ഒരുമയുടെ സ്വാദുള്ള നോമ്പുതുറ: മനുഷ്യർ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതം
Mail This Article
കാലുഷ്യം നിറഞ്ഞ കാലത്ത് ഒരുമയുടെ സ്വാദുള്ള ഒരു നോമ്പുതുറയെപ്പറ്റി പെരുന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം എഴുതിയ ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഏലംകുളം കുന്നക്കാവ് മനയിലെ അഡ്വ. ശങ്കരനും ഭാര്യ പാർവതിയും ഒരുക്കിയ നോമ്പുതുറ ഒരു ഇഫ്താർ വിരുന്ന് മാത്രമല്ല. നല്ല മനുഷ്യർ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതമാണ് എന്ന് നജീബ് കാന്തപുരം പറയുന്നു.
നജീബ് കാന്തപുരം എംഎൽഎയുടെ പോസ്റ്റ്:
ഇന്ന് മനസ്സ് നിറഞ്ഞ നോമ്പുതുറയായിരുന്നു. ജീവിതത്തിലാദ്യമായി പ്യൂർ വെജ് ഇഫ്താർ. ഏലംകുളം കുന്നക്കാവിലെ പ്രസിദ്ധമായ മനയിൽ. നാട്ടുകാരെയെല്ലാം വിളിച്ച് ഒരുമയോടെ ഇരുത്തിയത് ശങ്കരൻ വക്കീലും ഭാര്യ പാർവ്വതിയും.
കഴിഞ്ഞ ദിവസം പുരുഷോത്തമൻ നമ്പൂതിരിയാണ് ഒരുമയുടെ നോമ്പ് തുറ വിളിച്ചത്. വക്കീലിന്റെ വീട്ടിലാണെന്നും ഒഴിവാകരുതെന്നും പറഞ്ഞു. എളാട് ക്രിയ കമ്മ്യൂണിന്റെ ഉദ്ഘാടനത്തിനു എല്ലാർക്കും ഭക്ഷണം കൊടുക്കണമെന്ന് നിർബന്ധം പറഞ്ഞത് വക്കീലായിരുന്നു. രണ്ടായിരത്തിലേറെ പേർക്ക് അന്ന് ഭക്ഷണം നൽകിയത് വക്കീലാണ്. അത്ര നല്ല സൽക്കാര പ്രിയനാണ്.
നോമ്പ് തുറ കഴിഞ്ഞ് ഞങ്ങൾക്ക് നിസ്കരിക്കാൻ മനയിൽ വിശാലമായ സൗകര്യമൊരുക്കി.
ഈ കാലുഷ്യം നിറഞ്ഞ കാലത്ത് എത്രയെത്ര മനുഷ്യരാണ് ഇത്ര മനോഹരമായ ഒരുമയുണ്ടാക്കുന്നത്. ആ മുറ്റത്ത് ഇന്ന് വിളമ്പിയ ഭക്ഷണം ഇന്ത്യ ആഗ്രഹിക്കുന്ന രുചിക്കൂട്ടാണ്. ശരിയായ മനുഷ്യ ബന്ധത്തിന്റെ മധുരമുള്ള വിഭവങ്ങൾ.
ഞാൻ പ്രസംഗത്തിനിടയിൽ പറഞ്ഞു. ‘ഇതൊരു ഇഫ്താർ വിരുന്ന് മാത്രമല്ല. നല്ല മനുഷ്യർ അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുന്ന സുകൃതമാണ്.’
മടങ്ങാൻ നേരത്ത് വക്കീലിന്റെ ഭാര്യ പാർവതി മക്കളെയെല്ലാം കൂട്ടി വന്ന് എന്നോട് പറഞ്ഞു. ‘ഇതുവരെ ഞങ്ങൾ ഈ വീടിനു പേരിട്ടിട്ടില്ല. ഞങ്ങൾ ഈ വീടിനു സുകൃതം എന്ന് പേരിടുകയാണ്.’
നന്ദി ചേച്ചി, ജീവിതത്തിലാദ്യമായി ഞാൻ ഇന്ന് ഒരു വീടിനു പേരിട്ടു. അതും ഏലംകുളം കുന്നക്കാവ് മനക്കലെ അഡ്വ .ശങ്കരൻ - പാർവതി ദമ്പതികളുടെ വീടിന്.
ഈ കുടുംബം ഈ നാടിന്റെ സുകൃതമല്ലാതെ മറ്റെന്താണ് ?
English Summary: Najeeb Kanthapuram on Nombuthura