മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിൽ അനിവാര്യം: ജസ്റ്റിസ് ഓക; ഐപിഐ പുരസ്കാരങ്ങൾ സമ്മാനിച്ചു

Mail This Article
ന്യൂഡൽഹി ∙ മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ രാജ്യത്ത് അനിവാര്യമാണെന്ന് സുപ്രീംകോടതി ജഡ്ജി അഭയ് എസ്.ഓക അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകരുടെ മേലുള്ള ഏതു സമ്മർദവും സമൂഹത്തെ ബാധിക്കുമെന്നും പത്രപ്രവർത്തന മികവിനുള്ള 2024ലെ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ഇന്ത്യ ചാപ്റ്ററിന്റെ പുരസ്കാരങ്ങൾ സമ്മാനിച്ച് അദ്ദേഹം പറഞ്ഞു.
ജനാധിപത്യം നിലനിൽക്കുന്നതിനും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ജുഡീഷ്യറിക്കെന്നപോലെ മാധ്യമപ്രവർത്തകർക്കും നിർണായക പങ്കുണ്ട്. രാഷ്ട്രീയ–സാമ്പത്തിക പക്ഷപാതങ്ങളിൽപെടാതെ നീതിയുക്തമായ വിധി എഴുതുന്നതിൽ ജഡ്ജി പുലർത്തുന്ന അതേ പവിത്രത സത്യസന്ധമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകൻ പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുക്രെയ്നിലെ യുദ്ധമേഖലകളിലൂടെ യാത്ര ചെയ്തു തയാറാക്കിയ റിപ്പോർട്ടിനും ചിത്രങ്ങൾക്കുമുള്ള അംഗീകാരമായി ദ് വീക്കിലെ ഫോട്ടോ എഡിറ്റർ ഭാനു പ്രകാശ് ചന്ദ്ര പുരസ്കാരം ഏറ്റുവാങ്ങി. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വാർത്തകൾക്കുള്ള പ്രത്യേക പരാമർശത്തിന് അർഹരായ ദ് പ്രിന്റ്, ദ് ഹിന്ദു (വിജൈത സിങ്), ദ് കാരവൻ (ഗ്രീഷ്മ കുതാർ), സ്ക്രോൾ (അരുണഭ് സൈക്കിയ, തോറ അഗർവാല), ഇന്ത്യ ടുഡേ (അശുതോഷ് മിശ്ര) എന്നിവയ്ക്കും അവാർഡ് സമ്മാനിച്ചു.
പത്രപ്രവർത്തകരുടെ ലാപ്‌ടോപ്പുകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള സർക്കാരുകളുടെ സമീപകാല നടപടികളിൽ സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി. ലോക്കുർ അധ്യക്ഷ പ്രസംഗത്തിൽ ആശങ്ക രേഖപ്പെടുത്തി. 57 പത്രപ്രവർത്തകർ കൊല്ലപ്പെട്ട യുക്രെയ്ൻ യുദ്ധത്തിൽ ജീവൻ പണയപ്പെടുത്തി സത്യം കണ്ടെത്തി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് യുക്രെയ്ൻ അംബാസഡർ ഡോ.ഒലക്സാണ്ടർ പൊളിഷ്ച്ചക് നന്ദി പറഞ്ഞു. തെറ്റായ വിവരങ്ങൾ എങ്ങനെ ഒരു സമൂഹത്തിൽ കലാപമുണ്ടാക്കിയെന്നതിനു തെളിവാണ് മണിപ്പുരിൽ സംഭവിച്ചതെന്നും സംസ്ഥാനത്തെക്കുറിച്ചുള്ള നിജസ്ഥിതി ലോകം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള പറഞ്ഞു.
പിടിഐ എഡിറ്റർ ഇൻ ചീഫ് വിജയ് ജോഷി, ദ് വീക്ക് ഡൽഹി റസിഡന്റ് എഡിറ്റർ ആർ.പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.