കോൺഗ്രസിനെക്കുറിച്ചുള്ള വ്യാകുലതകൾ!
Mail This Article
∙ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തകർന്നത് എന്തുകൊണ്ട്? തോൽവിയിൽ നിന്ന് അവർ എന്തു പാഠം പഠിക്കും? രാഷ്ട്രീയ കേരളത്തിൽ ഉയർന്നു നിൽക്കുന്ന ഈ ചോദ്യങ്ങൾക്കു നിയമസഭയിൽ മറുപടി പറയാൻ നിരന്നത് ചില്ലറക്കാരല്ല. ചർച്ച തുടങ്ങിവച്ചത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി.ഗോവിന്ദൻ. അവസാനിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാൾക്കും കോൺഗ്രസിനെക്കുറിച്ചാണ് വ്യാകുലത കൂടുതൽ. ധനാഭ്യർഥന ചർച്ച തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളിൽ മുങ്ങുന്നതാണ് സഭ കണ്ടത്. 19 സീറ്റിൽ എൽഡിഎഫ് തോറ്റെങ്കിലും കോൺഗ്രസ് നന്നാകാത്തതിന്റെ രോഷത്തിലായിരുന്നു എം.വി.ഗോവിന്ദൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യാസഖ്യത്തിന് കാര്യക്ഷമമായും വിശാലജനാധിപത്യ ബോധത്തോടെയും കോൺഗ്രസ് നേതൃത്വം നൽകിയിരുന്നെങ്കിൽ 38 സീറ്റ് കൂടി കിട്ടി ഭരണത്തിലേറാമായിരുന്നു. കോൺഗ്രസ് 100 സീറ്റ് തികച്ചിട്ടും പോരാ, പോരാ എന്ന സ്നേഹം ആ വാക്കുകളിൽ തുളുമ്പുന്നു. കേരളത്തിൽ തിരിച്ചുവരുമെന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിക്ക് സംശയമേയില്ല.
ഗോവിന്ദന്റെ വിശകലനം മുഴുവൻ കേട്ടിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ഒറ്റച്ചോദ്യമേ ഉണ്ടായിരുന്നുള്ളൂ: ‘കോൺഗ്രസ് ഈ രാജ്യത്ത് തിരിച്ചുവന്നു, നിങ്ങളോ?
സിപിഎം അവസാനിച്ചു കാണണമെന്ന് ആഗ്രഹിക്കുന്നയാളല്ല രമേശ് ചെന്നിത്തല. താമര വിരിയരുതെന്ന പക്ഷക്കാരനുമാണ് അദ്ദേഹം. ആലപ്പുഴയിൽ എൽഡിഎഫിന്റെ ഒരു ലക്ഷത്തോളം വോട്ട് ബിജെപിക്കു മറിഞ്ഞതിന്റെ ഭവിഷ്യത്തിൽ ചെന്നിത്തല വ്യാകുലനായപ്പോൾ ഹരിപ്പാട്ടും വോട്ടു ചോർന്നില്ലേ എന്നായി യു.പ്രതിഭ. പ്രതിഭയുടെ സ്വന്തം കായംകുളത്ത് എൽഡിഎഫ് മൂന്നാം സ്ഥാനത്തായതു ചെന്നിത്തല ഓർമിപ്പിച്ചതോടെ പ്രതിഭയ്ക്ക് മിണ്ടാട്ടം മുട്ടി. ഘടകകക്ഷികൾക്ക് രണ്ടു രാജ്യസഭാ സീറ്റും വിട്ടുകൊടുത്ത സിപിഎം നടപടി സെബാസ്റ്റ്യൻ കുളത്തുങ്കലിന് മുന്നണിമര്യാദയുടെ ഉദാത്ത മാതൃകയാകുന്നു. തോമസ് കെ.തോമസ് പൂർണാർഥത്തിൽ എൻസിപിക്കാരനാണ്. ശരദ് പവാർ കോൺഗ്രസിന് ഒപ്പമായതിനാൽ കേന്ദ്രത്തിൽ അദ്ദേഹത്തിന് കോൺഗ്രസ് ഭരിക്കുന്നതാണ് ഇഷ്ടം; കേരളത്തിൽ പിണറായി വിജയനും.
ബിജെപിയുടെ കേന്ദ്രമന്ത്രിയുമായി ചേർന്ന് ബിസിനസ് നടത്തുന്ന കൺവീനർ നയിക്കുന്ന എൽഡിഎഫിനെ ജനം എങ്ങനെ വിശ്വസിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചോദ്യം. ഇ.പി. ജയരാജനെ പരിചയപ്പെടാൻ വേണ്ടിയാണ് പ്രകാശ് ജാവഡേക്കർ വീട്ടിൽ പോയി കണ്ടതെങ്കിൽ വിമാനത്താവളത്തിനു തൊട്ടടുത്തു താമസിക്കുന്ന തന്നെ ഒന്നു കണ്ടേക്കാമെന്ന് വിചാരിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് എത്തും പിടിയും കിട്ടുന്നില്ല. തോൽവിയിൽ ഭരണവിരുദ്ധ വികാരം ആരോപിക്കുന്നവർക്കു മറുപടി നൽകാനായി ഭരണനേട്ടങ്ങൾ ഒരു മണിക്കൂറോളം എടുത്തു മുഖ്യമന്ത്രി വിവരിക്കുന്നതാണ് ഒടുവിൽ കണ്ടത്. മോദി വീണ്ടും അധികാരത്തിൽ വന്നാൽ അതു ജീവൽപ്രശ്നമായി കാണുന്നവർ കോൺഗ്രസിന് അൽപം ആനുകൂല്യം കൊടുത്തു. തൃശൂരിലടക്കം കോൺഗ്രസ് വോട്ടുകളും ബിജെപിക്കു മറിഞ്ഞത് സമർഥിക്കാനായി കണക്കുകൾ മുഖ്യമന്ത്രി ഹാജരാക്കിയപ്പോൾ ‘കേരളത്തിലാകെ എൽഡിഎഫിന്റെയോ?’ എന്നു പ്രതിപക്ഷം ചോദിച്ചു. ‘ഞങ്ങൾ തോറ്റവരല്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. തോൽവിയിൽ ഭരണവിരുദ്ധത ദർശിക്കുന്ന സ്വന്തം പാർട്ടിക്കാർക്കും എൽഡിഎഫുകാർക്കും കൂടിയുള്ള സ്റ്റഡി ക്ലാസാണ് മുഖ്യമന്ത്രി നടത്തിയതെന്നു വ്യക്തം.