സ്വന്തം കളി നന്നായില്ല, ആരും ‘സഹായിച്ചുമില്ല’; ഫലം, 3 പതിറ്റാണ്ടിനുശേഷം കിട്ടിയ ഐസിസി ടൂർണമെന്റിൽനിന്ന് പാക്ക് ടീം 6–ാം ദിനം ഔട്ട്!

Mail This Article
റാവൽപിണ്ടി ∙ മൂന്നു പതിറ്റാണ്ടു നീണ്ട സാമാന്യം ദൈർഘ്യമേറിയ കാത്തിരിപ്പിനൊടുവിൽ ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റിൽ, ആറാം ദിനം തന്നെ പുറത്താവുകയെന്ന നാണക്കേടിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. മൂന്നു സ്റ്റേഡിയങ്ങൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ചും, കോടികൾ ചെലവഴിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടൂർണമെന്റിന് തയാറെടുത്തപ്പോൾ, ടീമിന്റെ കാര്യത്തിൽ അതേ ശ്രദ്ധ ചെലുത്താനായില്ലെന്നാണ് ആദ്യ മത്സരങ്ങളിൽ പാക്ക് ടീമിന്റെ പ്രകടനം വ്യക്തമാക്കുന്നത്. എന്തായാലും ചാംപ്യൻസ് ട്രോഫിയിൽനിന്ന് വെറും ഒരാഴ്ചയ്‌ക്കിടെ സെമി കാണാതെ പുറത്താകേണ്ടി വന്നത് പാക്കിസ്ഥാൻ ക്രിക്കറ്റിനെ ഏറെക്കാലം ഉലയ്ക്കുമെന്ന് തീർച്ച.
ടൂർണമെന്റിൽനിന്ന് പുറത്തായതിനേക്കാളേറെ, അത് ബദ്ധവൈരികളായ ഇന്ത്യയോടേറ്റ തോൽവിയോടെ ആയതും പാക്കിസ്ഥാൻ ടീമിന് തിരിച്ചടിയായി. ഇത്തവണ ചാംപ്യൻസ് ട്രോഫി നേടിയാൽ മാത്രം പോരാ, ദുബായിൽ ഇന്ത്യയെ തോൽപ്പിക്കുകയും വേണമെന്ന് ടൂർണമെന്റിനു മുൻപേ പാക്ക് ടീമിനോട് ആവശ്യപ്പെട്ടത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ്. ടൂർണമെന്റിനായി ഒരുക്കിയ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേളയിലാണ്, ഇന്ത്യയെ തോൽപ്പിക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ടീമിനോട് പരസ്യമായി ആവശ്യപ്പെട്ടത്. ഇതിനെല്ലാം ഒടുവിൽ സംഭവിച്ചതോ, ആദ്യത്തെ രണ്ടു കളിയും തോറ്റ് പാക്കിസ്ഥാൻ ടീം പുറത്തായിരിക്കുന്നു.
∙ ബംഗ്ലദേശും ‘ചതിച്ചു’
ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടും രണ്ടാം മത്സരത്തിൽ ഇന്ത്യയോടും തോറ്റ പാക്കിസ്ഥാൻ, നേരിയ സെമി പ്രതീക്ഷയെങ്കിലും നിലനിർത്തണമെങ്കിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ലദേശ് ന്യൂസീലൻഡിനെ തോൽപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതു സംഭവിച്ചില്ല. ബംഗ്ലദേശിനെതിരായ 5 വിക്കറ്റ് വിജയത്തോടെ ന്യൂസീലൻഡും ഒപ്പം ഇന്ത്യയും ഗ്രൂപ്പ് എയിൽനിന്ന് സെമിയിലെത്തി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം 23 പന്തുകളും 5 വിക്കറ്റും ബാക്കിനിൽക്കെയാണ് കിവീസ് മറികടന്നത്. 2 വിജയങ്ങളുമായി ന്യൂസീലൻഡും ഇന്ത്യയും സെമിയുറപ്പാക്കിയപ്പോൾ ബംഗ്ലദേശും ആതിഥേയരായ പാക്കിസ്ഥാനും സെമി കാണാതെ പുറത്തായി.
മാർച്ച് 2ന് നടക്കുന്ന ഇന്ത്യ–ന്യൂസീലൻഡ് മത്സരം ഇതോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന ഒന്നു മാത്രമായി മാറും. വ്യാഴാഴ്ചത്തെ പാക്കിസ്ഥാൻ–ബംഗ്ലദേശ് മത്സരത്തിന്റെ ഫലവും അപ്രസക്തമായി. 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത സ്പിന്നർ മൈക്കൽ ബ്രേസ്‍വെല്ലിന്റെ മികവിലാണ്, ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ ന്യൂസീലൻഡ് ചെറിയ സ്കോറിലൊതുക്കിയത്. 118 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി ബംഗ്ലദേശ് പതറിയപ്പോൾ അതിൽ 4 വിക്കറ്റും വീഴ്ത്തിയതു ബ്രേസ്‌വെല്ലായിരുന്നു. ഓപ്പണറായെത്തി ഒരറ്റത്തു പിടിച്ചുനിന്ന ക്യാപ്റ്റൻ നജ്മുൽ ഷാന്റോയുടെയും (110 പന്തിൽ 77) മധ്യനിര ബാറ്റർ ജാക്കിർ അലിയുടെയും (55 പന്തിൽ 45) ചെറുത്തുനിൽപാണ് ടീം സ്കോർ 230 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനെ വിറപ്പിച്ചശേഷമാണ് ബംഗ്ലദേശ് മത്സരം കൈവിട്ടത്. ആദ്യ ഓവറിൽ ഓപ്പണർ വിൽ യങ്ങിനെ (0) തസ്കിൻ അഹമ്മദും നാലാം ഓവറിൽ കെയ്ൻ വില്യംസനെ (5) നഹിദ് റാണയും പുറത്താക്കി. ഡെവൻ കോൺവേയ്ക്കും (30) അധികനേരം പിടിച്ചുനിൽക്കാനായില്ല. എന്നാൽ രചിൻ രവീന്ദ്രയുടെ സെഞ്ചറിയും (105 പന്തിൽ 112) ടോം ലാതത്തിന്റെ അർധ സെഞ്ചറിയും (76 പന്തിൽ 55) ന്യൂസീലൻഡിന്റെ റൺചേസ് അനായാസമാക്കി. കിവീസ് സ്പിന്നർ മൈക്കൽ ബ്രേസ്‍വെല്ലാണ് പ്ലെയർ ഓഫ് ദ് മാച്ച്.