‘വിമർശിച്ചോളൂ, ഞാൻ വിളിച്ച് ഭീഷണിപ്പെടുത്തില്ല; ഇപ്പോൾ മതചിന്തകളോട് അകലം പാലിക്കുന്ന ജീവിതം’
Mail This Article
ജീവിതത്തിൽ ചിരിച്ചതിലേറെ ചിരിച്ചതു സിനിമയിലാണെന്നു നടൻ സലിംകുമാർ. മനോരമ ഹോർത്തൂസിൽ ‘ചിരി സിനിമയിലും ജീവിതത്തിലും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലത്തെപ്പോലെയുള്ള തമാശസിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല, ജീവിതാനുഭവത്തിന്റെ കുറവാണു കാരണം. പട്ടിണിയും പ്രാരബ്ധവും നല്ല തമാശകൾ പിറക്കാൻ കാരണമായിട്ടുണ്ട്.
‘മീശമാധവൻ’ ഇതുവരെ മുഴുവനായി കണ്ടിട്ടില്ല. ‘ചെസ്’ കണ്ടത് കഴിഞ്ഞയാഴ്ചയാണ്. ‘ആദാമിന്റെ മകൻ അബു’ രണ്ടാം പകുതി മാത്രമേ കണ്ടിട്ടുള്ളൂ. മതചിന്തകളോട് അകലം പാലിക്കുന്ന ജീവിതമാണിപ്പോൾ. അമ്മയാണു ദൈവം. അമ്മയുടെ ആത്മാവ് ഭൂമിയിൽ ഉണ്ടെന്നു വിശ്വസിക്കുന്നു. അമ്മയാണ് എന്നെ ജീവിതത്തിൽ ഏറ്റവും ചിരിപ്പിച്ച വ്യക്തി.
വിമർശനത്തെ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും. വിമർശിച്ചതിന്റെ പേരിൽ വെറുപ്പു സൂക്ഷിക്കുകയോ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധത തന്നെയാണ്. അതിനെ ന്യായീകരിക്കാൻ പറ്റില്ല. എന്നാൽ, നല്ലൊരു തമാശ കിട്ടുമെങ്കിൽ അതിന്റെ മറ്റു വശങ്ങൾ നോക്കേണ്ടതില്ല. ഫോണിൽ നോക്കി ചിരിക്കുന്നതാണു പുതിയ രീതി. വട്ടത്തിൽ ഇരുന്നു തമാശ പറഞ്ഞു ചിരിക്കുന്ന കാലമൊക്കെ പോയി.
സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടത്തിലും സ്ത്രീകൾക്കു മാന്യമായി ജോലി ചെയ്യാൻ പറ്റണം. ‘വിഗതകുമാരനി’ലെ നായികയ്ക്കു നാടുവിടേണ്ടി വന്ന സ്ഥലമാണു കേരളം. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടാൻ വേണ്ടി സർക്കാരിനോട് ആവശ്യപ്പെടുകയാണു വേണ്ടത്. ജയമോഹൻ മോഡറേറ്ററായിരുന്നു.