അതിരുകളില്ലാത്ത മാനവികത
Mail This Article
ഇഫ്താർ സമയം
∙ നോമ്പുതുറ: 6.39
∙ അത്താഴവിരാമം: 4.48
ക്ഷമ, വിട്ടുവീഴ്ച, സഹനം, സമർപ്പണം, അനുസരണം തുടങ്ങി മാനവികതയുടെ സമസ്ത ചേരുവകളും സമ്മേളിച്ച അത്യപൂർവ അനുഭവമാണു പരിശുദ്ധ റമസാൻ. മാനവികതയുടെ മാനിഫെസ്റ്റോ ആയ ഖുർആനിന്റെ അവതരണകാലം.
പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും മൗനനൊമ്പരങ്ങളെ, ആത്മവിലാപങ്ങളെ ഹൃദയം കൊണ്ടു തഴുകാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയാണ് ഇസ്‌ലാം. റമസാനിലെ വ്രതാനുഷ്ഠാനം സാധ്യമാകാത്തവനു പ്രായശ്ചിത്തമായി ഇസ്‌ലാം നിശ്ചയിച്ചതു നിർധനർക്കായി ഭക്ഷ്യവിഭവങ്ങൾ നൽകലാണ്. പട്ടിണിയെന്ന തീവ്രയാഥാർഥ്യത്തെ, വിശപ്പെന്ന സത്യത്തെ, സമ്പന്നനും ദരിദ്രനും ഒരു പകൽ നേരം മുഴുവനും ഒരുമിച്ച് അനുഭവിക്കുകയാണ്.
കാതങ്ങൾ അകലെയല്ല കാൽച്ചുവട്ടിലാണു കാരുണ്യം എന്നു ലോകത്തെ ഓർമപ്പെടുത്തുകയാണു റമസാനിലെ കരുണാവർഷം. മനുഷ്യൻ മാത്രമല്ല മുഴുവൻ ജീവജാലങ്ങളും കരുണയുടെ അവകാശികൾ ആണെന്നും ഇസ്‌ലാം മനുഷ്യനെ ഓർമപ്പെടുത്തുന്നു.
സഹനമാണു റമസാനിലെ മറ്റൊരു സവിശേഷത. എടുത്തുചാട്ടവും അക്ഷമയും മാറ്റിവച്ച് വിവേകവും പക്വതയും കൈവരിക്കാനുള്ള പരിശീലനക്കളരിയാണു റമസാൻ.
നിന്നെ അസഭ്യം പറയുന്നവരോടു പോലും ‘ഞാൻ ഒരു നോമ്പുകാരനാണ്’ എന്നു പറഞ്ഞു പിന്തിരിയണം എന്നാണു പ്രവാചക തിരുമേനി (സ) പഠിപ്പിച്ചത്. ജീവിതത്തിന്റെ പെരുവഴിയിൽ ഒറ്റപ്പെട്ടുപോയ പാവങ്ങൾക്കു കൈത്താങ്ങ് ആകുക എന്ന ആഹ്വാനമാണു റമസാനിന്റെ മറ്റൊരു പ്രത്യേകത. ജീവിതത്തിലെ ഓട്ടപ്രദക്ഷിണത്തിനിടയിൽ സംഭവിച്ച അപചയങ്ങൾ പരിഹരിച്ച് പശ്ചാത്താപവിവശനായി അല്ലാഹുവിനോടു മാപ്പിരക്കാനുള്ള മുഹൂർത്തമാണു റമസാൻ.
(കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാമുമാണു ലേഖകൻ)