മലയാളി എന്നാ സുമ്മാവാ...; റിയാലിറ്റി ഷോയിലെ പരിധി കടന്ന പരിഹാസം, വായടപ്പിച്ച് മറുപടി; റാപ്പ് ട്രെൻഡിങ്ങിൽ

Mail This Article
ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ ഹാസ്യനടൻ ജസ്‌പ്രീത് സിങ് "കേരള സാർ, 100% ലിറ്ററസി സർ" എന്ന് പരിഹാസ രൂപേണ പറഞ്ഞത് വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ജസ്‌പ്രീതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ മലയാളികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ അതേ വാക്കുകൾ ഉപയോഗിച്ച് പരിഹാസ രൂപേണ ഒരു ഗാനം ഒരുക്കിയിരിക്കുകയാണ് റാപ്പർ കെആർ. പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം പാട്ട് ആസ്വാദകർക്കിടയിൽ ചർച്ചയായി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകൾ കോർത്തിയിണക്കിയും മതസൗഹാർദത്തിന്റെ അടയാളങ്ങൾ ഉൾപ്പെടുത്തിയും വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുമാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രീയപരമായി ഇടത്തോട്ടോ വലത്തോട്ടോ ചരിഞ്ഞാലും അത് ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും കേരളീയർ 100% സാക്ഷരതയുള്ളവരാണ് എന്ന് ഗാനത്തിൽ പറയുന്നു. മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരാണ് കേരളീയർ എന്നും ലോകത്തുള്ള എല്ലാവരെയും ഒരേപോലെ സ്വീകരിക്കുന്നവരാണ് എന്നും വരികളിൽ പറഞ്ഞു പോകുന്നു. ഉയരം, ജാതി, മതം, ലിംഗ വ്യത്യാസങ്ങൾ എന്നിവയൊന്നും കേരളീയരുടെ ഇടയിലെ സൗഹൃദത്തിന് തടസ്സം ആകുന്നില്ലെന്നും അവർ എപ്പോഴും ഒറ്റക്കെട്ടാണെന്നും ഗാനം സംവദിക്കുന്നു. എല്ലാത്തരം ഭക്ഷണങ്ങളും ഒരുമിച്ച് കഴിച്ച് ആസ്വദിക്കുന്നവരാണെന്നും അത് ചെറുപ്പം മുതൽ ശീലിച്ചു പോകുന്നവരാണെന്നും ചെറുപ്പം മുതൽ കിട്ടിയിട്ടുള്ള ഈ ശീലങ്ങളിൽ ഒടുക്കം വരെ മാറ്റം വരുത്താത്തവരാണ് മലയാളികൾ എന്നും കെആർ കുറിക്കുന്നു. കാഴ്ചകൾ കാണാനും ആസ്വദിക്കാനും ആയി മറ്റു രാജ്യങ്ങളിലേക്കെങ്ങും പോകാതെ കേരളത്തിലേക്കു വരാനും ഇവിടുത്തെ രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും ഗാനത്തിലൂടെ എല്ലാവരെയും ക്ഷണിക്കുന്നുമുണ്ട്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക പേജിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ പാട്ട് ഇതിനകം ഇടം പിടിച്ചുകഴിഞ്ഞു.
സമയ് റെയ്ന അവതാരകനായി എത്തിയ പരിപാടിയിലായിരുന്നു ജസ്പ്രീത് സിങ്ങിന്റെ വിവാദപരാമർശം. മത്സരാർഥികളിൽ ഒരാളോട് തന്റെ രാഷ്ട്രീയ ചായ്‌വ് ചോദിച്ചതോടെയായിരുന്നു തുടക്കം. താൻ രാഷ്ട്രീയം ശ്രദ്ധിക്കാറില്ലെന്നും വോട്ട് ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി. ഇതോടെ വിധികർത്താക്കളായ യുട്യൂബർ രൺവീർ അല്ലാബാദിയ, അപൂർവ മുഖർജി, ആശിഷ് ചഞ്ച്ലാനി എന്നിവർ മത്സരാർഥിയെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതിനിടെയായിരുന്നു ജസ്പ്രീതിന്റെ വിമർശനം. തുടർന്ന് ശക്തമായ ഭാഷയിൽ 100% സാക്ഷരതയുള്ള മലയാളികൾ പ്രതികരിച്ചപ്പോൾ കൊമേഡിയനും ചുവടു തെറ്റി. നാക്കു പിഴയിൽ ജസ്പ്രീത് ഉൾപ്പെടെയുള്ളവർ ഖേദം പ്രകടിപ്പിച്ചിട്ടും മലയാളികളുടെ ദേഷ്യം അടങ്ങിയിട്ടില്ല എന്ന് വിളിച്ചു പറയുകയാണ് ഗാനത്തിലൂടെ.
കേരളത്തെ കളിയാക്കാൻ വേണ്ടി ഉപയോഗിച്ച വാചകത്തിലൂടെ അതിനെ ഒരു ബ്രാൻഡ് ആക്കാനാണ് വിഡിയോയിലൂടെ ശ്രമിച്ചിരിക്കുന്നത് എന്ന് ഉൾപ്പെടെയുള്ള കമന്റുകൾ ആരാധകർ രേഖപ്പെടുത്തുകയാണ്. ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം തിരുവനന്തപുരത്തെ പാളയം പള്ളിയുടെ മുൻപിൽ പൊങ്കാല അർപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ 'കേരള സാർ, 100% ലിറ്ററസി സർ' എന്ന ടാഗ് ലൈനിലൂടെ ശ്രദ്ധ നേടിയിരുന്നു.