പെൻഷൻ ‘നിക്ഷേപം’
Mail This Article
ശരാശരി 28,000 ദിനങ്ങളാണ് മലയാളിയുടെ ആയുസ്സ്. ഏതാണ്ട് 75 വർഷം. പ്രായം 50ൽ എത്തിയാലും റിട്ടയർമെന്റ് കാലത്തെ ജീവിതച്ചെലവുകളെക്കകുറിച്ച് ഒട്ടുമിക്കവരും ഗൗരവത്തോടെ ചിന്തിക്കുന്നില്ല. എന്തെങ്കിലും ഇതിനായി കരുതി വച്ചിട്ടുണ്ടെങ്കിൽ പോലും ഇനിയും സമയമുണ്ടല്ലോ, ഇപ്പോഴത്തെ അത്യാവശ്യം നടക്കട്ടെ എന്ന മുടക്കുന്യായം പറയുന്നവരുമേറെ. വരുമാനം നിലയ്ക്കുന്ന റിട്ടയർമെന്റ് കാലത്ത് ജീവിതച്ചെലവുകൾക്ക് ആവശ്യമായ രൊക്കം പണം മുടക്കംകൂടാതെ മാസം തോറും ലഭിക്കുന്ന ക്യാഷ്ഫ്ലോ ആകണം പെൻഷൻ സ്കീം. പെൻഷൻ ലഭിക്കാത്ത ജോലികൾ ചെയ്യുന്നവർ വരുമാനം നിലയ്ക്കുന്ന കാലത്തേക്ക് സാമ്പത്തിക ആസൂത്രണം നേരത്തെ തുടങ്ങണം. പെൻഷൻ ഏവർക്കും ഒഴിവാക്കാനാകാത്ത വ്യക്തിഗത സാമ്പത്തിക ലക്ഷ്യം മാത്രമല്ല, സാമൂഹിക അനിവാര്യത കൂടിയാണ്.
∙ ലക്ഷ്യം ഒന്ന്, ഘട്ടങ്ങൾ രണ്ട്
പെൻഷൻ സ്കീമുകളെന്ന വിളിപ്പേരിൽ രാജ്യത്ത് ലഭ്യമായ പദ്ധതികൾ പരതിയാൽ ശുദ്ധമായ നിക്ഷേപ പദ്ധതികളും ആന്യുവിറ്റി പദ്ധതികളും കാണാം. ഏത് സ്കീം തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം പലർക്കുമുണ്ട്. മറ്റു നിക്ഷേപ ലക്ഷ്യങ്ങളെ അപേക്ഷിച്ച് വ്യക്തമായ 2 ഘട്ടങ്ങൾ പെൻഷൻ നിക്ഷേപങ്ങളിൽ ഉള്ളതിനാലാണിത്. വരുമാനമുള്ള കാലയളവിൽ മിച്ച സമ്പാദ്യം തവണകളായി നിക്ഷേപിച്ച് വരുമാനമില്ലാതാകുന്ന സമയത്തേക്ക് ഉപകരിക്കത്തക്ക രീതിയിൽ കോർപ്പസ് അഥവാ മൂലധന ശേഖരം ഉണ്ടാക്കിയെടുക്കുന്നതാണ് ഒന്നാം ഘട്ടം.
ഇത്തരത്തിൽ സ്വരൂപിച്ചതോ പെൻഷൻ ആനുകൂല്യമായി ലഭിച്ചതോ ആയ തുക ഒന്നിച്ച് നിക്ഷേപിച്ച്, തിരഞ്ഞെടുക്കുന്ന ഇടവേളകളിലേക്കു നിശ്ചിത തുക വീതം പെൻഷനായി ജീവിതകാലം മുഴുവൻ ലഭിച്ചുകൊണ്ടിരിക്കുകയെന്നതാണ് രണ്ടാം ഘട്ടം. പൊതുവേ ആന്യുവിറ്റി എന്ന പേരിലാണ് രണ്ടാം ഘട്ടം അറിയപ്പെടുക. ആന്യുവിറ്റി ഘട്ടത്തിൽ പെൻഷൻ ലഭിക്കുന്നതിന് വ്യത്യസ്ത രീതികൾ തിരഞ്ഞെടുക്കാമെന്നു മാത്രമല്ല, നിക്ഷേപകർ മരണമടഞ്ഞാൽ നിക്ഷേപത്തുക ആനുകൂല്യമായി തിരികെ ലഭിക്കുന്ന ഇൻഷുറൻസ് കൂടി കലർത്തി നൽകുന്ന സ്കീമുകളുമുണ്ട്.
∙ നാഷനൽ പെൻഷൻ സ്കീം
പെൻഷൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സാമ്പത്തിക ആസൂത്രണത്തിൽ ഏവർക്കും പ്രയോജനപ്പെടുത്താവുന്ന നാഷനൽ പെൻഷൻ സ്കീം ഒന്നാമത് വരുന്ന നിക്ഷേപ ഘട്ടത്തിൽ ആരംഭിക്കണം. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും തൊഴിലെടുക്കുന്നവർക്ക് മാത്രമല്ല, സ്വയം തൊഴിൽ ചെയ്യുന്നവർക്കും വരുമാനം ലഭിക്കുന്ന കാലയളവായ 70 വയസ്സു വരെ എൻപിഎസിൽ ചേരാം. വിപണിയിൽ അധിഷ്ഠിതമായ വളർച്ചയാണു നിക്ഷേപങ്ങൾക്കു ലഭിക്കുക. നിക്ഷേപകരുടെ പണം, ഓഹരികൾ, കടപ്പത്രങ്ങൾ, സർക്കാർ സെക്യൂരിറ്റികൾ തുടങ്ങി നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്നതും എപ്പോൾ വേണമെങ്കിലും മാറ്റി ചിട്ടപ്പെടുത്താവുന്നതുമായി ആക്ടീവ് ചോയ്സ്, ഓട്ടോ ചോയ്സ് എന്നിങ്ങനെ വ്യത്യസ്ത അവസരങ്ങളുണ്ട്.
നിക്ഷേപിക്കുന്ന തുക മെച്ചപ്പെട്ട രീതിയിൽ വിപണിയിൽ വിന്യസിക്കുന്നതിന് സാങ്കേതിക സേവനം നൽകുന്നതിനായി നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന 7 ഫണ്ട് മാനേജർമാരുണ്ട്. താൽക്കാലിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും വിപണിയിലെ ദീർഘകാല വളർച്ചാ നിരക്ക്, ബാങ്ക് നിക്ഷേപം പോലെ ഉറപ്പായ വരുമാനം ലഭിക്കുന്ന അവസരങ്ങളെക്കാൾ കൂടുതലാണെന്ന് കാണാം. 2004ൽ തുടങ്ങിയ പദ്ധതിയിൽ ഓഹരി അധിഷ്ഠിത നിക്ഷേപത്തിന് 12% ശരാശരി വളർച്ച ലഭിച്ചിട്ടുണ്ട്. മറ്റ് നിക്ഷേപാവസരങ്ങൾ തിരഞ്ഞെടുത്തവർക്കും 9 ശതമാനത്തോളം വാർഷിക വളർച്ചാ നിരക്കു ലഭിച്ചു. നിക്ഷേപം വളരുന്നത് സംബന്ധിച്ച വിവരങ്ങൾ ഇ-മെയിലായും വെബ്സൈറ്റിലൂടെയും മൊബൈൽആപ്പ് വഴിയും പരിശോധിക്കാവുന്നതാണ്.
∙ മറ്റ് പെൻഷൻ നിക്ഷേപ പദ്ധതികൾ
അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ ഉൾപ്പെടെ സാധാരണക്കാർക്ക് വേണ്ടി പെൻഷൻ കോർപ്പസ് സമാഹരിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണ് അടൽ പെൻഷൻ യോജന. 1000 മുതൽ 5000 രൂപ വരെ മാസ പെൻഷൻ തിരഞ്ഞെടുക്കുന്ന രീതിയിൽ മാസത്തവണകളായി 20 വർഷമാണ് നിക്ഷേപം നടത്തേണ്ടത്. പദ്ധതിയിൽ ചേരുന്ന പ്രായം, നിക്ഷേപം നടത്തേണ്ട കാലാവധി, തിരഞ്ഞെടുക്കുന്ന പ്രതിമാസ പെൻഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് മാസംതോറും അടയ്ക്കേണ്ടി വരുന്ന നിക്ഷേപത്തുക കണക്കാക്കുന്നത്.
നിക്ഷേപം വട്ടമെത്തുമ്പോൾ ബാക്കി നിൽക്കുന്ന മൂലധനത്തുക പൂർണമായും സ്കീമിന്റെ ഭാഗമായി ആന്യുവിറ്റികളിൽ നിക്ഷേപിച്ചാണ് പെൻഷൻ നൽകുക. മുതിർന്ന പൗരൻമാർക്കായുള്ള നിക്ഷേപ പദ്ധതി, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ ഉൾപ്പെടെയുള്ളവ പെൻഷൻ കോർപ്പസ് സ്വരൂപിക്കാനായി ഉപയോഗപ്പെടുത്താം. ഓഹരി വിപണിയിലുള്ള നിക്ഷേപം ഉയർന്ന വളർച്ച നിരക്ക് നൽകുമെങ്കിലും നഷ്ടസാധ്യത ഉയർന്നിരിക്കുന്നതിനാൽ പെൻഷൻ കോർപ്പസ് സ്വരൂപിക്കാൻ പൂർണമായും ഉപയോഗപ്പെടുത്തുക ഗുണകരമാകില്ല.