ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ് സർക്കാരിനെതിരെ വീണു കിട്ടിയ ബാർകോഴ ആരോപണം എന്ന ആയുധം വഴിയിലുപേക്ഷിച്ചു യുഡിഎഫ്. ആരോപണത്തിൽനിന്നു മുഖം രക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച അന്വേഷണം മറയാക്കിയാണ് കീഴടങ്ങൽ. സഭയിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പോലും ആരോപണം ആവർത്തിച്ചില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു ഭരണത്തെ ഉലച്ചതിനു സമാനമായ ബാർകോഴ ആരോപണം കൈകാര്യം ചെയ്ത ശൈലിയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളിൽ അതൃപ്തിയുണ്ട്.

മദ്യനയം തിരുത്താൻ കോഴ ആവശ്യപ്പെട്ടെന്ന് ബാറുടമ അനിമോൻ എൽഡിഎഫ് സർക്കാരിനെതിരെ ഉയർത്തിയ ആരോപണത്തിൽ യൂത്ത് കോൺഗ്രസ് മാത്രമാണു പ്രത്യക്ഷ സമരത്തിനിറങ്ങിയത്. പ്രസ്താവനകളല്ലാതെ കോൺഗ്രസിന്റെ സമരങ്ങളൊന്നുമുണ്ടായില്ല. യുഡിഎഫ് കഴിഞ്ഞ 12നു നിയമസഭയിലേക്കു മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നു എന്നതിനാൽ സമരം മാറ്റിവച്ചു.

ഈ സഭാ സമ്മേളനകാലത്തു തന്നെ മാർച്ചുണ്ടാകുമെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ പിന്നീട് പ്രഖ്യാപിച്ചെങ്കിലും വേണ്ടെന്നാണു തീരുമാനം. സഭാ സമ്മേളനം 11ന് അവസാനിക്കും. സഭ ചേർന്നതിന്റെ ആദ്യദിനം അടിയന്തരപ്രമേയമായി കൊണ്ടുവന്നതിലും ചോദ്യോത്തരവേളയിൽ ചില എംഎൽഎമാർ ചോദ്യങ്ങളുന്നയിച്ചതിലും മാത്രം ഒതുങ്ങി നിയമസഭയിലെ ഇടപെടൽ.

ബാറുടമയുടെ ശബ്ദരേഖ വിവാദത്തിൽ മന്ത്രി എം.ബി.രാജേഷിന്റെ ഓഫിസ് ആവശ്യപ്പെട്ട പ്രകാരം, കേസെടുക്കാതെയുള്ള അന്വേഷണമാണു ക്രൈംബ്രാഞ്ച് നടത്തുന്നത്. ഈ അന്വേഷണം പരമാവധി ഇഴഞ്ഞാണു മുന്നോട്ടുപോകുന്നത്. മുഴുവൻ ബാറുടമകളെയും കണ്ടു സംസാരിക്കാൻ സമയമെടുക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഇതിൽ പ്രതിപക്ഷത്തിനു പ്രതിഷേധവുമില്ല.

വിജിലൻസ് അന്വേഷണത്തിനു പ്രതിപക്ഷ നേതാവ് കത്തു നൽകിയെങ്കിലും സർക്കാർ കണ്ട ഭാവം നടിച്ചിട്ടില്ല. കഴിഞ്ഞദിവസം നിയമസഭയിൽ ഇതെക്കുറിച്ചുള്ള ചോദ്യം അവഗണിക്കുകയാണു മന്ത്രി എം.ബി.രാജേഷ് ചെയ്തത്. ചില ബാറുടമകൾ നൽകിയ ഊമക്കത്തിനെക്കുറിച്ച് എക്സൈസ് അന്വേഷണം നടത്തിയ കാര്യം വിശദീകരിച്ച മന്ത്രി, അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ കത്തും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു മറുപടി നൽകിയത്. അതിലും പ്രതിപക്ഷത്തിനു പരാതിയുണ്ടായില്ല. 

English Summary:

UDF dropped the Bar bribery allegation against LDF government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com