അദാനി വിഷയം: കോൺഗ്രസ് ഇറങ്ങിപ്പോയി; ഒപ്പം ചേരാതെ മറ്റു പ്രതിപക്ഷ പാർട്ടികൾ

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന്റെ കാറ്റാടി–സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രമന്ത്രി ഒഴുക്കൻ മറുപടി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇറങ്ങിപ്പോയി. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ചോദ്യം ഉന്നയിച്ചത്. പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയോ എന്നായിരുന്നു ചോദ്യം. ഏതൊരു പദ്ധതിക്കും ലൈസൻസ് നൽകുന്നതിനു മുൻപ് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ക്ലിയറൻസ് തേടാറുണ്ടെന്ന മറുപടിയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നൽകിയത്. ഇതിൽ തൃപ്തരാകാതെ കോൺഗ്രസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
മറ്റ് പ്രതിപക്ഷകക്ഷികൾ ഇറങ്ങിയില്ല. വോക്കൗട്ട് നടത്തിയപ്പോഴും സമാജ്‍വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ പങ്കെടുത്തില്ല. അദാനിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിക്കൊണ്ടുവരുന്ന പ്രതിഷേധങ്ങളിൽ പല പ്രതിപക്ഷകക്ഷികൾക്കും താൽപര്യമില്ലെന്നു മുൻപും സൂചനയുണ്ടായിരുന്നു.