ വെറുതെ തൊടുന്നതേയുള്ളൂ. ഞാൻ ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ അങ്ങനെ സൗജന്യത്തിൽവേണ്ട എന്നോണം നിർത്തിക്കളഞ്ഞു.
'തനിക്ക് ന്താ കുടിക്കാൻ വേണ്ടേ?'
മറുപടി കേൾക്കാതെ അദ്ദേഹം ഫോണിൽ എന്തോ ഓർഡർ കൊടുത്തു.
'ശിവേട്ടന് ഇപ്പോ എങ്ങനേണ്ട് ?'
അപായ മണി മുഴങ്ങി. പിന്നെ കാത്തുനിന്നില്ല. ഞാൻ സത്യം പറഞ്ഞു- 'ജയേട്ടൻ പറയുന്ന ശിവേട്ടനെ എനിക്കറിയില്ല.'
ഹേ താൻ രഘുവല്ലേ?'
'ഞാൻ രഘു അല്ല.'
'രഘുവല്ലേ? താൻ പിന്നെന്തിനാ വണ്ടീൽ കേറീത്?'
'ജയേട്ടൻ വിളിച്ചിട്ട്.'
'ആരേലും വിളിച്ചെന്നാ ഉടനേങ്ങ് ചാടിക്കേറുവോ?'
'ആരെങ്കിലുമല്ലല്ലോ, മലയാളികളുടെ മുഴുവൻ പ്രേമഭാജനമല്ലേ വിളിച്ചത്!'
ഭാഷയിൽ അല്പം അലങ്കാരം വന്നുപോയെങ്കിലും ഉള്ളടക്കം സത്യമാണെന്ന വിശ്വാസം എന്നെപ്പോലെ ജയേട്ടനും ഉണ്ടായിരുന്നു. അദ്ദേഹം പുറത്താക്കും മുന്നേ ഇറങ്ങിക്കൊടുക്കാൻ ദുരഭിമാനം എന്നെ ഓർമിപ്പിച്ചു. ഞാൻ ബാഗിൽ വച്ചിരുന്ന 'സംഗീതാർഥമു' ജയേട്ടനെ ഏൽപ്പിച്ചു. വളരെ വലിയ ഒരു ആഗ്രഹം നിവൃത്തിച്ച സന്തോഷത്തോടെ ഞാൻ കാലിൽതൊട്ട് കണ്ണിൽ വച്ചു. വാതിൽക്കലേക്കു തിരിഞ്ഞതും ഡോർബൽ മുഴങ്ങി. ജയേട്ടൻ ആവശ്യപ്പെട്ട പ്രകാരം ഞാൻ വാതിൽ തുറന്നുകൊടുത്തു. റൂം ബോയ് ട്രേയിൽ കൊണ്ടുവന്ന കപ്പുകളിൽ ഒരെണ്ണം ജയേട്ടൻ കൈനീട്ടിയെടുത്തു. കണ്ണുകാട്ടിയപ്പോൾ രണ്ടാമത്തേത് ഞാനും കയ്യിലെടുത്തു പിടിച്ചു. കാപ്പി കുടിച്ചുകൊണ്ടുതന്നെ ജയേട്ടൻ തീർത്തും അലസമായി താളുകൾ മറിച്ചു. എവിടെയോ മനസ്സുടക്കിയതുപോലെ തോന്നി. അതുകൊണ്ടാവാം കുറച്ചുഭാഗം താല്പര്യപൂർവം വായിച്ചു, പിന്നെ മടക്കി തലയിണയുടെ മുകളിൽ വച്ചു.
'ഞങ്ങളെപ്പോലുള്ള പാട്ടുകാർക്ക് ഇതോണ്ട് വല്യ ഗുണം ഒന്നൂല്ല. വെറുതെ വായിക്കാൻ കൊള്ളാം.'
'ഞാനും അതേ ഉദ്ദേശിച്ചിട്ടുള്ളൂ ജയേട്ടാ.'
അതിൽ ഞാൻ നിർത്തി. സംഗീത നിരൂപണം അങ്ങേയറ്റം ക്ലേശംപിടിച്ച ജോലിയാണെന്നും ലോകസംഗീതത്തിലുള്ള പരിചയത്തിനു പുറമേ സകല കലാരൂപങ്ങളിലുള്ള അഭിരുചിയും ഇതിൽ അനിവാര്യമാണെന്ന യാഥാർഥ്യവും ഞാൻ വിശദീകരിച്ചില്ല. കാരണം ജയേട്ടൻ അതിലൊന്നും പ്രാധാന്യം കല്പിക്കുന്ന പ്രകൃതക്കാരനല്ല. എങ്കിലും പാശ്ചാത്യ സംഗീതത്തിൽ ജയേട്ടനെ ഓർമിപ്പിക്കുന്ന ചില ഗായകരെപ്പറ്റി സൂചിപ്പിക്കാതിരിക്കുന്നതെങ്ങനെ? അതുകൊണ്ടാണ് ബ്രിട്ടിഷ് പോപ് ഗായകനായ എംഗൽബർട്ട് ഹംപർഡിങ്ക്, മെക്സിക്കൻ പാട്ടുകാരനായ ജോസ് ജോസ്, ഫ്രഞ്ചുകാരനായ ഷാൾ അസ്നവൂർ എന്നിവരെ എടുത്തുകൊണ്ടുവരാൻ ബോധപൂർവം ശ്രമിച്ചത്. കേൾക്കുമെന്നു കരുതിയിട്ടല്ലെങ്കിലും ജയേട്ടനുമായി ഏറ്റവും യോജിച്ചുനിൽക്കുന്ന ഹംപർഡിങ്ക് പാടിയ 'പ്ലീസ് റിലീസ് മീ', 'എ മാൻ വിതൗട് ലവ്', 'സ്പാനിഷ് ഐ' തുടങ്ങിയ ചില ജനപ്രിയ ഗാനങ്ങളും തഞ്ചത്തിൽ സൂചിപ്പിച്ചു.
ഈ 'പാണ്ഡിത്യപ്രദർശനം' ജയേട്ടനു മുന്നിൽ ഒട്ടും വിലപ്പോയില്ല. എന്നാലും കരുണയുടെ സാന്ദ്രതയിൽ നേരിയ വ്യത്യാസമുണ്ടായി. ജയേട്ടൻ അല്പം അയഞ്ഞു, പതിയെ സൗഹൃദഭാവത്തിലേക്കു പരിവർത്തനപ്പെട്ടു. ഇതുതന്നെ തരം. എഴുതാൻ പാകത്തിൽ വല്ലതും തടയുമോ എന്നു നോക്കാം. ഞാൻ കരുതലോടെ സംഗീതത്തിലേക്കു വർത്തമാനത്തെ തിരിച്ചുവിട്ടു. റഫിയുടെയും ജാനകിയമ്മയുടെയും കടുത്ത ഭക്തനായ ജയേട്ടന് പ്രിയമുള്ള ശാസ്ത്രീയ ഗായകർ ഓരോന്നായി വെളിയിൽ വന്നു. മദിരാശിക്കാലങ്ങളിൽ കേട്ടുതള്ളിയ കച്ചേരികളുടെ ഓർമയിൽ സുബ്ബുലക്ഷ്മിയും ബാലമുരളീകൃഷ്ണയും ഡോ.രാമനാഥനും നെടുനൂരി കൃഷ്ണമൂർത്തിയും മദുരൈ സോമസുന്ദരവും ഉൾപ്പെട്ടിരുന്നു അവരെ വലിയ പീഠങ്ങളിൽ അവരോധിക്കുമ്പോഴും സിനിമയിൽ പാടാൻ ഇതൊന്നും ആവശ്യമേയല്ല എന്ന പക്ഷത്തിൽ ജയേട്ടൻ ഉറച്ചുനിന്നു.
'പാടാനുള്ള കഴിവ് ദൈവം തരുന്നതാണ്. പഠിച്ചതുകൊണ്ടുമാത്രം ഈ കഴിവ് കിട്ടില്യ. സംഗീതം അറിഞ്ഞുകൂടാത്ത എത്രയോ പേർ നന്നായി പാടുന്നുണ്ട്. ഒരു പരിധിക്കപ്പുറം ശാസ്ത്രീയം പഠിച്ചാലും കുഴപ്പമാണ്. പാട്ടിൽ ഭാവം കൊണ്ടുവരാൻ സാധിക്കില്ല. സ്കെയിൽ വച്ച് നിങ്ങൾക്ക് ഒരു കിളിയെ വരയ്ക്കാൻ കഴിയോ? ഒരു മരം വരയ്ക്കാൻ കഴിയോ? സംഗീതം പ്രകൃതിയാണ്. പാട്ടുകാരൻ പ്രകൃതിപ്പോലെ സ്വതന്ത്രനായിരിക്കണം. അപ്പഴേ പാട്ട് നന്നാവൂ. കേൾക്കാൻ ഒരു സുഖോണ്ടാവുള്ളൂ.'
ഇപ്പറഞ്ഞതിനെ സ്ഥാപിച്ചെടുക്കാനായി ജയേട്ടൻ ഒരു അനുഭവകഥയും എടുത്തുകൊണ്ടുവന്നു.
'പണിതീരാത്ത വീടിന്റെ കമ്പോസിങ് നടന്നുകൊണ്ടിരിക്കുന്ന സമയം. എം.എസ്.വിശ്വനാഥനെ പരിചയപ്പെടാനും സഹായിയായി പ്രവർത്തിക്കാനും ആഗ്രഹിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ സ്റ്റുഡിയോയിൽ വന്നു. മദിരാശിയിലെ കേൾവികേട്ട സംഗീതവിദ്വാൻ എഴുതിക്കൊടുത്ത ശുപാർശക്കത്തിനെ തള്ളാൻ എംഎസ്‌വിക്കും സാധിക്കുമായിരുന്നില്ല. അദ്ദേഹം യുവാവിന്റെ സംഗീതജ്ഞാനം പരീക്ഷിക്കാൻ തീരുമാനിച്ചു. 'നീലഗിരിയുടെ' ഈണം പെട്ടിയിൽ പിടിച്ചു.
'തമ്പീ, ഇതെന്ന രാഗംന്ന് തെരിയുമാ?'
'മോഹനം.' യുവാവിന് തെല്ലും സന്ദേഹമുണ്ടായില്ല.
എംഎസ്‌വി അടുത്ത നമ്പർ ഇറക്കി.
'മോഹനരാഗത്തിലെ ഏതാവത് കീർത്തന പാട്. പല്ലവി മട്ടും പോതും.'
അയാൾ ഉൽസാഹത്തോടെ 'കാപാലി, നനു പാലിംപ, നിന്നു കോരി, സദാ പാലായ' എന്നിങ്ങനെ ചിലതൊക്കെ പാടി.
'വെരി ഗുഡ്. ഇനി നീങ്ക ഇതെ കൊഞ്ചം കേട്ടുപാറുങ്കെ.'
എം.എസ്.വി. നീലഗിരിയുടെ മുഴുവനായും പാടി. പിന്നെ ഒരു ചോദ്യം-
'ഇന്ത പാട്ടുക്കും അന്ത കീർത്തനക്കും എന്ന സംബന്ധം?'
ചെറുപ്പക്കാരൻ ഉത്തരമില്ലാതെ പൊള്ളി വിയർത്തു.
'തമ്പീ, ഉനക്ക് കർണാടക സംഗീതത്തിലെ റൊമ്പ ജ്ഞാനം ഇറുക്ക്. സിനിമാസംഗീതം ഇതില്ല. അത് വേറെ. ആനാ, നീങ്ക സിനിമാവില വേല ചെയ്യണംന്നാ ഇതുവരെ പഠിച്ചതെല്ലാമേ മറന്തിടണം. ഉന്നാലെ അത് മുടിയുമാ? നീ നല്ല യോജനപണ്ണി ചൊല്ല്.'
സങ്കടക്കയത്തിൽ അകപ്പെട്ട അയാൾ ദീനതയോടെ എംഎസ്‌വിയെ താണുതൊഴുതു. പിന്നെ വാതിൽ തുറന്ന് പുറത്തേക്കു പോയി.
കഥ കഴിഞ്ഞതേ ജയേട്ടൻ പറഞ്ഞു-
'താൻ ഇനി എഴുതുമ്പോ ഇതൂടി ചേർക്കണം. ഒളിക്കേണ്ട, പാലിയത്ത് ജയചന്ദ്രൻ പറഞ്ഞതാണെന്നു തന്നെ എഴുതിവച്ചോളൂ. പുതിയ കുട്ട്യോളും മനസ്സിലാക്കട്ടെ. പാട്ട് തനിയേ വരേണ്ടതാണ്. അച്ഛനമ്മമാരും അറിയണം. കുട്ട്യോളെ ബലംപ്രയോഗിച്ച് പാട്ടുകാരാക്കാൻ ശ്രമിക്കരുത്. നന്നാവില്യ.'
ജയേട്ടൻ പറഞ്ഞതത്രയും ഞാൻ സമ്മതിച്ചുകൊടുത്തെങ്കിലും ജയേട്ടനെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ ഒരു വാദം ഞാൻ ഉയർത്തിയിട്ടില്ല. കാരണം ജയേട്ടൻ പാടിയ പതിനാറായിരത്തോളം ഗാനങ്ങൾതന്നെ ഈ സത്യം നിരന്തരം വിളിച്ചു പറയുന്നുണ്ടല്ലോ.
(കവിയും ഗാനരചയിതാവുമായ ലേഖകൻ മഹാരാജാസ് കോളേജിൽ പ്രഫസറാണ്.)