അദാനി: മോദിയെ വിമർശിച്ച് രാഹുൽ

Mail This Article
ന്യൂഡൽഹി ∙ ഗൗതം അദാനിയെക്കുറിച്ചുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെ വാർത്താസമ്മേളനത്തിൽ നൽകിയ മറുപടിക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസിൽവച്ചുപോലും അദാനിയുടെ അഴിമതി മറച്ചുപിടിക്കാൻ മോദി ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. ‘ഇന്ത്യയിൽവച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ, നിശ്ശബ്ദനായിരിക്കും. വിദേശത്തുവച്ചു ചോദിച്ചാൽ, അത് വ്യക്തിപരമായ കാര്യമായി മാറും’– രാഹുൽ പരിഹസിച്ചു.
ഗൗതം അദാനിക്കെതിരെയുള്ള കുറ്റപത്രം സംബന്ധിച്ച് ട്രംപിനോട് ആശയവിനിമയം നടത്തിയോ എന്ന യുഎസ് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ചർച്ചയായത്. ‘ആദ്യമായി, ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്. ഞങ്ങളുടെ സംസ്കാരവും തത്വചിന്തയും ‘വസുധൈവ കുടുംബകം’ എന്നാണ്. ലോകത്തെയാകെ നാം ഒരു കുടുംബമായി കാണുന്നു. ഓരോ ഇന്ത്യക്കാരനെയും ഞാൻ എന്റേതായി കാണുന്നു’ എന്നായിരുന്നു മോദിയുടെ മറുപടി. തുടർന്ന്, രണ്ടു രാഷ്ട്ര നേതാക്കൾ തമ്മിൽ കാണുമ്പോൾ ഒരിക്കലും ഇത്തരം വ്യക്തിപരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.