ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു ചൂടുപിടിക്കുന്നതിനു മുൻപേ അന്തരീക്ഷം വല്ലാതെ ചൂടുപിടിച്ചിരിക്കുന്നു. ചൂട് ഇതുപോലെ നിൽക്കുമോ? ഇനിയും കൂടുമോ? എന്തുചെയ്യണം?

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സൂചിപ്പിക്കുന്നത് മാർച്ചിലും ചൂടു തുടരുമെന്നും കേരളമുൾപ്പെടെ ഇന്ത്യയിലുടനീളം ഉയർന്ന താപനില സാധാരണയെക്കാൾ കൂടുതലായിരിക്കുമെന്നുമാണ്. 

ആഗോളതാപനത്തിനൊപ്പം ആഗോളതലത്തിൽ ചൂടും മഴയും നിയന്ത്രിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ-നിനോ. പസിഫിക് സമുദ്രത്തിലുണ്ടാകുന്ന ഈ പ്രതിഭാസം പൊതുവേ ഇന്ത്യയിൽ ദൈർഘ്യവും ചൂടുമേറിയ താപതരംഗങ്ങൾക്കു കാരണമാകുകയും കാലവർഷത്തിന്റെ വരവ് വൈകിക്കുകയും ചെയ്യുന്നു. 2023 ജൂൺ ആദ്യപകുതിയിൽ എൽ-നിനോ തുടങ്ങിയപ്പോൾ കാലവർഷം വൈകിയിരുന്നു. ഇതുമൂലം ശക്തമായ താപതരംഗങ്ങളുണ്ടാകുകയും ബിഹാറിലും ഉത്തർപ്രദേശിലുമായി നൂറിലേറെപ്പേർ മരിക്കുകയും ചെയ്തു. 2023ൽ കാലവർഷം കേരളത്തിൽ ദുർബലമായിരുന്നതിനാൽ 34% മഴക്കുറവാണുണ്ടായത്.

ആഗോള ഏജൻസികളുടെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് നിലവിലുള്ള എൽ-നിനോ ഏപ്രിൽ വരെ തുടരുമെന്നാണ്. മേയിൽ ദുർബലമായി ജൂണോടെ വിപരീതഘട്ടമായ ലാ-നിനയിലേക്കു മാറാൻ സാധ്യതയുണ്ടെന്നും കാണുന്നു.  ലാ-നിനയുടെ സ്വാധീനം എൽ-നിനോയുടെ നേർവിപരീതമല്ല, അതിനാൽ ചൂട് മേയ് വരെ തുടരാം. വാസ്‌തവത്തിൽ, സമീപകാലത്തെ ലാ-നിന വർഷങ്ങൾ ശക്തമായ താപതരംഗങ്ങളുണ്ടായവയാണ്. എന്നിരുന്നാലും, ഒരാശ്വാസവാർത്തയുണ്ട്. ലാ-നിന വർഷങ്ങളിൽ പൊതുവേ കാലവർഷം കൃത്യസമയത്തു വരാറുണ്ട്.

കേരളത്തിൽ ചൂടിനൊപ്പം ഈർപ്പത്തിന്റെ കാര്യത്തിലും മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. 2023 ഏപ്രിലിൽ നവിമുംബൈയിൽ നാലുലക്ഷത്തോളം പേർ പങ്കെടുത്ത പൊതുചടങ്ങിനിടെ 14 പേർ മരിക്കാനിടയായത് തീവ്ര താപതരംഗം മൂലമായിരുന്നില്ല. സംഭവം നടന്ന ദിവസം ഏറ്റവും അടുത്തുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 34-38 ഡിഗ്രി സെൽഷ്യസാണ്. സാധാരണ സാഹചര്യങ്ങളിൽ ഈ താപനില മനുഷ്യനു താങ്ങാവുന്ന പരിധിക്കുള്ളിലാണ്. പക്ഷേ, ഇതിനൊപ്പം ഉയർന്നനിലയിൽ ഈർപ്പത്തിന്റെ തോതും (45%) രേഖപ്പെടുത്തിയിരുന്നു. ഇതു ചൂടിന്റെ ആഘാതം വർധിപ്പിച്ചു. ഇതു മാത്രമല്ല അന്നു മരണകാരണമായത്. പ്രാഥമിക മുൻകരുതലുകൾ എടുക്കാതിരുന്നതും ദുരന്തത്തിനു വഴിതെളിച്ചു. തുറന്ന മൈതാനത്ത് ചൂടേറ്റ് ജനക്കൂട്ടത്തിനു മണിക്കൂറുകളോളം കഴിയേണ്ടിവന്നു. 

റോക്സി മാത്യു കോൾ
റോക്സി മാത്യു കോൾ

അന്തരീക്ഷം ചൂടുപിടിക്കുന്നതിനൊപ്പം ഉയർന്ന ഈർപ്പത്തിന്റെ തോതും കൂടിയുണ്ടെങ്കിൽ, വിയർപ്പ് ബാഷ്പീകരിച്ച് ശരീരതാപനില നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെടും. ഇതു സൂര്യാഘാതത്തിലേക്കു നയിക്കാം. ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിനും മരണത്തിനും ഇതിടയാക്കാം. മുംബൈയിലെപ്പോലുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തിലും; ഉയർന്ന ചൂടും ഈർപ്പവും. അതുകൊണ്ടു കരുതിയിരിക്കണം. 

രാജ്യത്തുടനീളം ഒട്ടേറെ നഗരങ്ങളും സംസ്ഥാനങ്ങളും ദുരന്ത നിവാരണ ഏജൻസികളുടെയും ആരോഗ്യ വകുപ്പുകളുടെയും സഹായത്തോടെ ചൂടിനെ പ്രതിരോധിക്കാൻ ഹീറ്റ് ആക്‌ഷൻ പ്ലാനുകൾ തയാറാക്കിയിട്ടുണ്ട്. ഹീറ്റ് ആക്‌ഷൻ പ്ലാനില്ലാത്ത നഗരമോ പഞ്ചായത്തോ ആണോ നിങ്ങളുടേത്? എങ്കിൽ നിങ്ങളുടെ പ്രദേശത്തും ഹീറ്റ് ആക്‌ഷൻ പ്ലാൻ തുടങ്ങാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെടണം.

കാരണം, വരുംവർഷങ്ങളിൽ ചൂടു കൂടുകേയുള്ളൂ. ഈ ചൂടിൽനിന്ന് ഒളിച്ചോടാൻ സാധിക്കില്ല. ആഗോളതാപനം മൂലം താപതരംഗങ്ങളുടെ എണ്ണം, തീവ്രത, ദൈർഘ്യം, വിസ്തൃതി എന്നിവയെല്ലാം വർധിക്കുകയേയുള്ളൂ. അതിനാൽ ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതികൾ നടപ്പാക്കണം. 

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഗോളതാപനത്തിന്റെ ചൂട് ശരിക്കറിയാനാകും. അതിനാൽ തിരഞ്ഞെടുപ്പു പ്രചാരണങ്ങളും പ്രകടനങ്ങളും റാലികളും എന്തിന്, തിരഞ്ഞെടുപ്പു പ്രക്രിയതന്നെയും ചൂടിന്റെ ആഘാതം കണക്കിലെടുത്തുവേണം ആസൂത്രണം ചെയ്യാൻ. 

കാലാവസ്ഥാ വകുപ്പ് അവരുടെ വെബ്‌സൈറ്റ് വഴിയും മാധ്യമങ്ങൾ വഴിയും താപതരംഗങ്ങളെക്കുറിച്ചു കൃത്യതയുള്ള മുന്നറിയിപ്പുകൾ നിരന്തരം കൊടുക്കുന്നുണ്ട്. ഇതു ദിവസവും നിരീക്ഷിക്കണം. ബോധവൽക്കരണ പ്രചാരണങ്ങൾ, വെള്ളവും തണലുമുള്ള കാത്തിരിപ്പുകേന്ദ്രങ്ങൾ,    ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ,   പൊതു-ഗതാഗത സൗകര്യങ്ങൾ എന്നിവയൊക്കെ  തിരഞ്ഞെടുപ്പു സീസണിൽ മുൻഗണന നൽകി ക്രമീകരിക്കണം.

താപതരംഗം പ്രതീക്ഷിക്കുന്ന ജില്ലകളിൽ വോട്ടിങ് സമയം ദീർഘിപ്പിക്കുന്നത് ചൂടിന്റെ ആഘാതം കുറയ്ക്കാൻ ഒരു വഴിയാണ്. അതേസമയം, മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നവർക്കു തണലും വെള്ളവും ശുചിമുറിയും ഉണ്ടെന്ന് പോളിങ്  ബുത്തുകളിലുള്ളവർ ഉറപ്പാക്കണം. ഭാവിയിൽ, സുരക്ഷിതമായ ഇ-വോട്ടിങ് സംവിധാനം ഏർപ്പെടുത്താനാണ് ഡിജിറ്റൽ ഇന്ത്യ ലക്ഷ്യമിടേണ്ടത്.

ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്താണെന്നോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭയാനക ആഘാതങ്ങളെ നേരിടാൻ സമൂഹത്തെ  സജ്ജരാക്കാൻ ശേഷിയുള്ള സ്ഥാനാർഥികളെ തിരഞ്ഞെടുത്തു ലോക്സഭയിലേക്ക് അയയ്ക്കുക എന്നതാണത്. 

el-nino

എൽ–നിനോ, ലാ–നിന

പസിഫിക് സമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽ–നിനോ. ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റത്തിന്റെ ഫലമായി സമുദ്രോപരിതലം ചൂടാകുന്നു. പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ തണുപ്പിക്കുന്ന പ്രതിഭാസമാണ് ലാ–നിന. എൽ–നിനോക്കാലത്ത് കൊടുംവരൾച്ചയുണ്ടായ ഇടങ്ങളിൽ ലാ–നിനക്കാലത്ത് നല്ല മഴ ലഭിക്കും. എൽ–നിനോക്കാലത്ത് മഴ ലഭിച്ച പ്രദേശങ്ങളിലാവട്ടെ ലാ–നിനയുടെ വരവോടെ വരൾച്ചയുമുണ്ടാകും

(പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീയറോളജിയിൽ കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ലേഖകൻ)

English Summary:

Writeup about climate change impact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com