ജഡ്ജിയുടെ വസതിയിലെ പണം: അമ്പരപ്പോടെ നിയമവൃത്തം; അണയുമോ വിവാദത്തീ

Mail This Article
ന്യൂഡൽഹി ∙ മികച്ച ജഡ്ജി എന്നു പേരെടുത്ത ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ഉയർന്ന ആരോപണം ഡൽഹിയിലെ നിയമവൃത്തങ്ങളെ അമ്പരപ്പിക്കുക സ്വാഭാവികം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ തുടങ്ങിയതായി സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും ജഡ്ജിയുടെ വീട്ടിൽ തങ്ങൾ പണം കണ്ടില്ലെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞതോടെ വിഷയം സങ്കീർണമായി. പരസ്യപ്രതികരണത്തിന് ജസ്റ്റിസ് വർമ തയാറായിട്ടുമില്ല.
-
Also Read
കുത്താതെ അറിയാം പഞ്ചസാരയുടെ അളവ്
അഴിമതിയാരോപണങ്ങളിൽ ഹൈക്കോടതി ജഡ്ജിമാർ ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുമെന്നു കഴിഞ്ഞ ജനുവരി 27ന് ലോക്പാൽ ഉത്തരവിട്ടിരുന്നു. വിഷയം സ്വമേധയാ പരിഗണിച്ച സുപ്രീം കോടതി കഴിഞ്ഞ മാസം 20ന് ആ ഉത്തരവ് സ്റ്റേ ചെയ്തു. അതിനു പിന്നാലെയാണ് ജഡ്ജിയ്ക്കെതിരെ ആരോപണമുണ്ടായിരിക്കുന്നത്. ഇതു ജഡ്ജിനിയമന സംവിധാനം കുറ്റമറ്റതാക്കാൻ കൂടുതൽ നടപടികൾക്ക് സുപ്രീം കോടതിയെയും കേന്ദ്ര സർക്കാരിനെയും നിർബന്ധിക്കുന്നു.
ആരോപിക്കപ്പെടുന്ന സംഭവം കഴിഞ്ഞ 14ന് ആണ് ഉണ്ടായത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ പത്രവാർത്തയിലൂടെയാണ് അതു പുറംലോകമറിഞ്ഞത്. രാജ്യസഭയിലുൾപ്പെടെ വിഷയം ചർച്ചയായതിനു പിന്നാലെ, വൈകുന്നേരം സുപ്രീം കോടതിയിൽനിന്നു പ്രസ്താവനയുണ്ടായി. അതു തുടങ്ങുന്നത് ‘ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിലെ സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ്.
വിഷയത്തെക്കുറിച്ച് പരസ്യചർച്ചയുണ്ടായപ്പോൾ മാത്രം രംഗത്തുവന്നതിനെ സുപ്രീം കോടതിക്കു ന്യായീകരിക്കാം. ജഡ്ജിമാർക്കെതിരായ പരാതികളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ രഹസ്യമായിരിക്കണം എന്നു സുപ്രീം കോടതിതന്നെ 2015 ൽ മധ്യപ്രദേശിലെ ഒരു കേസിൽ നൽകിയ വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും തങ്ങളുടെയും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ഭാഗത്തുനിന്നുള്ള തുടർനടപടികൾ സുപ്രീം കോടതി പ്രസ്താവനയിലൂടെ വിശദീകരിച്ചു.
പണം കണ്ടെത്തിയില്ല എന്നു പറഞ്ഞതിനൊപ്പം, തീയണച്ചശേഷം പൊലീസിനെ വിവരമറിയിച്ചിട്ടാണ് അഗ്നിരക്ഷാ സേന ജഡ്ജിയുടെ വീട്ടിൽനിന്നു പോയതെന്നുകൂടി സേനയുടെ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തുടർന്നുണ്ടായതെന്തെന്ന് ഡൽഹി പൊലീസ് പറഞ്ഞിട്ടില്ല. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയമാണു വിവരങ്ങൾ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചതെന്നു റിപ്പോർട്ടുകളുണ്ട്.
‘തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങൾ തുടങ്ങി’യെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. കൊളീജിയം 20ന് യോഗം ചേരുന്നതിനു മുൻപുതന്നെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നടപടി ഉണ്ടായെന്നും. അന്വേഷണ റിപ്പോർട്ട് ലഭിക്കും മുൻപേ ജസ്റ്റിസ് വർമയെ മാതൃഹൈക്കോടതിയായ അലഹാബാദിലേക്കു തിരിച്ചയയ്ക്കാം എന്ന നിർദേശം വന്നുവെന്നും സുപ്രീം കോടതിയുടെ പ്രസ്താവനയിൽനിന്നു മനസ്സിലാക്കാം. അന്വേഷണത്തെയും സ്ഥലംമാറ്റ നിർദേശത്തെയും രണ്ടായി കാണണമെന്നാണു പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ജഡ്ജിയുടെ വീട്ടിൽനിന്നു വൻതോതിൽ നോട്ടുകൾ കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കൊളീജിയം കണ്ടുവെന്നും റിപ്പോർട്ടുണ്ട്.
സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജിക്കെതിരെ ‘പരാതി’യുണ്ടായാൽ തുടർന്നുണ്ടാവേേണ്ട നടപടികൾ 1999 ൽ സുപ്രീം കോടതിതന്നെ അംഗീകരിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിയെക്കുറിച്ചു പരാതി ലഭിക്കുകയും പരിശോധനയിൽ ഗൗരവമില്ലാത്തതെന്ന് ചീഫ് ജസ്റ്റിസിനു തോന്നുകയും ചെയ്താൽ അക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കണം.
ഗൗരവമുള്ളതെങ്കിൽ, ആരോപണവിധേയനോടു വിശദീകരണം ചോദിക്കണം. തുടർനടപടി ആവശ്യമില്ലെന്നു ജഡ്ജിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ വിഷയം അവിടെ അവസാനിപ്പിക്കാം. എന്നാൽ, അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു തോന്നുന്നതെങ്കിൽ ജഡ്ജി നൽകിയ മറുപടി സഹിതം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൈമാറണം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസാണു 2 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും ഒരു ഹൈക്കോടതി ജഡ്ജിയുമുൾപ്പെടുന്ന അന്വേഷണ സമിതിയെ നിയോഗിക്കുക. പരാതിയിൽ കഴമ്പുണ്ടെന്നു സമിതി കണ്ടെത്തിയാൽ രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ ചെയ്യാൻ ആരോപണവിധേയനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടും. അതിനു ജഡ്ജി തയാറാവുന്നില്ലെങ്കിൽ അദ്ദേഹത്തെ ജുഡീഷ്യൽ ജോലികളിൽനിന്നു മാറ്റിനിർത്താൻ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസിനോടു നിർദേശിക്കും. ഒപ്പം, പുറത്താക്കൽ നടപടികൾക്കായി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വിവരമറിയിക്കും. ജസ്റ്റിസ് വർമയെ സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്തു ചെയ്യുന്നുവെന്നാണ് വ്യക്തമാകേണ്ടത്.
വിവാദ കേസുകൾ പരിഗണിച്ച ജഡ്ജി
ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പു ഘട്ടത്തിൽ കോൺഗ്രസിനു തിരിച്ചടിയായ ആദായനികുതി കേസ് (3 വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി തള്ളി) ഉൾപ്പെടെ ഒട്ടേറെ വിവാദ കേസുകൾ പരിഗണിച്ചയാളാണ് ജസ്റ്റിസ് യശ്വന്ത് വർമ.
രാജ്യത്തെ നടുക്കിയ ഉന്നാവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. ഗോരഖ്പുർ മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ 63 നവജാത ശിശുക്കൾ മരിച്ച കേസിൽ യോഗി സർക്കാർ പ്രതിയാക്കിയ ഡോ. കഫീൽ ഖാനു ജാമ്യം അനുവദിച്ചതും ജസ്റ്റിസ് യശ്വന്തായിരുന്നു.
ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ മുതിർന്ന ജഡ്ജിയായ യശ്വന്ത് അലഹാബാദ് സ്വദേശിയാണ്. 22 വർഷത്തെ അഭിഭാഷക പരിചയമുണ്ട്. ദീർഘകാലം യുപി സർക്കാരിന്റെ അഭിഭാഷകനായിരുന്നു. 2014 ലാണ് അലഹാബാദ് ഹൈക്കോടതിയിൽ ജഡ്ജിയായത്.
2021ൽ ഡൽഹി ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം കിട്ടി. ജിഎസ്ടി ഉൾപ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പീലുകളും പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന്റെ അധ്യക്ഷനാണ്.
പണം ആരുടേതെന്ന് കണ്ടെത്തണം: കോൺഗ്രസ്
ന്യൂഡൽഹി ∙ ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിലുണ്ടായിരുന്നതായി പറയുന്ന പണം ആരുടേതാണെന്നു കണ്ടെത്തണമെന്നും കേവലം ജസ്റ്റിസിന്റെ സ്ഥലംമാറ്റം കൊണ്ടു പ്രശ്നം തീരില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു.
കോടതികളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ടെന്ന ആരോപണം കടുപ്പിച്ചു കൊണ്ടാണ് വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെക്കാൾ ഭംഗിയായി അഗ്നിരക്ഷാ സേനയാണു ജോലി ചെയ്യുന്നതെന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം. ഉന്നാവിലെ പീഡനക്കേസുൾപ്പെടെ പ്രധാനപ്പെട്ട പല കേസുകളും കൈകാര്യം ചെയ്തയാളാണ് ആരോപണവിധേയനായ ജസ്റ്റിസ്. നീതിദേവതാശിൽപത്തിലെ കണ്ണുകളുടെ കെട്ടഴിച്ച മുൻ ചീഫ് ജസ്റ്റിസ് നിയമം അന്ധയല്ല എന്നാണു പറഞ്ഞത്. ഇത് ഈ കേസിൽ തെളിയിക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
പ്രതികരണത്തിനില്ല: ബിജെപി
കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരണത്തിന് ഇല്ലെന്നും വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണെന്നും ബിജെപി പറഞ്ഞു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വാർത്തകളിൽനിന്നു വ്യക്തമാകുന്നതെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഷിബു സോറന് എതിരായ സിബിഐ അന്വേഷണം മരവിപ്പിച്ചത് ജസ്റ്റിസ് യശ്വന്താണെന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.