വിദ്യാർഥികൾ ബോധരഹിതരായതിനു പിന്നിൽ ഹിപ്നോട്ടിസമല്ല, ‘ചോക്കിങ് ഗെയിം’; വിഡിയോകൾക്കു കാഴ്ചക്കാരേറെ
Mail This Article
കൊടുങ്ങല്ലൂർ ∙ നാലു വിദ്യാർഥികൾ സ്കൂളിൽ ബോധരഹിതരായ സംഭവത്തിനു പിന്നിൽ ‘ചോക്കിങ് ഗെയിം’ എന്നു സൂചന. കഴുത്തിന്റെ പിൻഭാഗത്തോ തൊണ്ടയിലോ ഞരമ്പിൽ സമ്മർദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്. ഞൊടിയിടയിൽ ആളുകൾ ബോധരഹിതരാകാൻ ഇതിടയാക്കും. ഹിപ്നോട്ടിസം എന്ന പേരിൽ യൂട്യൂബിലൂടെ പലരും പ്രചരിപ്പിക്കുന്ന ഈ പ്രവൃത്തിക്കു സ്പേസ് മങ്കി ഗെയിം, പാസ്ഔട്ട് ഗെയിം തുടങ്ങിയ പേരുകളുമുണ്ട്. ഏറെ അപകടകരമായ ഈ വിനോദത്തിനു ഹിപ്നോട്ടിസവുമായി ബന്ധമില്ലെന്നു കുട്ടികൾ അറിയുന്നുമില്ല.
കൊടുങ്ങല്ലൂരിൽ ഒരു ആൺകുട്ടിയും മൂന്നു പെൺകുട്ടികളുമാണു കഴിഞ്ഞ ദിവസം അബോധാവസ്ഥയിലായത്. കഴുത്തിനു പിറകിലെ ഞരമ്പിൽ അമർത്തിപ്പിടിച്ചപ്പോൾ ഇവർ ബോധരഹിതരായെന്നാണു സൂചന. ചോക്കിങ് ഗെയിം എന്ന വിനോദം പലപ്പോഴും മരണത്തിനു വരെ കാരണമാകാമെന്നു വിദഗ്ധർ പറയുന്നു. ബോധക്ഷയം, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ പലതും സംഭവിക്കാം.
പല രാജ്യങ്ങളിലും ചോക്കിങ് ഗെയിം സംബന്ധിച്ച വിഡിയോകൾക്കു കർശന വിലക്കുണ്ട്. ബോധരഹിതരായ വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ച വിഡിയോ കണ്ടാണു ചോക്കിങ് ഗെയിം പരീക്ഷിച്ചത്. യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗം പോലെ ഇത്തരം വിനോദങ്ങൾ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നു സൈക്കോളജിസ്റ്റ് ഷാലിമ ഹനീഫ് പറഞ്ഞു.
അപകടം പിടിച്ച വിദ്യയ്ക്ക് കാഴ്ചക്കാരേറെ
തൃശൂർ ∙ മിനിറ്റുകൾക്കുള്ളിൽ ഹിപ്നോട്ടിസം ചെയ്യാമെന്ന മട്ടിൽ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു നൂറുകണക്കിനു വിഡിയോകൾ. കഴുത്തിനു പിന്നിൽ തട്ടിയും തൊണ്ടയിൽ ഞെക്കിയുമൊക്കെ ആളുകളെ ബോധംകെടുത്തുന്ന വിഡിയോകൾക്കു കാഴ്ചക്കാരേറെ. എന്നാൽ, പ്രഫഷനൽ ആയ ഹിപ്നോതെറപ്പിസ്റ്റുകൾ ശരീരത്തിൽ അമർത്തിയോ ഞരമ്പിൽ പിടിച്ചോ അല്ല ഹിപ്നോട്ടിസം ചെയ്യുന്നതെന്നു പ്രശസ്ത ഹിപ്നോതെറപ്പിസ്റ്റ് ഡോ. പി. ഉമാദേവി പറയുന്നു.
സംസാരത്തിലൂടെയാണു ഹിപ്നോട്ടൈസ് ചെയ്യുക. വിധേയരാകുന്നവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു പെൻഡുലം ചിലപ്പോൾ ഉപയോഗിച്ചേക്കാം. ഏറിപ്പോയാൽ നെറ്റിയിൽ ഒന്നു തൊടാം. ഇതിനപ്പുറം ശരീരം കൊണ്ടുള്ള ഒരു വിദ്യയും ഹിപ്നോ തെറപ്പിയിലില്ല. യൂട്യൂബ് വിഡിയോകൾ അനുകരിക്കാൻ ശ്രമിച്ചാൽ ഞരമ്പുകൾക്കു ക്ഷതം ഏൽക്കുന്നതടക്കം പല ഗുരുതര ആരോഗ്യപ്രശ്നങ്ങളും നേരിടാനിടയുണ്ട്.
ഇംഗ്ലണ്ട് പോലെ പല രാജ്യങ്ങളിലും 18 വയസ്സിനു താഴെയുള്ളവർ ഹിപ്നോട്ടിസം പരീക്ഷിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്. പ്രഫഷനൽ യോഗ്യതയുള്ളവർ മെഡിക്കൽ ആവശ്യങ്ങൾക്കായാണു ഹിപ്നോട്ടിസം ഉപയോഗിക്കുകയെന്നും ഡോ. ഉമാദേവി പറഞ്ഞു.