‘മാലിന്യ മുക്തം നവകേരളം’: ജനകീയ ക്യാംപെയ്ന് തുടക്കം; ആറു മാസത്തിനുള്ളിൽ കേരളത്തെ മാലിന്യ മുക്തമാക്കൽ ലക്ഷ്യം
Mail This Article
കൊട്ടാരക്കര∙ അടുത്ത ആറു മാസക്കാലയളവിൽ സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപെയ്ൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനത്തിൽ പുതിയ ശീലങ്ങളും രീതികളും അവലംബിച്ച് സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിൽ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവർ കൈകോർക്കണമെന്നും മാലിന്യം വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് അടുത്ത വർഷം മാർച്ച് 30ന് രാജ്യാന്തര ശൂന്യ മാലിന്യ ദിനത്തിൽ അവസാനിക്കുന്ന തരത്തിലാണ് ക്യാംപെയ്ൻ ക്രമീകരിച്ചിരിക്കുന്നത്.. വസ്തുതകളിലല്ല വിവാദങ്ങളിലാണ് എല്ലാവർക്കും താൽപര്യം. ബ്രഹ്മപുരത്ത് തീ കത്തിയതിന് ഒരുവർഷത്തിനു ശേഷമുണ്ടായ ആരോഗ്യകരമായ മാറ്റത്തെക്കുറിച്ച് കണ്ട ഭാവം നടിക്കാൻ ആരും തുനിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായിരുന്നു. ഹരിതകർമ സേനാംഗങ്ങൾക്കുള്ള സുരക്ഷാ കിറ്റിന്റെ വിതരണം ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷും ഹരിത ടൂറിസം കൈപ്പുസ്തക പ്രകാശനം മന്ത്രി കെ.ബി.ഗണേഷ് കുമാറും ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ജെ.ചിഞ്ചു റാണിയും നിർവഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി.
തീപ്പെട്ടിക്കായി നെട്ടോട്ടം; ചിരിയോടെ മുഖ്യമന്ത്രി
കൊട്ടാരക്കര∙ ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപെയ്നിന്റെ ഉദ്ഘാടന വേദിയിൽ ചെരാത് തെളിക്കാൻ തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ച് മുഖ്യമന്ത്രി. മൺചെരാതും കൈവിളക്കും റെഡി. എന്നാൽ തീപ്പെട്ടി മാത്രമില്ല. ഒടുവിൽ പുറത്തുണ്ടായിരുന്ന ആരുടെയോ പക്കലുള്ള തീപ്പെട്ടി വേദിയിലെത്തി. തിരിതെളിക്കാൻ വൈകിയെങ്കിലും മുഖ്യമന്ത്രി ചെറുചിരിയോടെയാണ് തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ചത്.