ആദിവാസി ഭൂമി വഖഫ് ആക്കരുത്; സംയുക്ത പാർലമെന്ററി സമിതി ശുപാർശ
![New Parliament Building (Photo - Twitter / @ANI) പുതിയ പാർലമെന്റിന്റെ ഉൾവശം. (Photo - Twitter / @ANI)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/5/27/new-parliament-building.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ആദിവാസി ഭൂമി ‘വഖഫ്’ ആയി മാറ്റാതിരിക്കാൻ നിയമനിർമാണം നടത്തണമെന്നു വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) ശുപാർശ. ഇന്നത്തെ അന്തിമയോഗത്തിൽ അംഗീകരിക്കാനിരിക്കുന്ന കരടുബില്ലിലാണ് ഇതടക്കമുള്ള ശുപാർശകളുള്ളത്.
ഭരണഘടനയുടെ 5,6 ഷെഡ്യൂളുകളിൽ ആദിവാസി ഭൂമിക്കു നൽകിയിരിക്കുന്ന സംരക്ഷണം ഉറപ്പാക്കണം. ഇത്തരം ഭൂമി വഖഫ് ആയി പ്രഖ്യാപിക്കുന്ന ഒട്ടേറെ കേസുകൾ ശ്രദ്ധയിൽപെട്ടതായി സമിതി ചൂണ്ടിക്കാട്ടി. ഇത്തരം ഭൂമി വഖഫ് ആക്കി മാറ്റുന്നത്, ഇസ്‍ലാം മതാചാരങ്ങൾ പിന്തുടരാത്ത ഇവരുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നു സമിതി ചൂണ്ടിക്കാട്ടി.
വഖഫ് ഭൂമികളിൽ വാടകയ്ക്ക് കഴിയുന്നവർ നേരിടുന്ന കുടിയൊഴിപ്പിക്കൽ ഭീതി ഒഴിവാക്കാൻ ദീർഘകാല വാടകക്കരാർ നടപ്പാക്കുന്നതിനു നിയമനിർമാണം നടത്തണമെന്നും ശുപാർശയുണ്ട്. രാജ്യമാകെ 12 ലക്ഷം പേർ ഇത്തരത്തിൽ വഖഫ് ഭൂമികളിൽ വാടകയ്ക്ക് കഴിയുന്നുണ്ട്.
ഒറ്റനോട്ടത്തിൽ
∙ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്‍ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം ഇവയെ കൂടുതൽ വിശാലവും വൈവിധ്യവുമാക്കുമെന്നു സമിതി നിരീക്ഷിച്ചു. എന്നാൽ, സർക്കാരിൽ നിന്നുള്ള എക്സ്–ഒഫിഷ്യോ അംഗങ്ങൾ (ഉദാ: ജോയിന്റ് സെക്രട്ടറി) ഈ 2 പേരിലൊരാൾ ആയി മാറാതിരിക്കാനും ഭേദഗതി നിർദേശിച്ചു.
∙ നിയമം പ്രാബല്യത്തിൽ വന്ന് വഖഫ് സ്വത്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രം തയാറാക്കുന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യാനുള്ള സമയപരിധി 15 ദിവസമായിരുന്നത് 90 ദിവസമാക്കാൻ ശുപാർശ.
∙ ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സമയപരിധി 60 ദിവസമെന്നത് 90 ദിവസമാക്കാൻ ശുപാർശ.
∙ ട്രൈബ്യൂണലിനു മുന്നിൽ വരുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള 6 മാസമെന്ന സാവകാശം എടുത്തുകളയാൻ നിർദേശം. പകരം എത്രയും വേഗം തീർപ്പാക്കാൻ വ്യവസ്ഥ.
∙ സ്വത്തു തർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാനുള്ള സമയപരിധി 2 വർഷമാണെങ്കിലും ട്രൈബ്യൂണലിന് തൃപ്തികരമെന്നു തോന്നിയാൽ അതിനു ശേഷം വരുന്ന പരാതികളും സ്വീകരിക്കാം.
∙ വഖഫ് ആയി സമർപ്പിച്ചിട്ടില്ലെങ്കിലും മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ദീർഘകാലം ഉപയോഗിച്ച സ്വത്തുക്കൾ (വഖഫ് ബൈ യൂസർ) സംബന്ധിച്ച വ്യവസ്ഥ ഒഴിവാക്കുന്നതു മുസ്‍ലിം സമുദായത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയെന്നു സമിതി വിലയിരുത്തി. മതപരമായ ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്ന ഭൂമി ഇത്തരത്തിലുണ്ട്. അതുകൊണ്ടാണ്, നിലവിൽ തർക്കത്തിൽ ഉൾപ്പെടാത്തതും സർക്കാർ ഉടമസ്ഥതയിൽ അല്ലാത്തതുമായ ‘വഖഫ് ബൈ യൂസർ’ ഗണത്തിൽപെട്ട ഭൂമികൾ അത്തരത്തിൽ തന്നെ തുടരാൻ ജെപിസി അനുവദിച്ചത്. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന ശേഷം പുതിയ ‘വഖഫ് ബൈ യൂസർ’ സ്വത്തുക്കൾ അനുവദിക്കില്ല.
∙ ഒരു നിശ്ചിത വസ്തു ‘വഖഫ്’ സ്വത്ത് ആണോയെന്ന് തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന 40–ാം വകുപ്പ് റദ്ദാക്കാനുള്ള സർക്കാർ നീക്കം സമിതി അംഗീകരിച്ചു.
വേണ്ടാത്ത തിടുക്കമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) കരടു റിപ്പോർട്ട് ഇന്നു തിടുക്കപ്പെട്ട് അംഗീകരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം.
655 പേജുള്ള കരടു റിപ്പോർട്ട് ഇന്നലെ വൈകിട്ട് ഏഴോടെയാണ് സമിതിയിലെ അംഗങ്ങൾക്കു ലഭ്യമാക്കിയത്. ഇന്നു രാവിലെ 10ന് ഇവ ചർച്ച ചെയ്ത് അംഗീകരിക്കുമെന്നാണ് അറിയിപ്പ്. കുറഞ്ഞ സമയത്തിനിടെ ഇത്രയും വലിയ റിപ്പോർട്ട് വായിച്ച് എങ്ങനെ അഭിപ്രായങ്ങളും വിയോജനക്കുറിപ്പുകളും നൽകുമെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം.
സർക്കാരിന് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യാനാണെങ്കിൽ പിന്നെന്തിനാണ് സ്വതന്ത്ര പാർലമെന്ററി കമ്മിറ്റിയെന്ന് ഡിഎംകെ എംപി എ.രാജ ചോദിച്ചു. എതിർശബ്ദങ്ങളെ അടിച്ചമർത്തി തന്നിഷ്ടം നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണഗതിയിൽ ഇത്തരം കരടു റിപ്പോർട്ടുകൾ ദിവസങ്ങൾക്കു മുൻപേ അംഗങ്ങൾക്കു നൽകാറുണ്ട്. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പുകളും റിപ്പോർട്ടിൽ ചേർത്തേക്കും.