മുടിവർണന ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി

Mail This Article
മുംബൈ ∙ സ്ത്രീകളുടെ മുടിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തക നൽകിയ പീഡനപരാതി പരിഗണിക്കുകയായിരുന്നു കോടതി.
നീണ്ട മുടിയുള്ള സഹപ്രവർത്തകയോട് ഉദ്യോഗസ്ഥൻ ‘മുടി കൈകാര്യം ചെയ്യാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കേണ്ടി വരുമല്ലോ’ എന്നു പറഞ്ഞതും മുടിയെ വർണിച്ചു പാട്ടുപാടിയതുമാണു പരാതിക്കിടയാക്കിയത്.
യുവതി പരാതി നൽകുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥനെ ജോലിയിൽ തരം താഴ്ത്തി. ഇതിനെതിരെ പുണെ കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളിയതോടെ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു.