ADVERTISEMENT

തിരുവനന്തപുരം∙ എലത്തൂർ ട്രെയിൻ തീവയ്പു കേസ് ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) വിട്ടതിനു പിന്നാലെ കേരള പൊലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ചുമതലയിൽ നിന്ന് ഐജി പി.വിജയനെ മാറ്റി. പൊതുമേഖലാ സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ് ) മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി. പകരം നിയമനം നൽകിയില്ല. സംസ്ഥാന പൊലീസ് മേധാവി മുൻപാകെ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. ഐജി റാങ്കിലെ ഉദ്യോഗസ്ഥനോട് ഡിജിപി മുൻപാകെ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചുള്ള ഉത്തരവ് അസാധാരണമാണ്. പുതിയ നിയമനം പ്രത്യേക ഉത്തരവായി ഇറക്കും. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യക്ക് എടിഎസിന്റെ പൂർണ അധികച്ചുമതല നൽകി. 

പൊലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച പരാതികൾ, കെബിപിഎസിലെ സിഐടിയു ഇടപെടലുകൾ, തീവയ്പു കേസിലെ പ്രതിയുടെ ചിത്രം ചോർന്നത് തുടങ്ങിയവ വിജയന്റെ മാറ്റത്തിനു കാരണമായെന്നാണ് വിവരം. ട്രെയിൻ തീവയ്പു കേസിൽ പ്രതിയായ ഷാറുഖ് സെയ്ഫിയുടെ വിവരങ്ങളും ചിത്രവും ആദ്യദിവസം തന്നെ ചോർന്നത് എടിഎസിന്റെ പാളിച്ചയായി. തിരിച്ചറിയൽ പരേ‍ഡിനു മുൻപു പ്രതിയുടെ ചിത്രം പുറത്തുപോയതു ഗുരുതര വീഴ്ചയായി. പ്രതിയുമായി കേരള പൊലീസിന്റെ യാത്രാവിവരം ചോർന്നതും പ്രതിയുടെ ദൃശ്യങ്ങൾ ടിവി ചാനൽ പകർത്തി പുറത്തുവിട്ടതും വീഴ്ചയായി. 

വിജയൻ നേതൃത്വം നൽകിയ പുണ്യം പൂങ്കാവനം പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളും വിവാദമായിരുന്നു; 2 പൊലീസുദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തു. പദ്ധതി സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടിയിട്ടുമുണ്ട്. കെബിപിഎസ് കൃത്യസമയത്ത് കേരള ലോട്ടറി ടിക്കറ്റ് അച്ചടിച്ചു നൽകിയില്ലെന്ന് ലോട്ടറി ഡയറക്ടർ പരാതി ഉന്നയിച്ചിരുന്നു. ഇതെത്തുടർന്ന് 10 കരാർ ജീവനക്കാരെ ഒഴിവാക്കിയതിൽ സിഐടിയുവിനും പരാതിയുണ്ടായിരുന്നു. 

English Summary: Kerala ATS head, P Vijayan IPS transferred from the post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com