വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി; ചാംപ്യൻസ് ട്രോഫിയിൽ പ്രതിസന്ധി, സുരക്ഷ ശക്തമാക്കി

Mail This Article
ലഹോർ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് പാക്കിസ്ഥാനിലും ദുബായിലുമായി നടക്കുന്നതിനിടെ ചർച്ചയായി സുരക്ഷാ ഭീഷണി. ടൂർണമെന്റിനെത്തുന്ന വിദേശികളെ ‘രഹസ്യ സംഘങ്ങൾ’ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് വ്യാപക അഭ്യൂഹങ്ങൾ പരന്നതോടെ ചാംപ്യൻസ് ട്രോഫി വേദികളിലെ സുരക്ഷ ശക്തമാക്കി. അതീവ ജാഗ്രത പുലർത്തണമെന്ന നിർദേശമാണ് പാക്കിസ്ഥാൻ ഇന്റലിജൻസ് ബ്യൂറോ നൽകിയിരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയൊഴികെ മറ്റെല്ലാ ടീമുകളുടെയും മത്സരങ്ങൾ പാക്കിസ്ഥാനിലെ വിവിധ വേദികളിലാണു നടക്കുന്നത്.
ഇന്ത്യ ഫൈനലിലെത്തിയില്ലെങ്കിൽ ടൂർണമെന്റ് ഫൈനലും പാക്കിസ്ഥാനിലാകും കളിക്കുക. ഭീകര സംഘടനകളായ തെഹ്‍രീക് താലിബാൻ പാക്കിസ്ഥാനും ഐഎസ്ഐഎസും വിദേശത്തുനിന്നെത്തിയ ആളുകളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ബലൂചിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില സംഘടനകളും ക്രിക്കറ്റ് ആരാധകർക്കെതിരെ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ലഹോറിലും റാവൽപിണ്ടിയിലും മത്സരങ്ങൾ നടക്കുമ്പോൾ 12,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിക്കുന്നത്. ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടക്കുന്നത്. സുരക്ഷാ ഭീഷണി ഉള്ളതിനാൽ താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിർബന്ധം പിടിച്ചതോടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വഴങ്ങിയത്.
പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ ചാർട്ടര്‍ വിമാനങ്ങളിലാണ് ടൂർണമെന്റിനായി ടീമുകളെ പാക്കിസ്ഥാനിലെത്തിച്ചത്. ദുബായിലുള്ള മത്സരങ്ങൾക്കായി ടീമുകൾ പോകുന്നതും തിരിച്ചുവരുന്നതും ഇതേ രീതിയിലാണ്. ടൂർണമെന്റിനായി രാജ്യത്തെത്തുന്ന വിഐപികള്‍ക്കും പ്രത്യേക വിമാനയാത്രാ സൗകര്യവും സുരക്ഷയുമാണു പാക്കിസ്ഥാൻ ഒരുക്കിയിരിക്കുന്നത്.