കായംകുളം താപവൈദ്യുത നിലയം: മൂന്നു വർഷം കൂടി വൈദ്യുതി വാങ്ങും; ബദൽ ഇന്ധനം ഉപയോഗപ്പെടുത്താൻ നിർദേശം

Mail This Article
തിരുവനന്തപുരം ∙ കായംകുളം താപവൈദ്യുത നിലയവുമായുള്ള വൈദ്യുതി വാങ്ങൽ കരാർ 3 വർഷം കൂടി തുടരാൻ ധാരണ. പുതിയ കരാറിന്റെ വ്യവസ്ഥകൾ തീരുമാനിക്കാനും കെഎസ്ഇബി മുന്നോട്ടുവച്ച ആവശ്യങ്ങൾ ചർച്ചചെയ്യാനും കെഎസ്ഇബി– എൻടിപിസി സംയുക്ത പ്രവർത്തക ഗ്രൂപ്പ് രൂപീകരിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കും.
-
Also Read
പെൻഷൻ പരിഷ്കരണ കുടിശിക ഗഡു ഉടൻ
5 വർഷത്തേക്കു കരാർ പുതുക്കണമെന്നാണ് എൻടിപിസി ആവശ്യപ്പെട്ടിരുന്നത്. 3 വർഷത്തിനുള്ളിൽ കായംകുളം നിലയത്തിൽനിന്ന് ബദൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ചെലവു കുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് കെഎസ്ഇബിയുടെ പ്രധാന ആവശ്യം. ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാലും യൂണിറ്റിന് 10 രൂപയോളം ചെലവാകും. ഭാവിയിൽ ഇന്ധനവില വർധിക്കാനും സാധ്യതയുണ്ട്. പകരം, ആലപ്പുഴയിലെ ചതുപ്പുനിലങ്ങളിൽ സുലഭമായ പീറ്റ് ഗ്യാസ് ഉപയോഗിക്കാനാകുമോയെന്നു പരിശോധിക്കണം. എൻടിപിസിക്കു സർക്കാർ കൈമാറിയ ഭൂമിയിൽ ഭൂരിഭാഗം പ്രദേശവും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഇതു ഫലപ്രദമായി ഉപയോഗിക്കാൻ ആസൂത്രണം നടത്തണം.
അതോടൊപ്പം എൻടിപിസിയുമായി കൂടുതൽ മേഖലകളിൽ സഹകരിച്ച് വൈദ്യുതോൽപാദനം വർധിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കും. കെഎസ്ഇബിയുടെ ഡാമുകളിൽ ഫ്ലോട്ടിങ് സോളർ ഉൾപ്പെടെ 500–2000 മെഗാവാട്ട് ശേഷിയുള്ള സോളർ പ്ലാന്റുകൾ സ്ഥാപിക്കാനും വൈദ്യുതി സംഭരിക്കാനാവശ്യമായ ബാറ്ററി സംവിധാനം (ബെസ്) സംയുക്ത സംരംഭമായി സ്ഥാപിക്കാനും എൻടിപിസിയുടെ സഹകരണം തേടും. കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പ്ലാന്റിനോടു ചേർന്നു കുറഞ്ഞത് 500 മെഗാവാട്ട് ശേഷിയുള്ള ബെസ് എൻടിപിസിയുടെ ചെലവിൽ സ്ഥാപിക്കാൻ ആവശ്യപ്പെടും.
കരാർ നീട്ടുന്നത് താൽചർ വൈദ്യുതി തുടർന്നും കിട്ടാൻ
കായംകുളം താപനിലയത്തിലെ വിലകൂടിയ വൈദ്യുതി വാങ്ങുന്നതിനു നഷ്ടപരിഹാരമെന്നോണം 2005 മുതൽ ഒഡീഷയിലെ താൽചർ 2 നിലയത്തിൽനിന്ന് യൂണിറ്റിന് 2.68 രൂപ നിരക്കിൽ എൻടിപിസി അനുവദിച്ച 180 മെഗാവാട്ട് വൈദ്യുതി നഷ്ടമാകാതിരിക്കാനാണ് പ്രധാനമായും കരാർ നീട്ടാൻ കെഎസ്ഇബി സന്നദ്ധത അറിയിച്ചത്. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുമായി താരതമ്യം ചെയ്താൽ വർഷംതോറും 316 കോടി രൂപയുടെ ലാഭമാണ് കെഎസ്ഇബിക്ക് താൽചർ വൈദ്യുതിയിലൂടെ ലഭിക്കുന്നത്. കായംകുളം എൻടിപിസി നിലയത്തിന് ഫിക്സഡ് ചാർജ് ആയി നൽകുന്ന 100 കോടി രൂപ കുറച്ചാലും 200 കോടിയോളം രൂപയുടെ നേട്ടം വൈദ്യുതി വാങ്ങൽ ചെലവ് കുറയുന്നതിലൂടെ കെഎസ്ഇബിക്കു ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
എൻടിപിസിയെ പെട്ടെന്ന് ഒഴിവാക്കാനാവില്ല
‘എൻടിപിസിയുമായുള്ള ബന്ധം പെട്ടെന്ന് ഒഴിവാക്കാനാകില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാൻ എൻടിപിസിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. സംസ്ഥാനത്തിന്റെയും കെഎസ്ഇബിയുടെയും താൽപര്യം സംരക്ഷിക്കുന്ന വിധമാകും കരാർ നീട്ടുക. എൻടിപിസിയുടെ കൈവശമുള്ള ഭൂമി തിരികെ വാങ്ങുന്നത് എളുപ്പമല്ല.’
∙ ബിജു പ്രഭാകർ, കെഎസ്ഇബി സിഎംഡി