കുടിശിക; സഹകരണ സ്ഥാപനത്തിന്റെ വസ്തുക്കൾ ഏറ്റെടുത്ത് കേരള ബാങ്ക്
Mail This Article
രാജപുരം (കാസർകോട്) ∙ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന്, സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ വസ്തുവകകൾ കേരള ബാങ്ക് ഏറ്റെടുത്തു. പിന്നാലെ ഇതേ സ്ഥാപനത്തിന്റെ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എംവി.കൃഷ്ണനെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണ സ്ഥാപനത്തിലെ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ അയോഗ്യനാക്കി സഹകരണ വകുപ്പ് ഉത്തരവിറക്കി.
മാലക്കല്ലിലെ മലനാട് റബർ ആൻഡ് അദർ അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വസ്തുവകകളാണു കേരള ബാങ്ക് ഏറ്റെടുത്തത്. സൊസൈറ്റിക്ക് കേരള ബാങ്കിൽ 48 ലക്ഷം രൂപയുടെ കുടിശികയുണ്ട്. 2023 ഒക്ടോബറിൽ തുക തിരിച്ചടയ്ക്കാൻ നോട്ടിസ് നൽകിയിരുന്നു. ബാങ്ക് നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് കള്ളാർ വില്ലേജിൽ മാലക്കല്ലിലെ സൊസൈറ്റി ഓഫിസ് കെട്ടിടവും സ്ഥലവും പനത്തടി-റാണിപുരം റോഡരികിലെ കെട്ടിടവും വസ്തുക്കളും ഏറ്റെടുത്തതായി കാണിച്ച് ബാങ്ക് നോട്ടിസ് അയച്ചത്. സിപിഎം ഭരിക്കുന്ന പനത്തടി സർവീസ് സഹകരണ ബാങ്കിലാണ് സൊസൈറ്റി പ്രസിഡന്റ് എം.വി.കൃഷ്ണന് കുടിശികയുള്ളത്. കുടിശികയുള്ളതിനാൽ സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതി അംഗമായി തുടരുന്നതിൽ അയോഗ്യതയുണ്ടെന്നു കാണിച്ച് പി.എം.സുബ്രഹ്മണ്യൻ എന്നയാൾ പരാതി നൽകിയിരുന്നു. ഇതിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നടപടി.