ആഘോഷം ഒരുക്കാൻ ജുലാസൻ; സുനിതയുടെ ഇന്ത്യയിലെ പിതൃഗ്രാമം

Mail This Article
അഹമ്മദാബാദ് ∙ നീണ്ടനാൾ കഴിഞ്ഞ് പേരക്കുട്ടി വീട്ടിലേക്കു വരുമ്പോൾ വീടൊരുക്കുന്നതു പോലുള്ള കാഴ്ചയാണു ഗുജറാത്തിലെ ജുലാസനിൽ. ഉത്സവവും വെടിക്കെട്ടുമൊക്കെയായി സുനിതയുടെ മടക്കം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു സുനിതയുടെ പിതൃഗ്രാമത്തിലെ നാട്ടുകാർ. സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്സാന ജില്ലയിലുള്ള ഈ ഗ്രാമത്തിലാണു ജനിച്ചത്. 1957 ൽ അദ്ദേഹം യുഎസിലേക്കു കുടിയേറി. വധിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേൻ പാണ്ഡ്യയുടെ ഇളയച്ഛനാണു ഡോ. ദീപക് പാണ്ഡ്യ.
സുനിത സുരക്ഷിതമായി മടങ്ങിവരാൻ പ്രത്യേക പ്രാർഥനകൾ നാട്ടുകാർ നടത്തുന്നുണ്ട്. സുനിത തിരിച്ചുവന്നശേഷം ഇന്ന് ഗ്രാമത്തിലെ ദേവീക്ഷേത്രത്തിൽ അഖണ്ഡ ജ്യോതി തെളിക്കും. പ്രത്യേക പ്രാർഥനാജാഥയും പിന്നീട് വെടിക്കെട്ടും നടത്തുമെന്ന് ഗ്രാമത്തിൽ ജീവിക്കുന്ന സുനിതയുടെ ബന്ധുവായ നവീൻ പാണ്ഡ്യ പറഞ്ഞു. തിരിച്ചെത്തിയശേഷം സുനിതയെ ജുലാസനിലേക്കു ക്ഷണിക്കുമെന്നും നാട്ടുകാർ പറയുന്നു.
2007 ൽ റെക്കോർഡുകൾ ഭേദിച്ച ആദ്യ ബഹിരാകാശ യാത്ര നടത്തിയശേഷം സുനിത ജുലാസനിലെത്തിയിരുന്നു. അന്നു ജനങ്ങൾ നൽകിയ വലിയ സ്വീകരണച്ചടങ്ങിൽ ‘അമേരിക്കൻ പൗരത്വമാണ് എനിക്കുള്ളതെങ്കിലും ഞാൻ ഇപ്പോഴും ഇന്ത്യയുടെ പുത്രിയാണ്; ജുലാസന്റെ പുത്രിയാണ്’ എന്നു സുനിത പറഞ്ഞത് നാട്ടുകാർ ഓർക്കുന്നു. അന്ന് ഗ്രാമക്ഷേത്രത്തിൽ സുനിത ദർശനം നടത്തിയിരുന്നു.