മുംബൈ തെരുവിൽ പാട്ടുമേളവുമായി കനേഡിയൻ ഗായകൻ ഷോൺ മെൻഡസ്

Mail This Article
മുംബൈയിലെ തെരുവോരങ്ങളിൽ ഹിറ്റ് ഗാനം ‘സെനോരീറ്റ’ പാടി കനേഡിയൻ ഗായകൻ ഷോൺ മെൻഡസ്. ലോകഗായകർ ഒന്നിച്ച ലൊല്ലപ്പലൂസയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയതായിരുന്നു ഷോൺ. മുംബൈ നഗരത്തിൽ ആവേശത്തിരയിളക്കി 2 ദിവസം നീണ്ടുനിന്ന പാട്ടുമാമാങ്കം ഞായറാഴ്ച സമാപിച്ചു.
സംഗീത വിരുന്നിനു മുൻപായിരുന്നു തെരുവുകളിൽ ഷോണിന്റെ പാട്ടുമേളം. തന്റെ ഹിറ്റ് ഗാനമായ സെനോരീറ്റയുടെ അൺപ്ലഗ്ഡ് പതിപ്പാണ് ഗായകൻ അവതരിപ്പിച്ചത്. ഗിറ്റാറുമായി തെരുവിൽ മുട്ടുകുത്തി ഇരുന്ന് ഗാനം ആലപിക്കുന്ന ഷോണിനെ ദൃശ്യങ്ങളിൽ കാണാനാകും. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേര്‍ പാട്ട് ആസ്വദിച്ച് ഗായകനു ചുറ്റും നിൽക്കുന്നു. ഇതിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകമാണു വൈറലായത്. നേരത്തേ മുംബൈയിൽ ഷോപ്പിങ്ങിന് ഇറങ്ങിയ ഷോൺ മെൻഡസിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സൗത്ത് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സിൽ നടന്ന ലോല്ലാപ്പലൂസ ഇന്ത്യയുടെ മൂന്നാം പതിപ്പിൽ ഷോൺ മെൻഡസ് അവതരിപ്പിച്ച സംഗീതപരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രീറ്റ് യു ബെറ്റർ, ദെയർ ഈസ് നത്തിങ് ഹോൾഡിൻ മി ബാക്ക്, ഇൻ മൈ ബ്ലഡ് തുടങ്ങി രാജ്യാന്തര തലത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഗായകനാണ് 26 കാരനായ ഷോൺ മെൻഡസ്.