ഉഭയകക്ഷി ചർച്ച: നരേന്ദ്ര മോദി അടുത്തമാസം യുഎസിൽ

Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ യുഎസ് സന്ദർശിക്കും. കഴിഞ്ഞ ദിവസം മോദിയുമായി ഫോണിൽ സംസാരിച്ചതിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘നരേന്ദ്ര മോദിയുമായി ദീർഘനേരം സംസാരിച്ചു. അടുത്തമാസം മിക്കവാറും അദ്ദേഹം വൈറ്റ് ഹൗസിൽ എത്തും. ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്’– ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
യുഎസിലുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ മോദി ഉചിതമായതു ചെയ്യുമെന്നും ട്രംപ് പറഞ്ഞു. 18,000 ഇന്ത്യക്കാർ അനധികൃത കുടിയേറ്റക്കാരായി ഉണ്ടെന്നാണ് കണക്ക്. ഐടി അടക്കം വിദഗ്ധ മേഖലയിലുള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ ട്രംപ് ഭരണകൂടം അനുകൂല നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.
സൈനിക–സുരക്ഷാ മേഖലയിലെ വ്യാപാരബന്ധം ശക്തമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തെന്നാണു വിവരം. ഇന്ത്യ–പസിഫിക്, മധ്യപൂർവദേശ മേഖലകളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിഷയമായെന്ന് വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ട്രംപ് ഭരണകാലത്ത്, 2019 ൽ മോദി യുഎസ് സന്ദർശിക്കുകയും ഹൂസ്റ്റണിൽ വലിയ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. ട്രംപും ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ചതുർരാഷ്ട്ര (ക്വാഡ്) സമ്മേളനം ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ ട്രംപ് എത്തിയേക്കും.