ഇന്ത്യ – മൊറീഷ്യസ്: വ്യാപാരം, സമുദ്ര സുരക്ഷാ മേഖലയിൽ വൻ സഹകരണം

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയും മൊറീഷ്യസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം മെച്ചപ്പെടുത്താൻ സംയുക്ത നയരേഖ അവതരിപ്പിച്ചു. വ്യാപാരം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള 8 കരാറുകളിൽ ഒപ്പിടുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊറീഷ്യസ് സന്ദർശനത്തിനിടെ, അവിടത്തെ പ്രധാനമന്ത്രി നവീൻ റാംഗുലാമുമായുള്ള ചർച്ചയിലാണു തീരുമാനങ്ങളെടുത്തത്.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾ ദേശീയ കറൻസിയിൽ നടത്തുന്നതിനുൾപ്പെടെ ധാരണയായി. നിലവിൽ ഡോളറിൽ നടക്കുന്ന ഇടപാടുകളാണ് ഇനി മുതൽ ദേശീയ കറൻസികളിൽ നടത്തുക.
സഹകരണം മെച്ചപ്പെടുത്താനുള്ള ‘മഹാസാഗർ’ (മ്യൂച്ചൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെന്റ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് എക്രോസ് റീജൻസ്) എന്ന നയവും പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് ഇടപെടലിനെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടെയാണ് പുതിയ ആശയവും അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സൗജന്യവും സുരക്ഷിതവുമായ ഇടപാടുകൾ ഇരു രാജ്യങ്ങളുടെയും മുൻഗണനാ വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻപ് കരാറായിരുന്ന 100 ഇലക്ട്രിക് ബസുകൾ കൃത്യസമയത്ത് ലഭ്യമാക്കുമെന്നും ഇതിനുള്ള ചാർജിങ് കേന്ദ്രങ്ങൾ ക്രമീകരിക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊറീഷ്യസിലെ 100 കിലോമീറ്റർ ശുദ്ധജല വിതരണ പൈപ്പ് ശൃംഖല ഇന്ത്യയുടെ സഹായത്തോടെ പുനഃസ്ഥാപിക്കും. മൊറീഷ്യസിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിനും സഹായം ലഭ്യമാക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ ഇന്ത്യയിൽ പരിശീലനം ലഭ്യമാക്കും.
മൊറീഷ്യസിന്റെ ദേശീയ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ് സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ (ജിസിഎസ്കെ) മോദിക്കു ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യൻ സായുധസേനയിലെ അംഗങ്ങളും ഇന്ത്യൻ നാവികസേനയുടെ കപ്പലും വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈ ഡൈവിങ് സംഘവും ദേശീയ ദിനാഘോഷത്തിൽ ഭാഗമായി.