ADVERTISEMENT

സിനിമയുടെ വ്യത്യസ്തമേഖലകളിൽ ശ്രദ്ധേയസംഭാവനകൾ നൽകിയ മലയാളത്തിന്റെ പ്രിയ കവി യൂസഫലി കേച്ചേരി ഓർമയായിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയാകുന്നു. കേച്ചേരിതൂലികയിൽ പിറന്ന സിനിമാഗാനങ്ങളുടെ എണ്ണം അറുനൂറ്റിയൻപതോളം വരും. "മൂടുപടം" (1963) മുതൽ "നിക്കാഹ്" (2015) വരെ നീളുന്നു ആ പാട്ടുകാലം. കേച്ചേരി ഗാനങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അദ്ദേഹമൊരു സംശയാലു ആയിരുന്നോ എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. കാരണം അദ്ദേഹത്തിന്റെ ഗാനങ്ങൾ നിരവധി സംശയങ്ങളാലും ചോദ്യങ്ങളാലും സമൃദ്ധമാണ്. ആദ്യ ചിത്രം മുതൽ അവസാനം വരെയത് പ്രകടമായി കാണാം. ചില കേച്ചേരി ഗാനങ്ങളിലൂടെ ഒരു കടന്നുപോക്ക്...

"അനുരാഗ ഗാനം പോലെ..

മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍ 

മധുമാസം വിരിയിച്ച മലരാണോ...? 

മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന 

മരതകമാണിക്യമണിയാണോ...? 

പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍ 

പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....? 

കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി 

കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ?.."

(ഉദ്യോഗസ്ഥ )

"ഇണക്കിളീ ഇണക്കിളീ..

നിന്മിഴിയിതളില്‍ നീലാഞ്ജനമോ

പ്രണയകാവ്യമോ? 

പൂങ്കവിളിണയില്‍ നറുകുങ്കുമമോ

രാഗപരാഗമോ?

മധുവോ മലരോ ഇണക്കിളീ? .."

(മിണ്ടാപ്പെണ്ണ് )

"തമ്പ്രാന്‍ തൊടുത്തത് മലരമ്പ്..

കരയില് പിടിച്ചിട്ട മീന്‍ പോലെ

കടക്കണ്ണ് തുടിക്കണതെന്താണ് ?

കാവിലെ പൂരം കാണാനോ

കരളിലെ തേവരെ പൂണാനോ ? .."

(സിന്ദൂരച്ചെപ്പ്)

"പതിനാലാം രാവുദിച്ചത് മാനത്തോ 

കല്ലായിക്കടവത്തോ?

പനിനീരിന്‍ പൂ വിരിഞ്ഞത് 

മുറ്റത്തോ.. കണ്ണാടി കവിളത്തോ ?.." 

(മരം) 

"മറിമാന്‍ മിഴിയുടെ മറിമായം.. 

മണ്‍കുടമേന്തി നീ നനച്ചതെന്‍ കരളിലെ

കനകവല്ലരിയാണോ പറയു?

പ്രണയവല്ലരിയാണോ?

വാലിട്ടെഴുതിയ കണ്ണില്‍ വിടര്‍ന്നത്

വാസന്തമലരാണോ പറയൂ

വാടാമലരാണോ?..

വാനിലെ കാര്‍മുകില്‍ മാലകള്‍ നിന്നുടെ

വാര്‍മുടിച്ചുരുളാണോ പറയു

വായ്ചിടുമിരുളാണോ?

ആറ്റിലെ കുഞ്ഞോളം അനുകരിപ്പതു നിന്‍

അരയന്ന നടയാണോ ..”

(പാതിരാവും പകല്‍വെളിച്ചവും)

"ഒരു മധുരിക്കും വേദനയോ കണ്ണുനീരിന്റെ പുഞ്ചിരിയോ

നീയാരോ നീയാരോ ?.." 

(കല്യാണപ്പന്തല്‍)

"പഞ്ചമിപ്പാലാഴി...

മലരമ്പനേന്തുന്ന മണിമലര്‍ക്കൊടിയോ....

മാധവമാസത്തിന്‍ നറുംതേനലയോ

വാര്‍മഴവില്ലോ മാണിക്യക്കല്ലോ

വര്‍ണ്ണക്കതിരോ...ആരോ നീ....

അനുരാഗപ്പൊയ്കയിലെ അരയന്നപ്പിടയോ...

ആരും കാണാത്ത വനചന്ദ്രികയോ

ആതിരക്കുളിരോ... കല്പകത്തളിരോ..."

(പഞ്ചമി)

"മലര്‍വെണ്ണിലാവോ മധുരക്കിനാവോ

മധുമാസരാവോ നീയാരോ?.."

(കാമധേനു)

"മധുരമധുരമെന്‍ ഹൃദയവീണയില്‍...

മൃദുല മൃദുലമായ് സ്വപ്നസീമയില്‍

വിടര്‍ന്നു വന്നതൊരു പൂവോ മുത്തോ പ്രിയതോഴീ?

ചെമ്പകമോ പ്രിയാ നിന്‍ ചുണ്ടിണയോ?

ചന്ദ്രികയോ പ്രിയാ നിന്‍ പുഞ്ചിരിയോ?

മനസ്സില്‍ വന്നു വസന്തം..

താമരയോ പ്രിയാ നിന്‍ മാനസമോ?

താരകയോ പ്രിയാ നിന്‍ വാര്‍മിഴിയോ?..”

(ചിരിക്കുടുക്ക)

"സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ 

സ്വപ്നം പീലി നീര്‍ത്തി നിന്നതോ 

ഈശ്വരന്റെ സൃഷ്ടിയില്‍ 

അഴകെഴുന്നതത്രയും 

ഇവിടെ ഒന്നു ചേര്‍ന്നലിഞ്ഞതോ?.." 

(വനദേവത )

"നിന്‍ മൃദുമൊഴിയില്‍ നറുതേനോ നീലമിഴിയില്‍ കരിമീനോ..?

മത്സഖീ.....മത്സഖീ നിന്നുടെ പൂങ്കവിളിണയില്‍

മഴവില്‍ക്കൊടിയോ... പൂങ്കൊടിയോ?...."

 (വനദേവത )

"പൂവിനു വന്നവനോ പൂവിലെ 

തേനിനു വന്നവനോ ?

കാണാൻ വന്നവനോ കയ്യിൽ 

നാണയമുള്ളവനോ?.." 

(നീതിപീഠം)

"വിലാസലതികേ നിന്നില്‍ വിടരും

സുഹാസമലരില്‍ തേനാണോ?

പരാഗമാണോ പരിമളമാണോ

പകല്‍ക്കിനാവാണോ?  .."

(രണ്ടു ലോകം)

"മംഗല്യത്താലിയിട്ട മണവാട്ടി..

മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ

മണിയറയില്‍ നീയും തനിച്ചാണോ?..

കുളിരും കൊണ്ടോടിവരും പൂന്തെന്നല്‍ പുല്‍കുമ്പോള്‍

തളിര്‍മരം കോപിക്കുമോ അതോ

താളത്തില്‍ ചാഞ്ചാടുമോ?

തിരമാലകൈനീട്ടി വാരിപ്പുണരുമ്പോള്‍

തീരത്തിനിഷ്ടമാണോ അതോ 

തീരാത്ത ശോകമാണോ?

മൃദുലാംഗുലികളാല്‍ തന്ത്രികള്‍ മീട്ടുമ്പോള്‍

മണിവീണ കേണിടുമോ അതോ

പൊട്ടിച്ചിരിച്ചീടുമോ?

പൂവിട്ടുപൂജിക്കാന്‍ പൂജാരിതൊടുന്നത്

ദേവിക്കുപരിഭവമോ അതോ

ദിവ്യമാമനുഭൂതിയോ?  .."

(രണ്ടു ലോകം)

"വെണ്ണയോ വെണ്ണിലാവുറഞ്ഞതോ?

വെളുത്തപെണ്ണേ നിന്റെ പൂമേനി

കവിതയോ കവിയുമിന്ദ്രജാലമോ?

കറുത്തകണ്ണില്‍ കണ്ട പൂന്തോണി  .."

(ഇതാ ഇവിടെ വരെ)

പാരിലിറങ്ങിയ താരങ്ങളോ പവിഴമല്ലിപ്പൂവുകളോ? 

പ്രകൃതീശ്വരിയുടെ മുടിയില്‍ പാറിയ 

പ്രകാശരേണുക്കളോ? നിങ്ങള്‍ പ്രസാദ ബിന്ദുക്കളോ?

പവനന്‍ ചാര്‍ത്തിയ ചിലങ്കകളോ പറന്നുപാടൂം കുരുവികളോ?

മധുമാസറാണിതന്‍ വീണയിലുണരും മനോജ്ഞസംഗീതമോ?

ഒരു മയൂരസന്ദേശമോ?

ശാലീനസിന്ദൂരപുഷ്പങ്ങളോ ശാരദസന്ധ്യാമേഘങ്ങളോ?

വാസരദേവത മാറില്‍ ചൂടിയ വൈഡൂര്യഹാരങ്ങളോ?

ദിവ്യവര്‍ണ്ണപരാഗങ്ങളോ?  .."

(ആ നിമിഷം )

"വിശ്വമോഹിനി ഹംസഗാമിനി..

മെയ്യിൽ തളിരാണോ പൂവാണോ? 

നിന്റെ നെഞ്ചിൽ കുളിരാണോ ചൂടാണോ?

ചിരിയിൽ മുത്താണോ അമൃതിൻ സത്താണോ?

മധുരാംഗി നിൻ മനസ്സിൽ പൂമധുവാണോ?..

(മധുരിക്കുന്ന രാത്രി)

"മാരകാകളി പാടിവരൂ..

പ്രിയന്റെ ചുണ്ടില്‍ തെളിയുവതെന്തേ

പൂനിലാവോ പുഞ്ചിരിയോ? .."

(പാവാടക്കാരി)

"കാമദേവന്റെ കളിച്ചെണ്ടോ?

കണ്മണീ നിന്‍ പൊന്‍‌ചുണ്ടോ? .."  

(പാവാടക്കാരി)

"മിനിസ്കർട്ട്കാരീ മിടുമിടുക്കീ നിന്റെ 

മിനുങ്ങുന്ന മേനിയിൽ ഞാൻ നഖചിത്രമെഴുതുമ്പോൾ 

നാണമോ മധുരിക്കും വേദനയോ?.."

(നിവേദ്യം)

"നൃത്തകലാദേവിയോ നീയൊരു

മത്തമയൂരമോ മലർക്കൊടിയോ?

മാനസപ്പൊയ്കയിലെ മണിഹംസമോ?

നീ മായാമരീചികയോ? .."

(അവൾ ജീവിക്കുന്നു )

"വിശ്വമോഹിനി ഹംസഗാമിനി..

മെയ്യിൽ തളിരാണോ പൂവാണോ? 

നിന്റെ നെഞ്ചിൽ കുളിരാണോ ചൂടാണോ?

ചിരിയിൽ മുത്താണോ അമൃതിൻ സത്താണോ?

മധുരാംഗി നിൻ മനസ്സിൽ പൂമധുവാണോ? .."

(മധുരിക്കുന്ന രാത്രി)

"ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ 

തോഴീ നിനക്കിരുന്നാടാനോ ? 

കളിത്തോഴനെയാട്ടാനോ ? .."  

(പുത്തരിയങ്കം)

"കാളിദാസ കാവ്യമോ ത്യാഗരാജ ഗീതമോ 

പെണ്‍വടിവിൽ വന്നത് എന്മനം കവർന്നത് ?.." 

(പുത്തരിയങ്കം)

"ചഞ്ചലാക്ഷിമാരെ ചെമ്പകാംഗിമാരെ

വാര്‍മുടിയില്‍ ചൂടുവാന്‍

വാസനപ്പൂ വേണമോ?

വാസന്തിപ്പൂ വേണമോ? .."

(പുത്തരിയങ്കം)

"മന്മഥറാണികളേ..

ലാവണ്യമൊഴുകും മഴവില്ലാണോ

ലഹരി വഴിയുമീ ദേഹം

മന്മഥന്‍ കൊളുത്തിയ തീനാളമാണോ

മനസ്സിലുണരുമീ മോഹം .."  

(ചക്രായുധം)

"മദാലസേ മനോഹരീ...

കവിളിൽ തന്നത് മധുവാണോ കമലപ്പൂവിൻ ദളമാണോ?.."

(മദാലസ)

"നീയെന്റെ ജീവനിലുണരുന്ന സംഗീതമോ

നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ

ഹൃദ്യസങ്കല്പമോ.... എന്റെ രോമാഞ്ചമോ

വാസന്തദേവതയോ? ..."

(മദാലസ)

"മുറുക്കിച്ചുവന്നതോ മാരന്‍ മുത്തി ചുവപ്പിച്ചതോ..

പൊട്ടി വിടര്‍ന്നത് പൂമുല്ലയാണോ മൊട്ടിട്ട മോഹം ആണോ? 

കാറ്റു കവര്‍ന്നത് കസ്തൂരി ആണോ കരളിലെ സ്നേഹം ആണോ?

കൈനാറി ആണോ കൈതപ്പൂ ആണോ കള്ളിപ്പെണ്ണേ നിന്‍ കിനാവാണോ? 

കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ പട്ടിളം മെയ്യില്‍ ആണോ?

തട്ടി എടുത്തത് താരമ്പന്‍ നിന്നുടെ തങ്ക പതക്കം ആണോ?

കരിവള ആണോ കാല്‍ത്തള ആണോ കന്നിപ്പെണ്ണേ നിന്‍ മനസ്സാണോ ? .."

 (ഈറ്റ)

"സ്വര്‍ഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ

സ്വപ്നാടനം ഈ സ്വപ്നാടനം.." 

(സായൂജ്യം)

"മുന്തിരിച്ചാറിനു ലഹരിയുണ്ടോ.."

മുന്തിരിച്ചാറിനു മധുരമുണ്ടോ മധുരമുണ്ടോ

പനിനീർപൂവിനു കാന്തിയുണ്ടോ?

പവിഴം വിരിയും നിൻ പുഞ്ചിരിയോളം

പൂവിനു കാന്തിയുണ്ടോ?

ഹേമന്തരാത്രിക്ക് കുളിരുണ്ടോ?

രാത്രിക്കു കുളിരുണ്ടോ? .."

(ഓര്‍മ്മയില്‍ നീ മാത്രം)

"അനുഭവങ്ങളേ നന്ദി..

കൽപന ഒരുക്കിയ മന്ദാരമാലകൾ 

കനകമെന്നേ കരുതി 

എടുക്കുവാൻ ചെന്നപ്പോൾ കൈവന്നതെന്തേ

കൊതിച്ചതോ....വിധിച്ചതോ?

സായംസന്ധ്യ തൻ സിന്ദൂരരേഖകൾ 

ശാശ്വതമെന്നേ കരുതി

നിമിഷങ്ങളകന്നപ്പോൾ കൈവന്നതെന്തേ 

പ്രകാശമോ..പാഴിരുളോ ? .."

(അനുഭവങ്ങളേ നന്ദി)

"പുഞ്ചിരിയോ പഞ്ചമിയോ പാലലയോ നിന്‍

പൂങ്കവിളോ കുങ്കുമമോ പൂങ്കുലയോ.."

(പിച്ചാത്തിക്കുട്ടപ്പൻ)

"മാരൻ കൊരുത്ത മാല..

ആനന്ദ കിരണമാണോ അധരം വിടർന്നതാണോ?

മീനിളകി നിന്നതാണോ മിഴി നീ തുറന്നതാണോ?

ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ?

ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ? .."

(അലാവുദ്ദീനും അല്‍ഭുതവിളക്കും) 

"ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ..

ഒളി ഇരവിനേകും മണിക്കവിളോ അതിൽ പ്രണയമെന്ന പൂവിതളോ ?

തങ്കക്കതിരാണോ തിങ്കൾ കുളിരാണോ മധുമാസം വിടർത്തുന്ന തളിരാണോ?

സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ സ്വർഗ്ഗ വിളക്കിലുണർന്ന പൊന്നൊളിയോ?

അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ മണിമാരൻ തൊടുക്കുന്ന ശരമാണോ? .."

(അലാവുദ്ദീനും അല്‍ഭുതവിളക്കും) 

"ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയില്‍

കണ്‍കവണക്കല്ലെറിഞ്ഞതാര്? മറിമായക്കാരനോ? മാരനോ?.."

(അലാവുദ്ദീനും അല്‍ഭുതവിളക്കും)

"സ്വര്‍ഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ

സ്വപ്നാടനം ?.." 

(സായൂജ്യം)

"അമ്പലക്കുളത്തിലെ ആമ്പല്‍ പോലെ

കണ്വാശ്രമത്തിലെ മാന്‍ പോലെ

അന്നൊരിക്കല്‍ ഞാന്‍ കണ്ട പെണ്‍കിടാവോ നീ

കൌമാരം കസവിട്ട പൂനിലാവോ ?..." 

(ശരപഞ്ജരം)

"ഈ താരുണ്യപ്പൂവിന്നു കൈ നീട്ടല്ലേ..

തളിരോ മലരോ ചൊടിയായി

ഇരവോ മുകിലോ മുടിയായി

പുളകം വിടരും തനുവോ തനുവോ?

ലളിത മധുര തരള സരള മൃദുല ലതികയോ? .."

(ലാവ)

" പ്രേമഗായകാ..

അങ്കം കുറിക്കുന്ന മിഴിയിലോ ? 

തങ്കം തിളങ്ങുന്ന കവിളിലോ ? 

ആദ്യത്തെ സമ്മാനം തന്നു നീ..

ഓളം തുളുമ്പുന്ന നദിയിലോ ? 

സ്നേഹം തുടിക്കുന്ന കരളിലോ ?..” 

(പാലാട്ടു കുഞ്ഞിക്കണ്ണന്‍) 

"ചഞ്ചലാക്ഷീ..

ചുണ്ടില്‍ മധുരം നിറയും മധുവോ സുധയോ

കണ്ണില്‍ ശരമോ മലരോ?

വിണ്ണില്‍ കനകം ചൊരിയും കവിളോ ശശിയോ

മെയ്യില്‍ തളിരോ കുളിരോ? .."

(പാലാട്ടു കുഞ്ഞിക്കണ്ണന്‍) 

"തുളുനാടന്‍ പട്ടുടുത്ത..

മാരനെ നീ കണ്ടുവോ മാറിലമ്പു കൊണ്ടുവോ

തങ്കത്തിന്‍ നിറമുള്ള മേനിയാണോ?

അങ്കം ജയിച്ചു വന്ന വീരനാണോ?

ഉള്ളം കവര്‍ന്നെടുക്കും ചോരനാണോ? .."

"(പാലാട്ടു കുഞ്ഞിക്കണ്ണന്‍) 

"പ്രണയം വിരിയും രാഗമിതേ..

പാര്‍വ്വണചന്ദ്രന്‍ ചൊരിയും കതിരോ?

പ്രാണസഖീ നിന്‍ മണിക്കവിളോ?

കാനനമലരോ കല്‍പ്പകത്തളിരോ?

മഴമുകിലഴകോ മലര്‍മുടിത്തഴയോ?

മദനസരോവരമോ ഓ മദനസരോവരമോ? .."

(ഹൃദയം പാടുന്നു) 

"സംഗീതമേ നിന്‍ പൂഞ്ചിറകില്‍ 

എന്നോമലാള്‍ തന്‍ കണ്ണീരോ 

വിട ചൊല്ലി പിരിയും വേദിയിതില്‍ 

വേദന വിടര്‍ത്തിയ പനിനീരോ?.." 

(മീൻ)

"ലില്ലിപ്പൂ ചൂടിവരും മേയ്മാസം..

പൂങ്കുയിലോ പൊന്നിലയോ ലീലാവല്ലകി മീട്ടി 

പഞ്ചമിയോ പുഞ്ചിരിയോ മഞ്ജുളമാല്യം നീട്ടി.."

(എന്നെ സ്നേഹിക്കൂ എന്നെ മാത്രം) 

"കൊഞ്ചും ചിലങ്കേ..

നിന്‍ ഹാസമോ പൂമാസമോ 

ലാവണ്യമേന്തിനിന്നൂ?

നിന്‍ നേത്രമോ തേന്‍പാത്രമോ 

ശൃംഗാരമേന്തി വന്നൂ?

പൊന്‍വല്ലിയോ നിന്‍ ചില്ലിയോ 

പൂങ്കാറ്റിലാടിനിന്നൂ?

വിണ്‍പുഷ്പമോ വെണ്‍ശില്‍പ്പമോ 

നിന്‍ മേനിയാരു തന്നൂ? .."

(ധന്യ) 

"ചുണ്ടോ ചെണ്ടോ സിന്ദൂര വര്‍ണ്ണമേന്തി 

കണ്ണോ വിണ്ണോ ശൃംഗാര കാന്തി ചിന്തി.." 

(ഇന്നല്ലെങ്കിൽ നാളെ)

"ഒരു വസന്തം വിരുന്നു വന്നു..

കരി വണ്ടിന്‍ മുരളികയില്‍ പ്രണയത്തിന്‍ നാദമോ?

ഹൃദയത്തിന്‍ ധമനികളില്‍ മദനന്‍റെ താളമോ? .."

(അനുരാഗി) 

"രഞ്ജിനീരാഗമാണോ കൊഞ്ചും മൊഴിയില്‍?

മഞ്ജരീഹാരമാണോ മഞ്ജുമിഴിയില്‍? .." 

(അനുരാഗി)

"കണ്ണാടിക്കവിളിലെ കല്യാണസൌഗന്ധികം

മെല്ലെ ഞാനൊന്നിറുത്തോട്ടെ..

നെയ്യാമ്പൽ പോലെ നിന്മണിച്ചുണ്ടിൽ

ചിരിതൻ പൂവോ പ്രേമക്കിനാവോ? .."

(ഷെവലിയർ മിഖായേൽ) 

"സുറുമക്കണ്ണിന്റെ ബഹറിലോ?

സുബഹിത്തുടുപ്പുള്ള ചൊടിയിലോ?

ഹല്‍ബ് കറക്കണ യന്ത്രം, നിന്നുടെ

കവിത തുളുമ്പണ കവിളിലോ?.."

(അമ്പതു ലക്ഷവും മാരുതി കാറും)

"വൈശാഖപൗര്‍ണ്ണമിയോ?

നിശയുടെ ചേങ്ങിലയോ?

ആരോ പാടും ശൃംഗാരപദമോ?

കോകില കൂജനമോ?.." 

(പരിണയം)

"കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ

ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ?..

മാരന്‍ നിന്നെ ചുംബിച്ചിട്ടോ താംബൂലം കൊണ്ടോ?

മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു

സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ? .."

 (സ്നേഹം) 

"സിന്ദൂരസന്ധ്യേ പറയൂ നീ പകലിനെ കൈവെടിഞ്ഞോ?

അതോ രാവിന്‍റെ മാറിലടിഞ്ഞോ?

നിന്‍പൂങ്കവിളും നനഞ്ഞോ?..

മാനസം ചുംബിച്ച മന്ദാരവല്ലിയില്‍ 

മിഴിനീര്‍ മുകുളങ്ങളോ?

അതോ കവിയും കദനങ്ങളോ?

ആട്ടവിളക്കിന്‍റെ ഇടറുന്ന നാളത്തില്‍

നടനെന്നുമൊരു പാവയോ? .."

(ദീപസ്തംഭം മഹാശ്ചര്യം) 

"ചെല്ലക്കാറ്റേ മുല്ലത്തയ്യിന് 

മാല ചാര്‍ത്തുന്നതാര്?

ഹേമന്തമാണോ? വാസന്തമാണോ?

ഈ നല്ല മണ്ണിന്റെ പൂജാരിയാണോ? .."

(ഇങ്ങനെ ഒരു നിലാപക്ഷി)

"ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു.

ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ?

വിരുന്നേകാന്‍ മന്മഥന്‍ മഴക്കാറ്റായ് വന്നതോ? .."

(മധുരനൊമ്പരക്കാറ്റ്) 

"അന്തി ചായുന്ന നിൻ കവിൾത്തടം..

നിന്റെ ലോചനത്തിന്റെ സീമയിൽ 

നീല വിൺകുട നിവർന്നതോ? 

നിത്യ നിർവൃതി വിടർന്നു വന്നതോ? 

നീല സാഗരമലിഞ്ഞതോ?..

രാഗവിഭ്രമം ചേർന്ന ചുണ്ടിണയിൽ 

മൂകഗന്ധർവഗാനമോ? 

പത്മതീർത്ഥം അഴകോടുണർന്നതോ 

പാൽനിലാവുറഞ്ഞതോ? .."

(സുമംഗലി ഭവ) 

"ഒരു പ്രേമഗാനം .

അക്കരെ നിൽക്കണ സുന്ദരമാരൻ 

ചക്കിക്കൊത്തൊരു ചങ്കരനോ? 

പൂത്തിരി പോലൊരു കുസൃതിപ്പെണ്ണിന് 

പുടവ കൊടുക്കാൻ വന്നവനോ? .."

(സുമംഗലി ഭവ) 

"അമ്പിളി പൊളി പോലെ തെളി നെറ്റി

അതില്‍ കുമ്പള കുരു പോലെ കുറി തൊട്ട്..

കുമ്പള വള്ളിയില്‍ ഒരു മൊട്ട്

ആണ്‍ പൂവോ അതു പെണ്‍ പൂവോ?.."

(ആന്ദോളനം)

"നെയ്യാമ്പല്‍പ്പൂവാണോ മൃദുഹാസമാണോ

പ്രിയസഖി, നീ മധുമാസമാണോ?

ചാഞ്ചാടും മീനാണോ തിരനോട്ടമാണോ

മാരന്റെ തിരനോട്ടമാണോ?.."

(എന്നും സംഭവാമി യുഗേ യുഗേ)

"എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും?

നിന്നെ എന്തു ഞാൻ വിളിക്കും?

പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ..

നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ

നാമെന്തവനെ വിളിക്കും?

പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ? .."

(ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍) 

"കടഞ്ഞ ചന്ദനനമോ നിന്മേനി വിടര്‍ന്ന ചെമ്പകമോ?.."

(കുഞ്ഞിക്കൂനൻ)

"വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ

തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നില്‍ക്കുന്ന തേനോ.."

(സ്നേഹിതൻ)

“കരിമിഴിയാളേ...

മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോ? .."

(സ്നേഹിതൻ) 

"ചൊടിയിതളോ മധുമലരോ

കതിരഴകോ കലമാനോ?.."

(പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച)

"പാടുവാനൊരു വീണയും കൂടെനിൻ പ്രിയതോഴിയും

വെണ്ണിലാവും പൂക്കളും വിണ്ണു മണ്ണിൽ വന്നുവോ?

രാഗമേഘം പെയ്തതോ മാരിചാപംനെയ്തതോ? .."

(പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച) 

"നീയറിഞ്ഞോ നീലക്കുഴലീ..

കണ്ണില്‍ നീലക്കണ്ണില്‍ നല്ല വര്‍ണ്ണക്കിനാവുകളാണോ?

ചുണ്ടില്‍ ഇളം ചുണ്ടില്‍ പ്രേമച്ചെണ്ടിന്‍ പരാഗങ്ങളാണോ? .."

(സദാനന്ദന്റെ സമയം) 

"പാതിര നിലാവും പ്രേമമയ രാവും..

പൊൻവേണുവോ നിൻ ചൊടികളാണോ?

എൻ നെഞ്ചിലെ തേനരുവിയായി

പൊൻ പൂക്കളാണോ നിൻ സ്വപ്നമായി 

ഹേ നിൻ മോഹമാണോ എൻ ദാഹമായി? .."

(ചൂണ്ട) 

"ആയിരം പൂവിരിഞ്ഞാല്‍ അരവസന്തം..

നിത്യ നീലനഭസ്സിലോ നിന്‍ ലോലമിഴിയിലോ ?

ഇന്ദ്രചാപം തൊഴുതുണരും അഴകു ഞാന്‍ കണ്ടു..

രമ്യ രാഗ സരസ്സിലോ നിന്‍ ലാസ്യകലയിലോ ?

പുഷ്പബാണ പുഞ്ചിരിതന്‍ പുളകം ഞാന്‍ കണ്ടു

പ്രാണനാകെ കുളിരണിയും വീണ നാദമോ? .."

(ദീപങ്ങൾ സാക്ഷി) 

"പൂവമ്പന്റെ കളിപ്പന്തോ?

ഗന്ധര്‍വ്വന്റെ മണിച്ചെണ്ടോ? 

രാഗലഹരിയില്‍ ഇന്നെന്‍ ഹൃദയം

മലരോ മധുവോ മറ്റെന്തോ?.."

(ദീപങ്ങൾ സാക്ഷി)

"നിലാവോ നീള്‍മിഴി താമരയിൽ?

കിനാവോ ചെമ്പനീർ പൂങ്കവിളിൽ?

ചിരിയൂറും ചുണ്ടുകളിൽ

തിരതല്ലും തേനലയിൽ

ദേവകാവ്യമോ വര രാഗമന്ത്രമോ?.."

(ഇൻസ്പെക്ടര്‍ ഈശ്വര അയ്യര്‍ ഗ്രീന്‍ റൂമിലുണ്ട്)

"ചൊല്ലീടാം...

റോക്ക് ആൻഡ് റോളിലോ ബ്രേക്ക് ചോടിലോ?

റോസ്മേരിയോ റോയൽ മേരിയോ?

റോന്തു ചുറ്റി പോകുമീ ചന്ദ്രലേഖയോ?

ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ?

ഫോക്കു ഡാൻസോ ഫോറിനാട്ടോ?

ഉണ്ണിയാർച്ചയോ റാണി ഝാൻസിയോ? .."

(ഇൻസ്പെക്ടര്‍ ഈശ്വര അയ്യര്‍ ഗ്രീന്‍ റൂമിലുണ്ട്) 

"അമ്പിളിക്കിണ്ണത്തിൽ മഞ്ജരിയോ? 

ആരോമലാളേ നിൻ പുഞ്ചിരിയോ?

വരവർണിനി നിൻ ലോചനങ്ങൾ 

വാനിനു നീലിമ കടം കൊടുത്തോ? "

(ലോകാസമസ്തു)

English Summary:

Yusufali Kechery's songs speciality

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com