ഡോ. ചിദംബരം: കണിശക്കാരൻ, മനുഷ്യസ്നേഹി
Mail This Article
ഇന്ത്യയിലെ മഹാൻമാരായ ശാസ്ത്രജ്ഞരിലൊരാൾ എന്നതിനൊപ്പം, നല്ലൊരു മനുഷ്യൻ എന്നുകൂടി പറഞ്ഞാലാണ് ഡോ. ചിദംബരത്തെക്കുറിച്ച് ഒറ്റവാചകത്തിലുള്ള വിശേഷണം പൂർണമാവുക. ചിട്ടയായ ജീവിതവും കഠിനാധ്വാനവും മാത്രമല്ല, എല്ലാവരോടും തുല്യതയോടെയുള്ള പെരുമാറ്റവും ആ വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു. വ്യക്തിപരവും ഒൗദ്യോഗികവുമായ ജീവിതത്തിൽ ഡോ.ചിദംബരം പാലിച്ച ചിട്ട എടുത്തു പറയേണ്ടതുണ്ട്. യോഗയും പ്രഭാതസവാരിയുമൊക്കെ കഴിഞ്ഞ്, എല്ലാ ദിവസവും രാവിലെ 8.45ന് ഓഫിസിലെത്തും, രാത്രി വൈകും വരെയും ജോലി. ശനി, ഞായർ. ദീപാവലി, ഹോളി ഒക്കെയും അദ്ദേഹത്തിന് പ്രവൃത്തി ദിവസങ്ങളായിരുന്നു.
-
Also Read
ചിലർ ജാതിവിഷം പടർത്തുന്നു: മോദി
ജോലിയുടെ കാര്യത്തിൽ ഡോ.ചിദംബരം കണിശക്കാരനായിരുന്നു. അതേ സമീപനം മറ്റുള്ളവരിൽനിന്നും പ്രതീക്ഷിച്ചു. ചെയ്തു തീർക്കേണ്ട ജോലികളുടെ പട്ടികയുമായാണ് അദ്ദേഹം ഓരോ ദിവസവും ഓഫിസിലെത്തുക. പട്ടികയിലെ എല്ലാ ഇനങ്ങളും പൂർത്തിയാക്കിയ ശേഷമേ ഓഫിസിൽനിന്ന് ഇറങ്ങൂ. ജോലികളൊക്കെ ഉദ്ദേശിച്ച സമയത്തിനു മുൻപേ തീർക്കാൻ സാധിച്ചാൽ വലിയ സന്തോഷം.
സെക്രട്ടറിയെന്നോ ക്ലാസ് ഫോർ ജീവനക്കാരൻ എന്നോ വ്യത്യാസം നോക്കാതെയാണ് ഡോ.ചിദംബരം പെരുമാറിയിട്ടുള്ളത്. സ്റ്റാഫിന്റെയും അവരുടെ ബന്ധുക്കളുടെയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിലുൾപ്പെടെ ഈ തുല്യത പാലിച്ചു. ആർക്കും ഏതാവശ്യത്തിനും എപ്പോഴും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. സ്റ്റാഫിലെയും പരിചയക്കാരുടെയുമൊക്കെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് അദ്ദേഹം സഹായിച്ച പല അവസരങ്ങളും എന്റെ ഓർമയിലുണ്ട്.