ലോക്പാൽ വിധി: പൊതുപ്രവർത്തകർ എന്നതിൽ ഹൈക്കോടതി ജഡ്ജിമാരും പെടും; ഹൈക്കോടതി ജഡ്ജിമാർ ലോക്പാൽ പരിധിയിൽ; ഉത്തരവിനു സ്റ്റേ

Mail This Article
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പരാതി പരിഗണിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന ലോക്പാൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ലോക്പാലിന്റെ പരിഗണനയിലുള്ള പരാതിയിൽ പരാമർശിക്കുന്ന ജഡ്ജിയുടെ പേരുവിവരം പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ കോടതി, കേന്ദ്രസർക്കാരിനും ലോക്പാലിനും നോട്ടിസ് അയയ്ക്കുകയും ചെയ്തു. ലോക്പാൽ വിധിക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണു നടപടി.
ലോക്പാൽ പറഞ്ഞത്
സ്വകാര്യ കമ്പനിയെ സഹായിക്കാൻ അഡിഷനൽ ജില്ലാ ജഡ്ജിയെയും മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി സ്വാധീനിച്ചെന്നാണു ലോക്പാലിനു മുൻപിലുള്ള പരാതി. ഇതു പരിഗണിക്കാൻ അധികാരമുണ്ടെന്നു ജനുവരി 27നു ലോക്പാൽ ഉത്തരവിറക്കി.
പൊതുപ്രവർത്തകർ എന്ന നിർവചനത്തിന്റെ പരിധിയിൽ ഹൈക്കോടതി ജഡ്ജിമാർ വരുമെന്നും അതിനാൽ പരാതി പരിഗണിക്കാൻ അധികാരമുണ്ടെന്നുമാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാൽ ബെഞ്ച് പറഞ്ഞത്. ഹൈക്കോടതി ജഡ്ജിമാർ ലോക്പാലിന്റെ പരിധിയിൽ വരില്ലെന്ന വാദം അത്ര നിഷ്കളങ്കമല്ലെന്നു മുൻ സുപ്രീം കോടതി ജഡ്ജി കൂടിയായ ജസ്റ്റിസ് ഖാൻവിൽക്കർ വിശദീകരിച്ചു.
സുപ്രീം കോടതി പറയുന്നത്
ലോക്പാൽ നടത്തിയ പരാമർശങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നു ജഡ്ജിമാരായ ബി.ആർ.ഗവായ്, സൂര്യകാന്ത്, അഭയ് എസ്.ഓക്ക എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഭരണഘടന നിലവിൽ വന്നതു മുതൽ ഹൈക്കോടതി ജഡ്ജിമാർ ഭരണഘടനാ അതോറിറ്റികളാണെന്നും ലോക്പാൽ വിശദീകരിച്ചതു പോലെ നിയമപരമായ ചുമതല വഹിക്കുന്നവർ മാത്രമല്ലെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജിയെ ലോക്പാലിന്റെ പരിധിയിൽ കൊണ്ടുവരികയെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാരും സുപ്രീം കോടതിയുടെ അഭിപ്രായത്തോടു യോജിച്ചു. ലോക്പാൽ നൽകിയ വിശദീകരണം തെറ്റാണെന്നു സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരിച്ചു. ലോക്പാൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നു സീനിയർ അഭിഭാഷകൻ കപിൽ സിബലും ആവശ്യപ്പെട്ടു.