ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028ൽ

Mail This Article
തിരുവനന്തപുരം ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് സുനിതാ വില്യംസ് ഭൂമിയുടെ സുരക്ഷിതത്വത്തിലേക്കു മടങ്ങിയെത്തുമ്പോൾ, സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ നിർമിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് സുനിതയുടെ പിതൃരാജ്യമായ ഇന്ത്യ. 2028 ൽ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ സ്ഥാപിക്കാനും അതിനു മുൻപ് ഗഗൻയാൻ ദൗത്യത്തിലൂടെ യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുമാണ് ഇന്ത്യ തയാറെടുക്കുന്നത്.
സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ നീണ്ട നാൾ തങ്ങേണ്ടി വന്നത് സാങ്കേതികവിദ്യയിലെ പോരായ്മ കൊണ്ടല്ലെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു. ബോയിങ് കമ്പനിയും ഇലോൺ മസ്കിന്റെ സ്പേസ്എക്സും തമ്മിലുള്ള മത്സരമാണു കാരണം. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഇപ്പോഴത്തെ നിലയിൽ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണ്. ഭാവിയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിക്കുമ്പോൾ മത്സരം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ആലോചിക്കേണ്ടി വരുമെന്നും സോമനാഥ് പറഞ്ഞു. പിഴവു കൂടാതെ ബഹിരാകാശ നിലയം സ്ഥാപിക്കാനും ബഹിരാകാശ യാത്രകൾക്കും ആവശ്യമായ ഡേറ്റ ഐഎസ്ആർഒയ്ക്ക് ഉണ്ടെന്നു ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു.
ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ
എൽവിഎം3 റോക്കറ്റും അതിന്റെ ദ്രവ ഇന്ധന ഘട്ടത്തിനു പകരം സെമി ക്രയോജനിക് മോട്ടർ ചേർത്തുള്ള വേരിയന്റും ഉപയോഗിച്ച് പലഘട്ടങ്ങളായാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിച്ചു കൂട്ടിച്ചേർക്കുകയെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) പൂർത്തിയായാൽ വലിയ മൊഡ്യൂളുകൾ വിക്ഷേപിക്കാൻ അത് ഉപയോഗിക്കാം. ആദ്യത്തെ മൊഡ്യൂളിന് പരമാവധി 3.8 മീറ്റർ വ്യാസമേ ഉണ്ടാകൂ.
മൊഡ്യൂളുകൾ ബഹിരാകാശത്തു കൂട്ടിച്ചേർത്ത് അന്തരീക്ഷ സ്റ്റേഷൻ നിർമിച്ച ശേഷം അതിൽ ഊർജോൽപാദനം, മർദക്രമീകരണം, സ്വിച്ച് ഓൺ– ഓഫ് പരീക്ഷണങ്ങൾ, ഓക്സിജൻ ലഭ്യത തുടങ്ങി മനുഷ്യജീവിതം സാധ്യമാക്കുന്ന സാഹചര്യങ്ങൾ ഉറപ്പാക്കും. ആളില്ലാതെയും റോബട്ടിക് സങ്കേതങ്ങളുപയോഗിച്ചും പല ഘട്ടങ്ങളിൽ പരീക്ഷണം നടത്തി ഉറപ്പിച്ച ശേഷമേ മനുഷ്യരെ അന്തരീക്ഷ സ്റ്റേഷനിൽ എത്തിക്കാനാകൂ.