ADVERTISEMENT

കോട്ടയം ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനയ്ക്കു പോലും നിരക്കിൽ ഇളവു നൽകാതെ കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ പണം അടയ്ക്കാതിരുന്നതിനാൽ, കേന്ദ്ര സർക്കാരിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രണ്ടു മാസം പരിശോധന നടത്തിയില്ല. തുടർന്ന് 27.69 ലക്ഷം രൂപ രാജീവ് ഗാന്ധി സെന്ററിനു നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിഎൻഎ പരിശോധന സൗജന്യമായി നടത്തുമെന്നാണു ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രസംഘം അറിയിച്ചിരുന്നത്.

ദുരന്തത്തിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധന കണ്ണൂർ റീജനൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലാണു നടത്തിയത്. മാംസഭാഗങ്ങളും എല്ലും ഉൾപ്പെടെ 431 പോസ്റ്റ്മോർട്ടം സാംപിളുകളാണു പരിശോധനയ്ക്കായി കണ്ണൂർ ലാബിലെത്തിച്ചത്. കാണാതായവരുടെ 172 ബന്ധുക്കളുടെ രക്തസാംപിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഓഗസ്റ്റ് 3ന് ആരംഭിച്ച പരിശോധനയിൽ 223 ഡിഎൻഎ സാംപിളുകൾ തിരിച്ചറിഞ്ഞു. 133 രക്തസാംപിളുകളും പരിശോധിച്ചു.

അവശേഷിച്ച 208 സാംപിളുകളും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുടെ 39 രക്തസാംപിളുകളുകളുമാണ് ഒക്ടോബർ ഒന്നിനു രാജീവ് ഗാന്ധി സെന്ററിലേക്ക് അയച്ചത്. പോസ്റ്റ്‌മോർട്ടം സാംപിളുകളിൽ 148 സാംപിളുകളുടെയും ഡിഎൻഎ പ്രൊഫൈൽ കണ്ണൂർ ലാബിൽ തയാറാക്കിയിരുന്നു. രക്തസാംപിൾ ഇവയുമായി താരതമ്യം നടത്തുന്ന ജോലിയേ ശേഷിച്ചിരുന്നുള്ളൂ. 60 സാംപിളുകൾ പൂർണമായും പ്രൊഫൈൽ കണ്ടെത്തി പരിശോധിക്കാനുമുണ്ട്. എന്നാൽ ഇതിന്റെ പരിശോധന പൂർത്തിയായിട്ടില്ലെന്നാണു രാജീവ് ഗാന്ധി സെന്ററിൽ നിന്നുള്ള വിവരം.

ക്രൈം കേസുകളിലേതുൾപ്പെടെ ദിവസേന ഒട്ടേറെ സാംപിളുകൾ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഫൊറൻസിക് ലാബുകളിലെ പരിശോധന വൈകുമെന്നതിനാലാണു രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്കു സാംപിളുകൾ കൈമാറിയത്.

English Summary:

Wayanad landslide: DNA identification of Mundakkai-Chooralmala landslide victims delays as the Central Government refuses fee waiver and testing stalls at Rajiv Gandhi Center for Biotechnology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com