ADVERTISEMENT

ന്യൂ‍ഡൽ‌ഹി ∙ ഒറ്റരാത്രികൊണ്ട് സമരപ്പന്തലുകൾ ഒഴിപ്പിച്ചു. പ്രധാന നേതാക്കളെയും മുന്നൂറിലേറെ കർഷകരെയും അറസ്റ്റ് ചെയ്തു. സമരത്തെ പിന്തുണച്ചിരുന്ന പഞ്ചാബ് സർക്കാർ നിലപാടു മാറ്റിയതോടെ പഞ്ചാബ്–ഹരിയാന അതിർത്തികളിലെ കർഷകസമരത്തിന്റെ ഭാവി തുലാസിലായി. ‘ആം ആദ്മി പാർട്ടി പിന്നിൽനിന്നു കുത്തി. കേന്ദ്രവുമായി കൈകോർത്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ കർഷകർക്കെതിരെ തിരിഞ്ഞു’– കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) നേതാവ് സത്‌നാം സിങ് പന്നു പറഞ്ഞു. എഎപിയുടെ നടപടിയെ കോൺഗ്രസും ബിജെപിയും വിമർശിച്ചു.

ലുധിയാന വെസ്റ്റിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വ്യാപാരികളുടെ പിന്തുണ നഷ്ടപ്പെടുമെന്നു ഭയന്നാണ് എഎപിയുടെ പിൻമാറ്റമെന്നു വിലയിരുത്തലുണ്ട്. കർഷകസമരത്തിനു പിന്തുണ കുറഞ്ഞതും സമരം ഒഴിപ്പിക്കാൻ സർക്കാരിനു ധൈര്യം പകർന്നു. അതിനിടെ കർഷകരെ തള്ളി പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ രംഗത്തെത്തി. കർഷകരുടെ എതിർപ്പുകൾ കേന്ദ്രത്തോടാണ്. അതിനു പഞ്ചാബിനെ സ്തംഭിപ്പിക്കാതെ ഡൽഹിയിൽ സമരം ചെയ്യണമെന്നു ചീമ പറഞ്ഞു.

പഞ്ചാബ് സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ഉഗ്രഹൻ) പറഞ്ഞതോടെ സംഘടനകൾക്കിടയിലും അഭിപ്രായവ്യത്യാസമുണ്ടെന്നു വ്യക്തമായിരുന്നു. ഇവർക്കു പുറമേ സംയുക്ത കിസാൻ മോർച്ചയെയും ചർച്ചയ്ക്കു വിളിച്ചിരുന്നു. പഞ്ചാബ്, ഹരിയാന സർക്കാരുകളുടെ നടപടികൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എസ്കെഎം നേതാക്കൾ പറഞ്ഞു. അറസ്റ്റിലായ കർഷകരും നേതാക്കളും പൊലീസ് സ്റ്റേഷനുകളിൽ നിരാഹാരമാരംഭിച്ചിട്ടുണ്ട്.

പഞ്ചാബ്–ഹരിയാന അതിർത്തികളിലെ സമരക്കാരെ ഒഴിപ്പിച്ചതിനു പിന്നാലെ, അടച്ചിട്ടിരുന്ന ഡൽഹിക്കും ഹരിയാനയ്ക്കുമിടയിലെ സിംഗു അതിർത്തിയും പൊലീസ് തുറന്നു. 2020–21 ലെ കർഷക സമരത്തെത്തുടർന്ന് അടച്ച അതിർത്തിയാണിത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ മുൻപു നടന്ന കർഷക സമരത്തിനു രാജ്യവ്യാപക പിന്തുണയുണ്ടായിരുന്നെങ്കിലും പഞ്ചാബ്– ഹരിയാന അതിർത്തിയിൽ സമരത്തിന് ഈ പിന്തുണ ലഭിച്ചില്ല. 

റോഡ് അടച്ചതോടെ പഞ്ചാബിലെ ഉൾപ്രദേശങ്ങളിലെ പെട്രോൾ പമ്പുകളും ചായക്കടകളും കച്ചവടമില്ലാതെ പൂട്ടി. സമരം നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ രംഗത്തെത്തി. സമരത്തിനൊപ്പം കഴിഞ്ഞ നവംബർ 26ന് ജഗ്ജീത് സിങ്ങ് ധല്ലേവാൾ തുടങ്ങിയ മരണംവരെ നിരാഹാരം തുടരുന്നു. 400 ദിവസത്തിലേറെ നീണ്ട സമരത്തിനിടെ 45 കർഷകർ മരണമടഞ്ഞു. കണ്ണീർവാതക പ്രയോഗത്തിൽ 500ലേറെപ്പേർക്കു പരുക്കേറ്റു.

English Summary:

Punjab Farmer Protest Crackdown: Punjab farmer protests abruptly ended after the state government's swift action. The AAP's decision to clear the protest camps has drawn widespread criticism from farmer organizations and opposition parties.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com