ADVERTISEMENT

തിരുവനന്തപുരം∙ നിരോധിത മേഖലയിലും വിഐപികളുടെ സന്ദർശന സ്ഥലത്തും അനധികൃതമായി പറത്തുന്ന ഡ്രോണുകളെ പൊലീസിന്റെ കൂട്ടിലടയ്ക്കാനുള്ള ജിപിഎസ് സ്പ്രൂഫിങ് സംവിധാനം കേരള പൊലീസ് വാങ്ങുന്നു. ഡ്രോണിലേക്ക് സമാന്തര ജിപിഎസ് സിഗ്നലുകൾ അയച്ച് ഡ്രോണിനെ മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന സംവിധാനമാണിത്. ഡ്രോൺ അയച്ചയാളുടെ നിയന്ത്രണത്തിൽ നിന്നു പൂർണമായും മാറ്റി മറ്റൊരു നിയന്ത്രണ സംവിധാനം ഏറ്റെടുക്കും. ഇൗ ഉപകരണം പൊലീസിന്റെ വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ആന്റി ഡ്രോൺ സംവിധാനം വഴി എവിടേക്കു വേണമെങ്കിലും കൊണ്ടുപോകാം.

പൊലീസിന്റെ നിർദേശം ലംഘിച്ച് പറക്കുന്ന ഡ്രോണുകളെ ആകാശത്തുവച്ചുതന്നെ നിർവീര്യമാക്കി താഴെ വീഴ്ത്തുകയെന്നതാണ് നിലവിൽ പൊലീസിന്റെ കയ്യിലുള്ള ആന്റിഡ്രോൺ സംവിധാനം . ഇത് ഏതെങ്കിലും ഘട്ടത്തിൽ അപകടമാകുമെന്നതിനാലാണ് പുതിയ സംവിധാനം വാങ്ങുന്നത്. പൊലീസ് നിർദേശിക്കുന്ന സ്ഥലത്തേക്ക് ഇനി ഡ്രോണിനെ എത്തിക്കാൻ കഴിയും. ടെൻഡർ നടപടികൾ പൂർത്തിയായി. ഇതു കൂടാതെ 10 അത്യാധുനിക ഡ്രോണുകളും വാങ്ങും. പൊലീസിന്റെ പക്കലുള്ള ഡ്രോണുകളെക്കാൾ ശേഷി കൂടിയ ഡ്രോണുകളാണ് ഓരോ ജില്ലയ്ക്കുമായി വാങ്ങുന്നത്. വനമേഖലയിലും ദുരന്തമേഖലകളിലും 400 മീറ്റർ മുകളിൽ നിന്നു വരെ നിരീക്ഷിക്കാൻ സംവിധാനം ഇവയിലുണ്ടാകും. 15 ലക്ഷമാണ് ഒരു ഡ്രോണിന്റെ വില. നിലവിൽ പൊലീസിന്റെ കയ്യിലുള്ളത് നഗരങ്ങളിലെ ട്രാഫിക് നിരീക്ഷണത്തിനും മറ്റു സാധാരണ ഉപയോഗങ്ങൾക്കുമാണ്. സൈബർ ഡിവിഷന് അനുവദിച്ച 5.5 കോടി രൂപയിൽ നിന്നാണ് ഡ്രോൺ ജിപിഎസ് സ്പ്രൂഫിങ് സംവിധാനവും ഡ്രോണുകളും വാങ്ങുന്നതിനു തുക ചെലവഴിക്കുക.

English Summary:

Kerala police to purchase GPS spoofing technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com