‘നല്ല വേദനയാണ്, ആശുപത്രിക്കു പോവാണ്..’: നിപ്പയുടെ അപ്രതീക്ഷിത ഫൗളിൽ ജീവിതത്തിന്റെ ബൂട്ടഴിച്ച് അവൻ മടങ്ങി
Mail This Article
മലപ്പുറം ∙ ‘കോച്ചേ... ഞാൻ ഇതോണ്ടാണ് ക്യാംപിനു വരാത്തത്. നല്ല വേദനയാണ്. നടക്കുമ്പോഴൊന്നുമില്ല. പക്ഷേ, എന്തിലെങ്കിലും തട്ടിയാലൊക്കെ. നാളെ ആശുപത്രിക്കു പോവാണ്, മഞ്ചേരിക്ക്’ – പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരൻ കാലിലെ വേദനയെക്കുറിച്ച് ഫുട്ബോൾ പരിശീലകൻ പി.അഫീഫിന് മേയ് 15ന് അയച്ച ശബ്ദസന്ദേശമാണിത്. ഒരു മാസം വിശ്രമിക്കാൻ ഡോക്ടർ പറഞ്ഞെന്നു കാണിച്ച് പിറ്റേന്ന് മറ്റൊരു ശബ്ദസന്ദേശം കൂടിയെത്തി. കാലിലെ പരുക്കു ഭേദമായി അവൻ കളത്തിലിറങ്ങുന്നതു കാത്തിരുന്ന കൂട്ടുകാർക്കും പരിശീലകനും തെറ്റി. അതിനു മുൻപേ നിപ്പയുടെ അപ്രതീക്ഷിത ഫൗളിൽ അവൻ വീണുപോയിരുന്നു.
പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഫുട്ബോൾ അക്കാദമിയുടെ മിന്നുംതാരമായിരുന്നു അവൻ. ക്യാംപിൽ എത്താതിരുന്നപ്പോഴും വീട്ടിൽ ചെയ്യാവുന്ന വർക്കൗട്ടുകൾ ചോദിച്ച് പരിശീലകനെ വിഡിയോകോളിൽ വിളിച്ചിരുന്നു. അണ്ടർ–15 ടീമിലെ സ്ട്രൈക്കറായിരുന്നു.
കഴിഞ്ഞ 13ന് ആയിരുന്നു പന്തല്ലൂർ ഹയർസെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ടീമിൽ അംഗമാകാനാകാത്തതിന്റെ സങ്കടം ഇത്തവണ തീർക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. എന്നാൽ, 3 ദിവസം മുൻപ് 10ന് രോഗബാധിതനായി. സ്കൂളിലെ അധ്യാപകർ 18ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തി കണ്ടപ്പോൾ ‘സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാനാകില്ലേ’ എന്നായിരുന്നു മകന്റെ ഉത്കണ്ഠയെന്ന് മാതാവ് പറഞ്ഞതായി അധ്യാപകരിലൊരാൾ ഓർമിച്ചു. 13ന് അവനില്ലാതെ സിലക്‌ഷൻ ട്രയൽസ് നടന്നു. ഒരാഴ്ചയ്ക്കപ്പുറം, ജീവിതത്തിന്റെ ബൂട്ടഴിച്ച് അവൻ യാത്രയായി.