വൻകിട കമ്പനികൾ അടക്കി വാണിരുന്ന കസെറ്റ് ലോകം, ഒളിഞ്ഞും തെളിഞ്ഞും സാന്നിധ്യമറിയിച്ച് ചെറു ലേബലുകളും! കഥ തുടരുന്നു...

Mail This Article
തിരുവന്തപുരത്തുനിന്ന് 'തരംഗിണി'യും എറണാകുളത്തുനിന്ന് 'രഞ്ജിനി'യും 'നിസരി'യും മലയാളസംഗീതവ്യവസായത്തിൽ തനതുവഴികളുമായി മുൻപോട്ട് പോകുമ്പോൾ അതുവരെ ആ മേഖല കുത്തകയാക്കി വച്ചിരുന്ന ഗ്രാമഫോൺ കമ്പനിയും തങ്ങളുടെ സാന്നിധ്യം ഒളിഞ്ഞും തെളിഞ്ഞും ഇടയ്ക്കിടെ അറിയിച്ചുകൊണ്ടിരുന്നു. 'ആ രാത്രി, 'ഓളങ്ങൾ', 'ചിരിയോ ചിരി', 'പിൻ നിലാവ്', 'തൃഷ്ണ', 'എങ്ങനെ നീ മറക്കും', 'പടയോട്ടം', 'സഞ്ചാരി' എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളിലെ പാട്ടുകൾ എച്ച്എംവിയിലൂടെയാണ് പുറത്തിറങ്ങിയത്. 1985 വരെ എച്ച്എംവി മലയാളത്തിൽ ഒരു സജീവസാന്നിധ്യമായിരുന്നു.

എൺപതുകളുടെ തുടക്കം മുതലേ വൻകിടലേബലുകൾ മാത്രമായിരുന്നു വിപണിയുടെ മുഖ്യധാരയിലുണ്ടായിരുന്നതെങ്കിലും, ചെറിയ ചില മ്യൂസിക് കമ്പനികൾ കൂടി സിനിമാപ്പാട്ടുകൾ ശ്രോതാക്കളിലെത്തിച്ചുകൊണ്ട് കേരളത്തിലുണ്ടായിരുന്നു. അവയിൽ മിക്കതും ഇപ്പോൾ നിലവിലില്ല. അവയെക്കുറിച്ച് ലഭ്യമായ വിവരങ്ങളും തുച്ഛമാണ്. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞ വിവരങ്ങൾ പങ്കുവയ്ക്കാം.

തൃശൂരിൽ നിന്നും 1983-84 കാലഘട്ടത്തിൽ 'ആൽഫ ഇലക്ട്രോണിക്സ്' എന്നൊരു ലേബൽ ചില സിനിമകളുടെ പാട്ടുകൾ കസെറ്റുകളായി പുറത്തിറക്കിയിട്ടുണ്ട്. 'കൃഷ്ണാ ഗുരുവായൂരപ്പാ', 'ഈ യുഗം', 'കിങ്ങിണിക്കൊമ്പ്' തുടങ്ങി ഏതാനും ചിത്രങ്ങളിലെ ഗാനങ്ങളാണ് അവർ റിലീസ് ചെയ്തിട്ടുള്ളത്. 'അമ്മേ നാരായണാ' പോലെ മലയാളത്തിൽ നിന്നും തമിഴിലേക്കു മൊഴി മാറ്റിയ ചിത്രങ്ങളിലെ പാട്ടുകളും 'ആൽഫ ഇലക്ട്രോണിക്സ്' വിപണിയിലെത്തിച്ചിട്ടുണ്ട്. പാട്ടുകളും സിനിമകളും വലിയ വിജയമാകാത്തതുകൊണ്ടാണോ അതോ വിതരണത്തിലെ അപാകതകൊണ്ടാണോ എന്നറിയില്ല, 'ആൽഫ'യുടെ കസെറ്റുകൾ അധികമെവിടെയും കാണാറില്ല. സിനിമാഗാനങ്ങൾക്കു പുറമെ ഭക്തിഗാനങ്ങളും അവർ പുറത്തിറക്കിയിട്ടുണ്ട്. റിലീസ് ചെയ്തിട്ടുള്ള എല്ലാ കസെറ്റുകളിലും ലേബലിന്റെ ഉടമയായ ആൽഫ രമേശിന്റെ ചിത്രവും അവർ ചേർത്തിട്ടുണ്ട്. നിലവാരം കുറഞ്ഞ ടേപ്പുകളിൽ പാട്ടുകൾ ആലേഖനം ചെയ്തിരുന്നതിനാൽ 'ആൽഫ ഇലക്ട്രോണിക്സ്' റിലീസ് ചെയ്ത പാട്ടുകൾ നിലവിൽ നല്ല രീതിയിൽ ലഭ്യമല്ല.

'നവോദയ' കുടുംബത്തിൽനിന്നും സംഗീതവിപണിയിലെത്തിയൊരു ലേബലാണ് 'Arion Music'. 'നവോദയ' നിർമ്മിച്ച 'മൈ ഡിയർ കുട്ടിച്ചാത്തനി'ലെ പാട്ടുകളാണ് അവർ ആദ്യം പുറത്തിറക്കിയത്. പിന്നീട് 'ഒന്ന് മുതൽ പൂജ്യം വരെ', 'ചേക്കേറാനൊരു ചില്ല', 'അങ്ങാടിക്കപ്പുറത്ത്', 'അടുത്തടുത്ത്', 'അയനം', 'അക്കച്ചീടെ കുഞ്ഞുവാവ' തുടങ്ങി ഇരുപതിനടുത്ത് ചിത്രങ്ങളിലെ പാട്ടുകൾ വൈനൽ റെക്കോർഡുകളായും കസ്സെറ്റുകളായും 'Arion' റിലീസ് ചെയ്‌തിട്ടുണ്ട്. ഉടമസ്ഥർ ആലപ്പുഴ സ്വദേശികളായിരുന്നെങ്കിലും എറണാകുളത്തുള്ള പുല്ലേപ്പടിയിലായിരുന്നു സ്ഥാപനമെന്ന് കസ്സെറ്റുകളിലെ മേൽവിലാസത്തിൽ നിന്നും വ്യക്തമാണ്. ഏതാനും സിനിമേതരഗാനങ്ങളും 'Arion' ശ്രോതാക്കളിലെത്തിച്ചിട്ടുണ്ട്.

ഏതാണ്ടിതേ കാലയളവിൽ എറണാകുളത്തുനിന്നും സിനിമാഗാനങ്ങൾ റിലീസ് ചെയ്ത രണ്ട് ലേബലുകളാണ് 'സരിഗ'യും 'ഭാരതും'.

സിദ്ദീഖ്-ലാൽ ടീം ആദ്യമായി കഥയും തിരക്കഥയുമെഴുതിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ', മുൻ എം.പി.സെബാസ്റ്റ്യൻ പോൾ പാട്ടെഴുതിയ ഒരേയൊരു ചിത്രമായ 'കാണാതായ പെൺകുട്ടി' എന്നീ ചിത്രങ്ങളുൾപ്പെടെ പത്തിനടുത്ത് ചിത്രങ്ങളിലെ പാട്ടുകൾ 'സരിഗ' കസെറ്റായി പുറത്തിറക്കിയിട്ടുണ്ട്. 'സരിഗ അബു' എന്നറിയപ്പെടുന്ന അബൂബക്കറായിരുന്നു 'സരിഗ'യുടെ ഉടമ. ധാരാളം ഭക്തിഗാനങ്ങളും കഥാപ്രസംഗങ്ങളും മറ്റും 'സരിഗ'യിലൂടെ വിപണിയിലെത്തിയിട്ടുണ്ട്.

എറണാകുളം കലൂർ ആസ്ഥാനമായുള്ള മറ്റൊരു കസെറ്റ് ലേബലായിരുന്നു 'ഭാരത് മ്യൂസിക്'.
ഐ.വി.ശശി സംവിധാനം ചെയ്ത '1921', സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ലാൽ അമേരിക്കയിൽ' തുടങ്ങി ഏതാനും ചിത്രങ്ങളിലെ പാട്ടുകൾ നൂറുദ്ദീന്റെ ഉടമസ്ഥതയിലുള്ള 'ഭാരത് മ്യൂസിക്കാ'ണ് 1980കളിൽ റിലീസ് ചെയ്തത്.
അക്ഷരനഗരിയായ കോട്ടയത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട റെക്കോർഡിങ് സ്റ്റുഡിയോ ആയിരുന്നു 'പിരമിഡ് റെക്കോർഡിങ് സ്റ്റുഡിയോ'. ഒരു കാലത്ത് മലയാളത്തിൽ അറിയപ്പെടുന്ന ചില ചിത്രങ്ങൾ നിർമിച്ചിരുന്ന, വിദേശത്തെ വലിയൊരു ബിസിനസ് ശൃഖലയായ 'തോംസൺ ഗ്രൂപ്പി'ന്റെ നേതൃത്വത്തിലാണ് ആ സ്റ്റുഡിയോ ആരംഭിച്ചത്. എരുമേലി സ്വദേശിയായ തോമസും ചെങ്ങന്നൂർ സ്വദേശിയായ സണ്ണിയുമായിരുന്നു 'തോംസൺ ഗ്രൂപ്പി'ന്റെ അമരക്കാർ. 'പിരമിഡ്' ലേബലിൽ 'മിഴിയോരങ്ങളിൽ', 'കരിമ്പിൻ പൂവിനക്കരെ', 'അഭയം തേടി' എന്നിങ്ങനെ പത്തോളം സിനിമയിലെ പാട്ടുകളും കുറേ ചലച്ചിത്രശബ്ദരേഖകളും ഭക്തിഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. (തമിഴിലെ 'പിരമിഡ്' ലേബലും' ഈ 'പിരമിഡു'മായി ഒരു ബന്ധവുമില്ല)

'പിരമിഡ് റെക്കോർഡിങ് സ്റ്റുഡിയോ' പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഏതാനും വർഷങ്ങളായി. ആ ലേബലിൽ പിന്നീട് പാട്ടുകൾ ഇറങ്ങിയിട്ടുമില്ല.
പ്രിയദർശൻ സംവിധാനം ചെയ്ത് 1988ൽ തിയറ്ററിലെത്തിയ 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' എന്ന ചിത്രത്തിലെ പാട്ടുകളുമായി വിപണിയിലെത്തിയ പുതിയൊരു കമ്പനിയായിരുന്നു 'പോളിക്രോം (Polychrome)'. മുൻമന്ത്രിയായിരുന്ന പി.എസ്.ശ്രീനിവാസന്റെ മകനായ അജിത്തായിരുന്നു 'പോളിക്രോമി'ന്റെ ഉടമ. തിരുവനന്തപുരം കേന്ദ്രമാക്കിയാണ് ആ മ്യൂസിക് കമ്പനി പ്രവർത്തിച്ചിരുന്നത്.

'അക്കരെയക്കരെയക്കരെ', 'അഭിമന്യു', 'കിലുക്കം', 'നമ്പർ 20 മദ്രാസ് മെയിൽ', 'മൂന്നാംപക്കം', 'വൈശാലി', 'വേനൽക്കിനാവുകൾ', 'ഗുരു' എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ 'പോളിക്രോമി'ലൂടെയാണ് റിലീസായത്. കെ.പി.എ.സി യുടെ നാടകഗാനങ്ങളും 'സപ്തസ്വര'എന്ന ലേബലിൽ സലിൽ ചൗധരിയുടെ സിനിമേതരഗാനങ്ങളും (സുവർണ്ണരേഖ) 'പോളിക്രോം' ആസ്വാദർക്ക് നൽകിയിട്ടുണ്ട്.
ഗായകൻ ശ്രീനിവാസ് ഈണമൊരുക്കിയ 'സീതാകല്യാണം' എന്ന സിനിമയിലെ പാട്ടുകളാണ് 'പോളിക്രോം' ലേബലിൽ അവസാനമിറങ്ങിയ കസെറ്റ്.

പൊന്നാനി സ്വദേശിയായ ശശി ഗോപാൽ ഉടമയായ 'മാഗ്നാസൗണ്ട്' എന്ന ലേബൽ മുംബൈയിലാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും 1989ൽ 'അധിപനി'ലെ ഗാനങ്ങൾ റിലീസ് ചെയ്തുകൊണ്ട് മലയാളസംഗീതവിപണിയിൽ പുതിയൊരു തരംഗത്തിന് തുടക്കം കുറിച്ചു. അത് വരെ കസെറ്റുകൾക്കു പൊതുവെ കാണാറുണ്ടായിരുന്ന ചില്ല് കവറുകൾക്ക് പകരം 'ബുക്ക് I C ' എന്നറിയപ്പെട്ടിരുന്ന പ്ലാസ്റ്റിക് കവറുകൾ 'മാഗ്നാസൗണ്ടാ'ണ് 'അധിപനി'ലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയത്. സിനിമാഗാനങ്ങളിൽ 'അധിപനാ'ണ് ആദ്യം റിലീസ് ചെയ്തതെങ്കിലും ശങ്കരൻ എമ്പ്രാന്തിരിയുടെ കഥകളിപ്പദങ്ങളും പഞ്ചവാദ്യവുമെല്ലാം 'മാഗ്നാസൗണ്ട്' അതിനുമുന്നേ കസെറ്റായി റിലീസ് ചെയ്തിട്ടുണ്ട്.

1989ൽ 'അധിപൻ' റിലീസ് ചെയ്തെങ്കിലും 1993ലെ 'മിഥുനം'-'പ്രവാചകൻ' കോംബോയിലൂടെയാണ് 'മാഗ്നാസൗണ്ട്' മലയാളത്തിൽ സജീവമായത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമാ-സിനിമേതതരസംഗീതരംഗത്ത് ആധിപത്യം പുലർത്തിയിരുന്ന 'മാഗ്നാസൗണ്ട്' പ്രശസ്ത അമേരിക്കൻ റെക്കോർഡ് ലേബലായ 'Warner Recordsന്റെ ഇന്ത്യയിലെ വിതരണാവകാശിയായിരുന്നു. 'മാഗ്നാസൗണ്ട്' ഒരു മലയാളലേബൽ അല്ലെന്ന തോന്നൽ ആസ്വാദകർക്കുണ്ടാകുവാൻ കാരണവും അതായിരിക്കാം.
'തേന്മാവിൻ കൊമ്പത്ത്', 'പരിണയം', 'പൂനിലാമഴ', 'ബന്ധുക്കൾ ശത്രുക്കൾ', 'പവിത്രം', 'ദേവാസുരം', 'തെങ്കാശിപ്പട്ടണം' എന്നിങ്ങനെ നിരവധി ഹിറ്റുകൾ 'മാഗ്നാസൗണ്ട്' വിപണിയിലെത്തിച്ചു. 2003ൽ 'മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും' എന്ന ചിത്രത്തിലെ പാട്ടുകളാണ് 'മാഗ്നാസൗണ്ടി'ന്റേതായി ഒടുവിലിറങ്ങിയ കസെറ്റ്. അപ്പോഴേക്കും 'ബുക്ക് I C ' കവറുകളിൽനിന്നും പുതിയൊരുതരം ഗ്ളാസ് കവറുകളിലേക്ക് 'മാഗ്നാസൗണ്ട്' കസെറ്റുകൾ മാറിയിരുന്നു.

1983ൽ പീർ മുഹമ്മദ് പാടിയ 'മലർക്കൊടി' എന്ന മാപ്പിളപ്പാട്ടുകൾ പുറത്തിറക്കിക്കൊണ്ട് സംഗീതവിപണിയിലെത്തിയ 'സെഞ്ച്വറി' എന്ന ലേബൽ 'മഴവിൽക്കാവടി'യിലെ ഗാനങ്ങൾ വിതരണം ചെയ്തുകൊണ്ട് 1989ൽ സിനിമാപിന്നണിരംഗത്തുമെത്തി. 'സാന്ദ്രം', 'കളിക്കളം', 'തലയണമന്ത്രം', 'പരമ്പര', 'പട്ടണത്തിൽ സുന്ദരൻ', 'അപരിചിതൻ' എന്നിങ്ങനെ മറ്റ് ചില ചിത്രങ്ങളുടെയും പാട്ടുകൾ 'സെഞ്ച്വറി'യിലൂടെയാണ് പുറത്തിറങ്ങിയത്. സിനിമയിൽ നിർമ്മാണം, സംവിധാനം, കഥ, തിരക്കഥ എന്നീ രംഗംങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പെരുമ്പാവൂർ സ്വദേശിയായ മമ്മി സെഞ്ച്വറിയാണ് 'സെഞ്ച്വറി'യെന്ന ലേബലിന്റെ ഉടമ.
1980കളിൽ എച്ച്എംവിയെക്കൂടാതെ കേരളത്തിനു പുറത്തുള്ള കുറച്ച് ലേബലുകളും മലയാളസിനിമാഗാനങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. ഇളയരാജയുടെ പാട്ടുകൾ പ്രധാനമായും റിലീസ് ചെയ്തിരുന്ന ചെന്നൈയിലെ 'എക്കോ'യെന്ന മ്യൂസിക് ലേബൽ 'മംഗളം നേരുന്നു', 'കാവേരി', 'യുദ്ധം', 'നാണയം', 'ഗീതാഞ്ജലി (ഡബ്ബിങ്)' എന്നീ സിനിമകളിലെ പാട്ടുകൾ ആ കാലയളവിൽ ഇവിടെ പുറത്തിറക്കിയിരുന്നു. ചെന്നൈയിൽ നിന്ന് തന്നെ 'ദ് മാസ്റ്റർ റെക്കോർഡിങ് കമ്പനി' അവരുടെ ലേബൽ ആയ 'സംഗീത'യിലൂടെ 'ഒരു സ്വകാര്യം', 'തത്തമ്മേ പൂച്ച പൂച്ച' എന്നിങ്ങനെ ഏതാനും ചിത്രങ്ങളുടെ റെക്കോർഡുകളും കസെറ്റുകളും റിലീസ് ചെയ്തപ്പോൾ തമിഴിലെ പ്രമുഖ ലേബലായ AVM ഇരുപതിനടുത്ത് മലയാളചിത്രങ്ങളുടെ പാട്ടുകളും പുറത്തിറക്കിയിരുന്നു. 'തേനും വയമ്പും', 'ധീര', 'ഹിമം' എന്നിവയൊക്കെ AVM ആണ് മാർക്കറ്റിലെത്തിച്ചത് .

അതുപോലെ ബോളിവുഡ് സിനിമാഗാനങ്ങൾ പുറത്തിറക്കിയിരുന്ന 'വെസ്റ്റേൺ' എന്ന ലേബൽ 'അഥർവം', 'ഓർമക്കുറിപ്പ്', 'രഹസ്യത്തെ പരമരഹസ്യം' തുടങ്ങി എട്ട് സിനിമകളിലെ പാട്ടുകൾ മൂന്ന് കസെറ്റുകളിലായി മ്യൂസിക് ഷോപ്പുകളിലെത്തിച്ചു. ഹിന്ദിയിലെ പ്രമുഖ മ്യൂസിക് കമ്പനിയായ ടി-സീരീസ് മലയാളത്തിലേക്ക് മൊഴിമാറ്റിയ 'ഭക്തമാർക്കണ്ഡേയൻ' എന്നൊരു ചിത്രത്തിന്റെ റെക്കോർഡും കാസെറ്റും 1986ൽ കേരളത്തിൽ റിലീസ് ചെയ്തു.

സിനിമാസംഗീതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ച തൊണ്ണൂറുകളുടെ തുടക്കത്തിൽ ജോണി സാഗരിഗ, സെപ്ട്യൂൺ, വിൽസൺ ഓഡിയോസ്, സർഗം കസെറ്റ്സ്, ട്രേസ് കസെറ്റ്സ് എന്നിങ്ങനെ നിരവധി മ്യൂസിക് ലേബലുകൾ മലയാളത്തിൽ സിനിമാഗാനങ്ങൾ റിലീസ് ചെയ്തുതുടങ്ങി. അവയുടെ തുടക്കവും വളർച്ചയും അടുത്ത 'പാട്ടുവട്ട'ത്തിൽ.