60 വയസ്സിൽ വിരമിക്കേണ്ടവർ സർക്കാരിൽ 2 ലക്ഷം; പകുതിയിലേറെപ്പേരും വൈകാതെ പങ്കാളിത്ത പെൻഷനിൽ

Mail This Article
തിരുവനന്തപുരം ∙ വിരമിക്കൽപ്രായം 60 ആയവർ സംസ്ഥാന സർക്കാർ സർവീസിൽ 2 ലക്ഷം പിന്നിട്ടു. 2013ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലുള്ളവരാണ് അറുപതിൽ വിരമിക്കുന്നത്. സംസ്ഥാനത്താകെയുള്ള 5,15,513 ഗവ. ജീവനക്കാരാണുള്ളത്; 11 വർഷം കൊണ്ട് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടത് 2,08,559 പേർ. ഒന്നോ രണ്ടോ വർഷത്തിനകം പങ്കാളിത്ത, സ്റ്റാറ്റ്യൂട്ടറി പെൻഷൻ വിഭാഗങ്ങൾ എണ്ണത്തിൽ തുല്യമാകും.
സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരുടെ വിരമിക്കൽപ്രായം 56ൽനിന്ന് 57 ആക്കണമെന്നു വിവിധ സമിതികൾ ശുപാർശ നൽകിയെങ്കിലും സർക്കാർ മടിച്ചുനിൽക്കുകയാണ്. യുവജന സംഘടനകളുടെ എതിർപ്പാണു ഭയം. പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ ജീവനക്കാരുടെ അനുപാതം വേഗം ഉയരുന്നതിനാൽ ഫലത്തിൽ സർക്കാർ സർവീസിലെ വിരമിക്കൽപ്രായം സ്വാഭാവികമായി അറുപതിലേക്കെത്തുകയാണ്.
പങ്കാളിത്ത പെൻഷൻകാരുടെ എണ്ണം കൂടുന്നതോടെ ഈ വിഭാഗത്തിന്റെ ദീർഘകാലങ്ങളായുള്ള പല ആവശ്യങ്ങളും സർക്കാരിനു കൂടുതൽ ഗൗരവത്തിലെടുക്കേണ്ടി വരും. പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം 10 ശതമാനത്തിൽനിന്നു 14 ആക്കുക, ഒഴിവ് വിജ്ഞാപനം ചെയ്ത തീയതിയനുസരിച്ച് പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാൻ അനുവദിക്കുക, മിനിമം പെൻഷനും ഗ്രാറ്റുവിറ്റിയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണു പ്രധാനം.