നാഗേഷിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്ന കണ്ടെത്തൽ; ദൃക്സാക്ഷി ആദ്യമായി രംഗത്തുവന്നത് 2 ദിവസം മുൻപ്
Mail This Article
ഷിരൂർ ∙ എന്താണു സംഭവിച്ചത് എന്നതിന് ഒരു ദൃക്സാക്ഷിയെ കണ്ടെത്താൻ സാധിക്കാതിരുന്നതാണ് ഷിരൂർ ദുരന്തം സൃഷ്ടിച്ച വലിയ പ്രതിസന്ധികളിലൊന്ന്. ദുരന്തസ്ഥലത്ത് അപ്പോഴുണ്ടായിരുന്ന എല്ലാ മനുഷ്യരും അപകടത്തിൽപെട്ടിരുന്നു. ഷിരൂർ കുന്നിന് എതിർവശത്തുള്ള ഉൾവരെ ഗ്രാമത്തിലെ നാഗേഷ് ഗൗഡയെന്ന ദൃക്‌സാക്ഷിയെ 2 ദിവസം മുൻപാണു മലയാള മനോരമ സംഘം കണ്ടെത്തിയത്.
അർജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അടിത്തട്ടിൽ റോഡിനോടു ചേർന്നുള്ള ഭാഗത്തുതന്നെ ലോറി ഉണ്ടാവാമെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. പുഴയിലൂടെ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ തീരത്തെത്തിയതായിരുന്നു നാഗേഷ് ഗൗഡ.
നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തൽ ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യഘട്ടത്തിലെ പരിശോധനയെല്ലാം ദേശീയപാതയിൽ കുന്നിടിഞ്ഞു വീണ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു. അവിടെ തെളിവൊന്നും കിട്ടാതിരുന്നപ്പോഴാണു തിരച്ചിൽ പുഴയിലേക്കു മാറ്റിയത്. ലോറി പിറകുവശം മറിഞ്ഞാണ് വീണതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ‘കുന്നിൽനിന്ന് മണ്ണ് ഇടിഞ്ഞു വീണ് തടി കയറ്റിയ ഒരു ലോറിയെയും കൊണ്ടു പുഴയിലേക്കു നീങ്ങി വരുന്നതു കണ്ടു. തീരത്തുണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്കു വീണത്. പിന്നാലെയാണ് തടിലോറി വീണത്’– നാഗേഷ് പറഞ്ഞു.