മാർക്ക് കാർണി മിതവാദി; കാനഡ ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഇന്ത്യ

Mail This Article
ന്യൂഡൽഹി ∙ ഒരേ പാർട്ടിക്കാരാണെങ്കിലും കാനഡയുടെ നിയുക്ത പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയങ്ങൾ കഴിഞ്ഞ 9 കൊല്ലത്തെ ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽനിന്നു വ്യത്യസ്തമായിരിക്കുമെന്നാണു കരുതുന്നത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചമാക്കാൻ അവസരമുണ്ടെന്നു തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരാഴ്ച മുൻപു കാർണി പറഞ്ഞിരുന്നു. ട്രൂഡോയുടെ വിശ്വസ്തനെങ്കിലും ട്രൂഡോയെപ്പോലെ കടുത്ത ഇടതുപക്ഷക്കാരനല്ല കാർണി. പൊതുവേ മിതവാദി. ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നീ സെൻട്രൽ ബാങ്കുകളുടെ പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹം അതു തെളിയിച്ചതാണ്.
അതേസമയം, കാർബൺ നികുതി ഏർപ്പെടുത്തുക, കടുത്ത കാലാവസ്ഥാ നയവുമായി മുന്നോട്ടുപോവുക എന്നീ ലിബറൽ പാർട്ടി നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം തയാറാകില്ല. മുന്നാക്ക രാജ്യങ്ങൾ സ്വയം കടുത്ത കാലാവസ്ഥാനയങ്ങൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യയെപ്പോലുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് ഇദ്ദേഹം സ്വീകാര്യനായെന്നു വരും.
കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25% വരെ ചുങ്കം ഏർപ്പെടുത്തിയതോടെ അമേരിക്കയുമായുള്ള വ്യാപാരബന്ധം ഏറ്റവും മോശപ്പെട്ട സ്ഥിതിയിലാണ്. വിപുലമായ വാണിജ്യസാധ്യതയുള്ള ഇന്ത്യ, ബ്രസീൽ പോലുള്ള വികസ്വരരാജ്യങ്ങളിലായിരിക്കും ഇതോടെ കാനഡയുടെ നോട്ടം.
ഹർദീപ് സിങ് നിജ്ജർ എന്ന സിഖ് തീവ്രവാദിയുടെ വധത്തിനുപിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്ന് ആരോപിച്ചാണ് ട്രൂഡോ ഇന്ത്യയുമായി ഇടഞ്ഞത്. ഹൈക്കമ്മിഷണർമാരെ പുറത്താക്കുന്ന നിലവരെ എത്തി. ഏതായാലും നിജ്ജർ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസിന്റെ തലവൻ ഡാനിയൽ റോജേഴ്സ് അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നതു തന്നെ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമമുണ്ടെന്നതിന്റെ സൂചനയാണ്.
338 സീറ്റുള്ള പാർലമെന്റിൽ വെറും 154 സീറ്റുള്ള ട്രൂഡോയുടെ ലിബറൽ പാർട്ടി കഴിഞ്ഞ 3 കൊല്ലമായി കാനഡ ഭരിച്ചുകൊണ്ടിരുന്നത് ജഗ്‌മിത് സിങ് എന്ന സിഖുകാരൻ നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) യുടെ 24 എംപിമാരുടെ പിന്തുണയോടെയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ എൻഡിപി പിന്തുണ പിൻവലിച്ചതോടെ ട്രൂഡോയുടേതു ന്യൂനപക്ഷസർക്കാരായി. അന്നു മുതൽ പ്രതിപക്ഷത്തിന്റെ കാരുണ്യത്തിലാണ് ട്രൂഡോ തുടർന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കും താൽപര്യമില്ലാത്തതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തതെന്നാണു കരുതുന്നത്. ഇക്കൊല്ലം ഒക്ടോബർ വരെയാണു സഭയുടെ കാലാവധി.