ADVERTISEMENT

ന്യൂഡൽഹി ∙ സുഷമാ സ്വരാജിൽനിന്ന് ഷീലാ ദീക്ഷിതിലേക്ക്, അതിഷിയിൽനിന്ന് രേഖ ഗുപ്തയിലേക്ക്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല മുഖ്യമന്ത്രി പദത്തിൽ ഇത്രയും വനിതാ സാന്നിധ്യം. അതിഷിയെ പ്രതിപക്ഷ നേതാവാക്കാൻ എഎപി തീരുമാനിച്ചാൽ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയെന്ന പ്രത്യേകതയുമുണ്ടാവും. 

ഡൽഹിയിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടിക്കു പുറത്ത് ആദ്യം കേട്ടത് 2 പേരുകളാണ്: പർവേശ് വർമ, രേഖ ഗുപ്ത. ജാട്ട് വിഭാഗക്കാരനെന്നതിനേക്കാൾ, അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ചു എന്നതാണ് ‌പർവേശിന് പരിഗണിക്കപ്പെട്ട യോഗ്യത. സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും എഎപിയുടെ മറ്റു പ്രധാനികൾ തോറ്റതിനാൽ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയുടെ പേരിനൊപ്പം പരിഗണിക്കപ്പെട്ടു.

മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ പർവേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരുമായുള്ള അടുപ്പം പാർട്ടിക്കാർ എടുത്തുപറഞ്ഞു. മാധ്യമങ്ങൾ പർവേശിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചപ്പോൾ അത് പർവേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണെന്ന് വിമർശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പർവേശിനു സമയമനുവദിച്ചില്ലെന്ന വാർത്തയും പിന്നാലെ വന്നു.  

സംഘ് നിർദേശിച്ച പേര്;  ബനിയ, സ്ത്രീവോട്ട് ഘടകം

എബിവിപിയിൽ തുടങ്ങുന്ന സജീവ പ്രവർത്തനചരിത്രമുള്ള രേഖയ്ക്ക് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്നു വ്യക്തമായിരുന്നു. സംഘ് രേഖയുടെ പേരു മാത്രമേ നിർദേശിച്ചുള്ളു എന്നാണ് സൂചന. ഏറെയും വ്യാപാര മേഖലയിലുള്ള ബനിയ വിഭാഗത്തിൽനിന്നാണ് രേഖ. ഡൽഹിയിൽ ഈ വിഭാഗം ഏതാണ്ട് 7% മാത്രമേയുള്ളു എങ്കിലും ബിജെപിയിൽനിന്ന്  എഎപിയിലേക്ക് ഈ വിഭാഗം പിന്തുണ മാറ്റിയെന്ന വിലയിരുത്തൽ നേരത്തേയുണ്ടായിരുന്നു.  

ഉത്തരേന്ത്യയിൽ സ്ത്രീകളുടെ വോട്ട് കൂടുതലായി ബിജെപിക്കു ലഭിക്കുന്നുവെന്ന് കണക്കുകളുണ്ട്. ഈ വർഷംതന്നെ തിര‍ഞ്ഞെടുപ്പുള്ള ബിഹാറിൽ, 2020ലെ നിയമസഭയിലേക്ക് ബിജെപി ജയിച്ചതേറെയും പുരുഷൻമാരെക്കാൾ സ്ത്രീകൾ വോട്ടു ചെയ്ത മണ്ഡലങ്ങളിലാണ്. എന്നാൽ, 14 സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുള്ളപ്പോഴും അതിൽ ഒന്നുപോലും വനിതയല്ലെന്നത് പോരായ്മ തന്നെയായി പാർട്ടി വിലയിരുത്തിയിരുന്നു. ആ കുറവു പേരിനെങ്കിലും പരിഹരിച്ചു. 

സംസ്ഥാനങ്ങളിലുൾപ്പെടെ സംഘടനയിൽ കൂടുതൽ വനിതാ പ്രാതിനിധ്യത്തിന് ശ്രമമുണ്ട്; വനിതാ സംവരണ ബിൽ പാസാക്കിയെങ്കിലും നടപ്പാക്കുന്നില്ലെന്ന വിമർശനത്തെ അങ്ങനെ ഒരുപരിധിവരെ പ്രതിരോധിക്കാമെന്നാണ് പ്രതീക്ഷ. രാജ്യാന്തര പരിപാടികളിക്ക് വേദിയാവാറുള്ള ഡൽഹിയിൽ സർക്കാരിന്റെ മുഖമായി വനിതയെ അവതരിപ്പിക്കുന്നതിന്റെ മെച്ചവുമുണ്ട്.  

വനിതാ മുഖ്യമന്ത്രിമാർ: സമ്പന്നം ബിജെപി ചരിത്രം 

നിലവിൽ രാജസ്ഥാനിലും ഒഡീഷയിലും ബിജെപിക്ക് വനിതാ ഉപമുഖ്യമന്ത്രിമാരുണ്ട്: രാജസ്ഥാനിൽ ദിയാ കുമാരി, ഒഡീഷയിൽ പാർവതി പരീദ. സുഷമയ്ക്കു പുറമേ, രാജസ്ഥാനിൽ വസുന്ധര രാജെയും മധ്യപ്രദേശിൽ ഉമാ ഭാരതിയും ഗുജറാത്തിൽ ആനന്ദിബെൻ പട്ടേലും ബിജെപിയിൽനിന്ന് മുഖ്യമന്ത്രിമാരായിട്ടുണ്ട്.

2023 ൽ ത്രിപുരയിൽ വനിതാ മുഖ്യമന്ത്രിയെ ഭരണമേൽപിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ഉൾപാർട്ടി പ്രശ്നങ്ങൾ തടസ്സമായി. കേന്ദ്രത്തിൽ സാമൂഹിക നീതി – ശാക്തീകരണ സഹമന്ത്രിയായിരുന്ന പ്രതിമ ഭൗമിക്കിനെ ധൻപൂർ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി. പ്രതിമ ഭൗമിക് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയാകാത്ത സ്ഥിതിയിൽ എംഎൽഎ സ്ഥാനം രാജിവച്ചു; ഡൽഹിയിൽ മന്ത്രിയായി തുടർന്നു. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചില്ല.  

എല്ലാം അമിത് ഷായുടെ കയ്യിൽ; ഭിന്നതയ്ക്കും കളം

പർവേശിന് ഉപമുഖ്യമന്ത്രിസ്ഥാനവും കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയ്ക്ക് സ്പീക്കർ സ്ഥാനവുമെന്നാണ് ഇപ്പോഴുള്ള സൂചന. അമിത് ഷായാവും ഡൽഹിയെ നിയന്ത്രിക്കുകയെന്നു വിലയിരുത്താമെങ്കിലും പാർട്ടിയിൽ ഭിന്നതകളുണ്ടാവുക സ്വാഭാവികം.

മദൻലാൽ ഖുറാനയെ മാറ്റി സാഹിബ് സിങ് വർമയെ മുഖ്യമന്ത്രിയാക്കിയ ചരിത്രം പ്രസക്തമാണ്. സ്വസ്ഥമായി ഭരിക്കാൻ സാഹിബ് സിങ്ങിനെ ഖുറാന അനുവദിച്ചില്ല. ഭരണപരമായ മറ്റു പ്രതിസന്ധികൾക്കു പുറമേ, ഖുറാനയുടെ പോരും സാഹിബ് സിങ് രാജിവച്ച് സുഷമ സ്ഥാനമേൽക്കാൻ കാരണമായി.

English Summary:

Delhi: Analyzing the politics behind BJP's woman chief minister in Delhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com