‘സവിശേഷ ദുരന്ത’ പ്രഖ്യാപനം ദുരന്തമായി; നഷ്ടപരിഹാരത്തിൽ അനിശ്ചിതത്വം തുടരുന്നു
Mail This Article
തിരുവനന്തപുരം ∙ വന്യജീവി ആക്രമണത്തിലെ മരണം ‘സവിശേഷ ദുരന്തം’ എന്ന വിഭാഗത്തിൽപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്ന് 9 മാസം പിന്നിട്ടിട്ടും തുടർ നടപടിയില്ല. ആശ്രിതർക്കുള്ള നഷ്ടപരിഹാരം ഇതോടെ അനിശ്ചിതത്വത്തിലായി. മാർച്ച് ഏഴിലെ പ്രഖ്യാപനത്തിന്റെ തുടർച്ചയായി നഷ്ടപരിഹാരം സംബന്ധിച്ച് അതോറിറ്റി മാനദണ്ഡം തീരുമാനിക്കേണ്ടതായിരുന്നു.അതുണ്ടായില്ലെന്നതാണ് പ്രതിസന്ധി.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് ഓഫിസുകളിൽ അപേക്ഷ നൽകാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച് മാർഗനിർദേശം ലഭിച്ചിട്ടില്ലെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വകുപ്പു തന്നെ പറയുന്നു. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് ഈ നിധിയിൽ നിന്നു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച തീരുമാനവും വൈകുകയാണ്. 18 സംസ്ഥാനങ്ങളും ചില കേന്ദ്ര ഭരണ പ്രദേശങ്ങളും പാമ്പുകടിയേറ്റുള്ള മരണം സവിശേഷ ദുരന്തത്തിൽ പെടുത്തിയിട്ടുണ്ട് . കേരളത്തിലും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ 2022ൽത്തന്നെ ചീഫ് സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചെങ്കിലും തീരുമാനമുണ്ടായില്ല.
എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട 940 പേരിൽ 600ൽപ്പരം പേരുടെയും മരണം പാമ്പുകടിയേറ്റാണെന്നാണ് വനം വകുപ്പിന്റെ കണക്ക്. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് രണ്ടു ലക്ഷം രൂപ സമാശ്വാസ സഹായം മാത്രമാണ് വനം വകുപ്പ് നൽകുന്നത്. പാമ്പുകടിയേറ്റുള്ള മരണം വന്യജീവി സംഘർഷത്തിന്റെ പരിധിയിൽ പെടുത്തുന്നത് പരിശോധിക്കുമെന്നും കടന്നൽ, തേനീച്ച ആക്രമണത്തിനിരയായവർക്ക് ധനസഹായം അനുവദിക്കുന്നുണ്ടെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.