45 ഡോട് ബോളുകൾ, എന്നിട്ടും 111 പന്തിൽ സെഞ്ചറി; കോലി മാത്രമല്ല, വിജയത്തിനു പിന്നിലെ തിരക്കഥ, സംവിധാനം: ടീം ഇന്ത്യ!

Mail This Article
ഇന്ത്യൻ ടീം ഒന്നിച്ചിരുന്നു തിരക്കഥയെഴുതി വിജയിപ്പിച്ച ഒരു സൂപ്പർ ഹിറ്റ് സിനിമ പോലെയായിരുന്നു ഇന്ത്യ– പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി മത്സരം. 51–ാം ഏകദിന സെഞ്ചറിയോടെ വിരാട് കോലി ഇന്ത്യയുടെ വിജയമുറപ്പിച്ചപ്പോൾ അതിനു വഴിയൊരുക്കിയത് ടീം ഇന്ത്യ ഒരുമിച്ചാണ്.
പോരാട്ടവീര്യം കൊണ്ടും ആവേശംകൊണ്ടും ലോക ക്രിക്കറ്റിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്ന ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ ക്ലാസിക്കായി മാറിയതിനും ദുബായ് സാക്ഷ്യം വഹിച്ചു.
∙ കോലിയുടെ കരുതൽ
ബാറ്റിങ് ദുഷ്കരമായ ദുബായ് പിച്ചിൽ എങ്ങനെ ബാറ്റു ചെയ്യണമെന്നതിന്റെ ‘പാഠ’മായിരുന്നു പാക്കിസ്ഥാൻ താരങ്ങൾക്കു വിരാട് കോലിയുടെ ഇന്നിങ്സ്. വേഗവും ബൗൺസും കുറഞ്ഞ വിക്കറ്റ്. പാക്ക് സ്പെഷലിസ്റ്റ് സ്പിന്നർ അബ്രാർ അഹ്മദിനെതിരെ 30 പന്തിൽ 16 റൺസ് മാത്രം നേടി കരുതലോടെ നിന്ന കോലി സ്പിന്നർമാർക്കെതിരെ 55 പന്തിൽ നേടിയത് 31 റൺസ് മാത്രം.

ഇന്നിങ്സിൽ ആകെ 45 ഡോട് ബോളുകൾ വഴങ്ങിയ കോലി ആ നഷ്ടം നികത്തിയത് പേസ് ബോളർമാർക്കെതിരെ ആഞ്ഞടിച്ചാണ്. പാക്ക് പേസർമാർക്കെതിരെ 56 പന്തിൽ 69 റൺസാണ് കോലി നേടിയത്.
∙ ഗില്ലിന്റെ സ്ട്രോക്ക് പ്ലേ
അഞ്ചാം ഓവറിൽ രോഹിത് ശർമ പുറത്തായപ്പോഴുണ്ടായ സമ്മർദത്തിൽനിന്ന് ഇന്ത്യയെ കരകയറ്റിയതും പാക്കിസ്ഥാൻ പേസർമാരുടെ ആത്മവിശ്വാസം തകർത്തതും സഹഓപ്പണർ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്ങാണ്. രോഹിത്തിനെ വീഴ്ത്തിയ ഷഹീൻ അഫ്രീദിക്കെതിരെ 4 പന്തുകൾക്കിടെ 3 ഫോർ നേടി ഗിൽ തിരിച്ചടിച്ചു.

ആക്രമണ ബാറ്റിങ് വഴി ഗിൽ സ്കോർ ഉയർത്തിയതിനാലാണ് റൺറേറ്റിന്റെ സമ്മർദമില്ലാതെ ക്രീസിൽ നിൽക്കാൻ വിരാട് കോലിക്കു സാധിച്ചത്.
∙ അയ്യരുടെ ഭാവമാറ്റം
ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയുമെന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു മധ്യനിര ബാറ്റർ ശ്രേയസ് അയ്യരുടെ ഇന്നിങ്സ്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ അർധ സെഞ്ചറി നേടിയ ശ്രേയസ് ദുബായിലും ആ പ്രകടനം ആവർത്തിച്ചു. സ്പിന്നിനെതിരെ മികച്ച റെക്കോർഡുള്ള ശ്രേയസിന്റെ ഇന്നിങ്സിന്റെ തുടക്കം അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

ആദ്യ 30 പന്തിൽ നേടിയത് 14 റൺസ് മാത്രം. എന്നാൽ താളം കണ്ടെത്തിയതോടെ ആക്രമണത്തിലേക്കു തിരിഞ്ഞ ശ്രേയസ് തുടർന്നുള്ള 45 പന്തിൽ 55 റൺസുമായി സ്ട്രൈക്ക് റേറ്റ് തിരിച്ചുപിടിച്ചു. നാലാം വിക്കറ്റിൽ കോലിയും ശ്രേയസും ചേർന്നുള്ള 114 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്.
∙ പവർ പാണ്ഡ്യ
പേസ് ബോളർമാരുടെ എണ്ണം കുറച്ച് ചാംപ്യൻസ് ട്രോഫിക്ക് എത്തിയ ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ബോളിങ്. മുഹമ്മദ് ഷമിക്കു ന്യൂബോളിൽ നിയന്ത്രണം നഷ്ടപ്പെട്ടത് നിരാശയായപ്പോഴാണ് പാണ്ഡ്യയുടെ വരവ്. ഏഴാം ഓവറിൽ ഹാർദിക്കിന്റെ സർജിക്കൽ സ്ട്രൈക്ക്. ബാബർ അസമിനെ പുറത്താക്കിയ പാണ്ഡ്യ സൗദ് ഷക്കീലിന്റെ വിക്കറ്റും വീഴ്ത്തി.
∙ കുൽദീപ് കിങ് !
ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ മികച്ച റെക്കോർഡുള്ള കുൽദീപ് യാദവാണ് ഡെത്ത് ഓവർ ബോളിങ്ങിൽ ഇന്ത്യയ്ക്കു നേട്ടം നൽകിയത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത കുൽദീപ് 3 നിർണായക വിക്കറ്റുകൾ പിഴുതു. അതിലൊന്ന് മധ്യനിരയിൽ പാക്കിസ്ഥാന്റെ കരുത്തായ സൽമാൻ ആഗയുടേതായിരുന്നു.