14കാരന് അപൂർവരോഗം സംശയിച്ചത് പാണ്ടിക്കാട്ടെ ക്ലിനിക്കിൽ, കണ്ടത് അസാധാരണ ലക്ഷണങ്ങൾ; അമ്പഴങ്ങയാണോ വില്ലൻ?
Mail This Article
മലപ്പുറം ∙ ചെമ്പ്രശേരിയിൽ നിപ്പ ബാധിച്ചു മരിച്ച 14 വയസ്സുകാരന് അപൂർവ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ.കെ.എ.സിയാദ്. 13ന് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിൽ പോയ ശേഷം രോഗം കൂടി 15ന് വീണ്ടും എത്തിയപ്പോൾ കുട്ടിയിൽ അസാധാരണ ലക്ഷണങ്ങളാണു കണ്ടത്. പിന്നീടു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് നിപ്പ സംശയിച്ച് സാംപിൾ അയച്ചതും സ്ഥിരീകരിച്ചതും.
15ന് പാണ്ടിക്കാട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് അപസ്മാര ലക്ഷണങ്ങൾ കാണിച്ചു. മസ്തിഷ്ക രോഗങ്ങളിൽ സാധാരണ കാണാറുള്ള ഛർദി പോലുള്ള ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ രക്തപരിശോധനയിൽ ഹീമോഗ്ലോബിന്റെ അളവ് അസാധാരണ നിലയിൽ കണ്ടതുകൂടി പരിഗണിച്ചാണ് അപൂർവ രോഗമാണെന്നു സംശയിച്ചത്. തുടർന്നാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് അയച്ചത്.
അമ്പഴങ്ങയാണോ വില്ലൻ? പരിശോധിക്കുമെന്നു മന്ത്രി
മലപ്പുറം∙ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ കുട്ടിക്ക് അമ്പഴങ്ങ കഴിച്ചതിലൂടെയാണോ നിപ്പ പകർന്നതെന്നതു പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കുട്ടി അമ്പഴങ്ങ കഴിച്ച സ്ഥലത്ത് വവ്വാൽ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, ഇതാണോ രോഗബാധയിലേക്കു നയിച്ചതെന്ന കാര്യം പൂർണമായും ഉറപ്പിക്കാൻ കൂടുതൽ പരിശോധനകൾ വേണ്ടി വരുമെന്നും അവർ പറഞ്ഞു.