ഇന്ത്യ – ന്യൂസീലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചർച്ചയ്ക്ക് ധാരണ; സേവനമേഖലയിൽ നോട്ടമിട്ട് ഇന്ത്യ

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ആരംഭിക്കാൻ ധാരണയായി. ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ 5 ദിവസത്തെ ഇന്ത്യാസന്ദർശനത്തിനു ഡൽഹിയിലെത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം. വാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസീലൻഡ് വ്യാപാരമന്ത്രി ടോഡ് മക്ലേയും ഇന്നലെ കൂടിക്കാഴ്ച നടത്തി.
14 വർഷം മുൻപ് ഇരുരാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ തുടങ്ങിയെങ്കിലും പിന്നീടു മുടങ്ങി. പുതിയ ചർച്ചകളിൽ വൈൻ അടക്കമുള്ളവയുടെ തീരുവയിൽ ഇളവുണ്ടായേക്കും. സേവനമേഖലയിലാണ് ഇന്ത്യയുടെ നോട്ടം. വിദഗ്ധ തൊഴിലാളികൾക്കു കൂടുതൽ തൊഴിൽ വീസ ലഭ്യമാക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ഇന്ത്യ ഉന്നയിച്ചേക്കാം.
പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ലക്സണിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ തുടങ്ങിയവരുമായി ലക്സൺ കൂടിക്കാഴ്ച നടത്തും.