കോഴിക്കോട്ടുനിന്നുള്ള ഹജ് നിരക്ക് കുറയ്ക്കണം

Mail This Article
ഇത്തവണത്തെ ഹജ് തീർഥാടനനിരക്ക് കേന്ദ്ര ഹജ് കമ്മിറ്റി പുറത്തുവിട്ടതോടെ കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോടിനുമേൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നു. കേരളത്തിൽ കോഴിക്കോടിനുപുറമേ, കണ്ണൂരും കൊച്ചിയുമാണു ഹജ് എംബാർക്കേഷൻ പോയിന്റുകൾ (പുറപ്പെടൽ കേന്ദ്രങ്ങൾ). സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതു കോഴിക്കോട്ടുനിന്നാണെങ്കിലും കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് കോഴിക്കോട്ടുനിന്നുള്ള തീർഥാടകർ യാത്രക്കൂലി ഇനത്തിൽ 41,000 രൂപ അധികം നൽകണമെന്നതാണ് ഈ വർഷവും ആശങ്കയ്ക്കു കാരണമായിരിക്കുന്നത്.
കഴിഞ്ഞവർഷം കോഴിക്കോട്ടുനിന്നുള്ളവർ 35,000 രൂപ അധികമായി നൽകേണ്ടിവന്നതിനെത്തുടർന്നു വ്യാപക പ്രതിഷേധമുയർന്നിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ നിരക്കു കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞദിവസം ഹജ് നിരക്കു പുറത്തുവന്നതോടെ അതു വിഫലമായി. കോഴിക്കോട്: 1,35,828 രൂപ, കൊച്ചി: 93,231 രൂപ, കണ്ണൂർ: 94,248 രൂപ എന്നിങ്ങനെയാണു നിരക്ക്. കേരളത്തിൽനിന്നുള്ള ഹജ് യാത്രക്കാരുടെ എണ്ണം കോഴിക്കോട്: 5857, കൊച്ചി: 5573, കണ്ണൂർ: 4135 എന്നിങ്ങനെയും.
വിമാനത്താവളത്തിന്റെ പരിമിതികളാണു കോഴിക്കോട്ടുനിന്നുള്ള യാത്രാനിരക്കു കൂടാൻ കാരണമെന്നാണു വിമാനക്കമ്പനികൾ പറയുന്നത്. 2020ലെ വിമാന അപകടത്തെത്തുടർന്ന്, കോഴിക്കോട്ടുനിന്നുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, റൺവേ സുരക്ഷാ മേഖലയുടെ (റെസ) നീളം കൂട്ടുന്ന ജോലി പുരോഗമിച്ചുവരുന്നു.
ടെൻഡർ വിളിച്ചാണ് എംബാർക്കേഷൻ പോയിന്റുകളിൽനിന്നു സർവീസ് നടത്താനുള്ള വിമാനക്കമ്പനികളെ തിരഞ്ഞെടുക്കുന്നത്. സൗദി എയർലൈൻസ്, സ്പൈസ് ജെറ്റ്, ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികൾക്കാണ് ഇത്തവണ അനുമതി. കോഴിക്കോട്ടുനിന്നു സർവീസ് നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ് കമ്പനി മാത്രമാണു രംഗത്തുണ്ടായിരുന്നത്. അതിനാൽ, അവർ ക്വോട്ട് ചെയ്ത തുകയ്ക്കുതന്നെ കരാർ ലഭിച്ചു. കോഴിക്കോടിനെക്കാൾ 40,000 രൂപയിലേറെ കുറവുള്ള കണ്ണൂരിൽനിന്നും ഇതേ കമ്പനി തന്നെയാണു സർവീസ് നടത്തുന്നത്.
വിമാനത്താവളത്തിന്റെ പരിമിതിയാണു നിരക്കുകൂടാൻ കാരണമെന്ന വാദം തീർഥാടകർ തള്ളുന്നു. അങ്ങനെയെങ്കിൽ ഹജ്ജില്ലാത്ത സമയത്തും നിരക്കിൽ ഇതേ വ്യത്യാസം വേണ്ടേയെന്നാണ് അവരുടെ ചോദ്യം. സാധാരണ വേളകളിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽനിന്നു ജിദ്ദയിലേക്കുള്ള നിരക്ക് ഏറക്കുറെ സമാനമാണ്. പലപ്പോഴും കോഴിക്കോട്ടുനിന്നുള്ള നിരക്ക് കുറയാറുപോലുമുണ്ട്. ഒരേ ഹജ് കമ്മിറ്റിക്കു കീഴിൽ, ഒരേ നടപടിക്രമങ്ങൾ പൂർത്തിയാക്കി, ഒരേ ദൂരപരിധിയിൽനിന്നു യാത്ര ചെയ്യുന്ന തീർഥാടകർ തമ്മിൽ നിരക്കിലുള്ള വലിയ അന്തരം ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല.
വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വലിയ വിമാനങ്ങൾക്കു സർവീസ് നടത്താനുള്ള സൗകര്യമൊരുക്കുകയാണ് ശാശ്വത പരിഹാരം. അതുവരെ, ഹജ് സീസണിലെങ്കിലും വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കുന്നതു പരിഗണിക്കണം. രാജ്യാന്തരപദവി ലഭിക്കുന്നതിനുമുൻപു ഹജ് യാത്രകൾക്കായി ജംബോ വിമാന സർവീസിനു അനുമതി ലഭിച്ച ചരിത്രം കോഴിക്കോടിനുണ്ട്. കൂടുതൽ വിമാനക്കമ്പനികൾക്കു ടെൻഡറിൽ പങ്കെടുക്കാനുള്ള സംവിധാനമൊരുക്കണം. യാത്രാനിരക്കു നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വിമാനക്കമ്പനികൾക്കാണെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്. പക്ഷേ, ഒരേ ദൂരപരിധിയിലെ പുറപ്പെടൽകേന്ദ്രങ്ങളിൽ നിരക്കുകൾ തമ്മിൽ ഒരു പരിധിയിൽ കൂടുതൽ വ്യത്യാസം പാടില്ലെന്ന നിബന്ധന കൊണ്ടുവരുന്നതിന് എന്താണു തടസ്സം?
കോഴിക്കോട് വിമാനത്താവളംവഴി ഹജ്ജിനു പോകുന്നവരിൽനിന്ന് ഉയർന്നനിരക്ക് ഈടാക്കുന്നതിന്റെ കാരണം വ്യോമയാന മന്ത്രാലയം വിശദീകരിക്കണമെന്നു സുപ്രീം കോടതി ഈയിടെ ആവശ്യപ്പെട്ടിരുന്നു. കാര്യകാരണങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കഷ്ടപ്പെട്ടു സമ്പാദിച്ച പണം സ്വരുക്കൂട്ടി, ഹജ് പൂർത്തീകരണത്തിനായി പുറപ്പെടുന്നവർ നീതി അർഹിക്കുന്നു. തീർഥാടനം സുഗമവും കൂടുതൽ പേർക്കു പ്രാപ്യവുമാക്കാനുള്ള വഴികളൊരുക്കുകയാണു ഭരണകൂടത്തിന്റെ കടമ. ഇക്കാര്യത്തിൽ കേന്ദ്ര –സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി ഇടപെട്ടേതീരൂ.