മണ്ഡല പുനർനിർണയം: എന്തിനിപ്പോൾ ഇങ്ങനെയൊരു യോഗമെന്ന് ആർഎസ്എസ്

Mail This Article
ബെംഗളൂരു ∙ ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരെ സംയുക്ത കർമസമിതി രൂപീകരിക്കാൻ തമിഴ്നാട് വിളിച്ചു ചേർത്ത യോഗത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി അരുൺ കുമാർ രംഗത്തെത്തി. ആർഎസ്എസ് ദേശീയ പ്രതിനിധി സമ്മേളനത്തിനിടെയായിരുന്നു പ്രതികരണം. രാഷ്ട്രീയ ലക്ഷ്യമാണോ ഇതിനു പിന്നിലെന്നു യോഗത്തിൽ പങ്കെടുത്തവർ ആത്മപരിശോധന നടത്തണം.
മണ്ഡല പുനർനിർണയത്തിനു കേന്ദ്ര സർക്കാർ നടപടികൾ ആരംഭിക്കാത്ത സാഹചര്യത്തിൽ ഇത്തരം ചർച്ചകൾക്കു പ്രസക്തിയില്ലെന്നും അരുൺ കുമാർ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ഭിന്നതയില്ലെന്നും ഇരുസംഘടനകളും പരസ്പര വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്നും അരുൺ കുമാർ പറഞ്ഞു.
ബംഗ്ലദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഹിന്ദുക്കൾ നേരിടുന്ന ആസൂത്രിത ആക്രമണത്തിനു ബംഗ്ലദേശിലെ സർക്കാർ പിന്തുണ നൽകുകയാണെന്ന് പ്രമേയത്തിൽ ആരോപിച്ചു.