കർഷകത്തൊഴിലാളികളെയും പിഎം കിസാനിൽ ചേർക്കണം: പാർലമെന്റ് സമിതി നിർദേശം

Mail This Article
ന്യൂഡൽഹി ∙ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിവർഷം 6,000 രൂപ നൽകുന്ന പിഎം കിസാൻ പദ്ധതിയിൽ കർഷകത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തണമെന്നു കൃഷിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്ഥിരം സമിതി നിർദേശിച്ചു. വിള ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ കർഷകത്തൊഴിലാളികൾക്കു കൂടി ലഭ്യമാക്കണമെന്നും സമിതി നിർദേശിച്ചു.
കർഷകത്തൊഴിലാളികളെക്കൂടി ചേർത്തു കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള വകുപ്പുകളുടെ പേരുമാറ്റണമെന്നും സമിതി നിർദേശിച്ചു. ദരിദ്രകർഷകർക്കു സബ്സിഡികളും മറ്റാനുകൂല്യങ്ങളും നൽകുന്നതിനൊപ്പം കാർഷികമേഖലയിലെ മറ്റ് വിഭാഗങ്ങൾക്കുകൂടി സഹായങ്ങൾ ലഭ്യമാക്കണം.
വൈക്കോലിന് ഇൻസെന്റീവ്
വിളവെടുപ്പിനു ശേഷം വൈക്കോൽ നശിപ്പിക്കാൻ നെൽകർഷകർക്ക് ഇൻസെന്റീവ് നൽകണമെന്നും സമിതി നിർദേശിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വിളവെടുപ്പിന് ശേഷം പാടത്തു വൈക്കോൽ കൂട്ടിയിട്ടു കത്തിക്കുന്നതു ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണു നിർദേശം. കാർഷികാവശിഷ്ടങ്ങൾ ഉപയോഗിച്ചു പ്രകൃതിവാതക/ഇന്ധന ഉൽപാദനത്തിനും വഴി തേടണമെന്നു കോൺഗ്രസ് എംപി ചരൺജീത് സിങ് ചന്നിയുടെ അധ്യക്ഷതയിലുള്ള സമിതി നിർദേശിച്ചു.