‘പോ, കയറിപ്പോ..’: വൈറലായി ഗില്ലിനുള്ള അബ്രാർ അഹമ്മദിന്റെ ‘യാത്രയയപ്പ്’, കളി തോറ്റതോടെ ട്രോളോടു ട്രോൾ– വിഡിയോ

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ശേഷം പാക്കിസ്ഥാൻ ബോളർ അബ്രാർ അഹമ്മദ് നൽകിയ ‘യാത്രയയപ്പ്’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗില്ലിനെ പുറത്താക്കിയശേഷം കൈകൾ കെട്ടി മിഥുനത്തിലെ ‘ഇന്നസെന്റ് മോഡലി’ൽ നിന്ന് അബ്രാർ, ‘കയറിപ്പോ’ എന്ന അർഥത്തിൽ തലകൊണ്ട് കാട്ടിയ ആംഗ്യമാണ് വൈറലായത്. മത്സരത്തിനിടെ അബ്രാറിന്റെ ആംഗ്യത്തിന് ‘ഹീറോ പരിവേഷം’ ആയിരുന്നെങ്കിൽ, കളി തോറ്റതോടെ ആ നിൽപ്പ് ട്രോളുകളിലും നിറഞ്ഞു. മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റിനാണ് പാക്കിസ്ഥാനെ തകർത്തത്.
പാക്കിസ്ഥാൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി, ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായാണ് ശുഭ്മൻ ഗിൽ ക്രീസിലെത്തിയത്. ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായ ഉപനായകൻ കൂടിയായ ഗിൽ, ഇത്തവണയും മികച്ച ഫോമിലായിരുന്നു.
രോഹിത് പുറത്തായ ശേഷം വിരാട് കോലിക്കൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടുമായി വിജയത്തിന് അടിത്തറയിടുന്നതിനിടെയാണ് ഗില്ലിനെ അബ്രാർ പുറത്താക്കിയത്. 52 പന്തിൽ ഏഴു ഫോറുകളോടെ 46 റൺസെടുത്ത ഗിൽ, അബ്രാർ അഹമ്മദിന്റെ മികച്ചൊരു പന്തിലാണ് ക്ലീൻ ബൗൾഡായി പുറത്തായത്. അതിനു തൊട്ടുമുൻപ് ഗില്ലിന്റെ ക്യാച്ച് പാക്കിസ്ഥാൻ താരം കൈവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് തകർപ്പനൊരു പന്തിൽ അബ്രാർ ഗില്ലിനെ പുറത്താക്കിയത്. അബ്രാറിന്റെ കാരംബോളിൽ വിക്കറ്റ് തെറിക്കുന്നതുകണ്ട് അവിശ്വസനീയതയോടെ ഒരുനിമിഷം ക്രീസിൽ നിന്ന ശേഷമാണ് ഗിൽ പവലിയനിലേക്ക് മടങ്ങിയത്. ഇതിനിടെയാണ്, കൈകൾ കെട്ടിനിന്ന് ‘കയറിപ്പോകൂ’ എന്ന അർഥത്തിൽ അബ്രാർ ആംഗ്യം കാട്ടിയത്.
ബാബർ അസമിന് ഹാർദിക് പാണ്ഡ്യ നൽകിയ ‘യാത്രയയപ്പി’ന് മറുപടിയായി വ്യാഖ്യാനിച്ച് പാക്കിസ്ഥാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ അബ്രാറിന്റെ ‘യാത്രയയപ്പിന്’ വീരപരിവേഷം ചാർത്തിയെങ്കിലും, ഇന്ത്യൻ ആരാധകർക്ക് അതൊട്ടും രസിച്ചില്ല. അവർ വ്യാപകമായ ട്രോളുകൾ തീർത്താണ് അബ്രാറിനെതിരായ എതിർപ്പ് പരസ്യമാക്കിയത്. എന്തായാലും മത്സരം പാക്കിസ്ഥാൻ തോൽക്കുക കൂടി ചെയ്തതോടെ ട്രോളുകൾ കരുത്താർജിക്കുകയും ചെയ്തു.