സംസ്ഥാന സ്കൂൾ കലോത്സവം: 5 രാപകലുകളിലായി ഭക്ഷണം കൊടുത്തത് 2 ലക്ഷം പേർക്ക്

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി 3,500 ഭക്ഷണപ്പൊതികൾ വീതം കലവറയിൽ നിന്നു പുറത്തേക്കെത്തി. രാത്രിയിൽ പരമാവധി ഒരു മണിക്കൂർ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാൻ ശ്രമിക്കുന്നതൊഴിച്ചാൽ മുഴുവൻ സമയവും വിശ്രമമില്ലാതെ പാചകം നയിച്ച പഴയിടം മോഹനൻ നമ്പൂതിരിയാണ് ശ്രമകരമായ ദൗത്യം ഇത്തവണയും വിജയമാക്കിയത്. 5 ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കിയതും കുട്ടികൾക്കു മധുരാനുഭവമായി.
-
Also Read
കലോത്സവക്കലവറയിൽ പഴയിടം രുചിയുടെ 25 വർഷം
ഒരുനേരം 30,000 ഇഡ്ഡലി
പ്രഭാതഭക്ഷണമായിരുന്നു കലവറയിലെ പാചകദൗത്യത്തിന്റെ ആദ്യപടി. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, ദോശയും ചമ്മന്തിയും എന്നിങ്ങനെയായിരുന്നു വിഭവങ്ങൾ. പുട്ട് ആയാലും ഇഡ്ഡലി ആയാലും ദോശയായാലും 30,000 എണ്ണം വീതം ദിവസവും തയാറാക്കി. 500 ലീറ്റർ കറിയും ഒരുക്കി. കുറഞ്ഞത് 5000 പേർ വീതം പ്രഭാതഭക്ഷണം കഴിച്ചെന്നാണു കണക്ക്. ഭക്ഷണക്കമ്മിറ്റിയുടെ ചുമതല വഹിച്ച കെഎസ്ടിഎയുടെ നേതൃത്വത്തിൽ ഭക്ഷണശാലയിൽ 12 കൗണ്ടറുകൾ വീതമൊരുക്കിയാണു ഭക്ഷണം വിളമ്പൽ ഏകോപിപ്പിച്ചത്. ഓരോ കൗണ്ടറിലും 30 പേർ വീതം വിളമ്പൽ ഏറ്റെടുത്തു. രാവിലെ 7ന് ആരംഭിച്ച പ്രഭാതഭക്ഷണം 11.30 വരെ നീണ്ടു.
1500 കിലോ അരിയുടെ ചോറ്
ഉച്ചയൂണിനു പല അടുപ്പുകളിലായി 1500 കിലോ അരിയാണ് ഒരേസമയം വെന്തു ചോറായത്. ദിവസവും മാറിമാറി സാമ്പാർ, പുളിശേരി, പരിപ്പ്, ‘മീനില്ലാത്ത മീൻകറി’, വിവിധ തരം തോരനുകൾ, മെഴുക്കുപുരട്ടികൾ, അച്ചാർ തുടങ്ങിയവ ചോറിനു കൂട്ടായെത്തി. ഉച്ചയൂണിനു മാത്രം ശരാശരി 6000 ലീറ്റർ കറികൾ വേണ്ടിവന്നുവെന്നു പഴയിടം പറയുന്നു. ഉച്ചയൂണിനുണ്ടാക്കിയ കറികൾ ആ ഒരു നേരം മാത്രമേ ഉപയോഗിച്ചുള്ളൂ. വൈകിട്ട് 5.30വരെ ഉച്ചഭക്ഷണം വിളമ്പേണ്ടിവന്നു. പാലട, പയർ, അടപ്രഥമൻ, കുമ്പളങ്ങ, കടല എന്നിങ്ങനെ പലതരം പായസങ്ങളും പല ദിവസങ്ങളായി കൊടുത്തു.
അത്താഴത്തിന് പുതുഭക്ഷണം
ഉച്ചയ്ക്കു വിളമ്പുന്ന വിഭവങ്ങളിൽ പായസമൊഴികെയുള്ളവ ചേരുന്നതാണ് അത്താഴം. പക്ഷേ, ഉച്ചയ്ക്കു വിളമ്പിയ കറിയോ ചോറോ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നു ഭക്ഷണക്കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രനും ജനറൽ കൺവീനർ എ.നജീബും പറയുന്നു. രാത്രി എത്ര വൈകി മത്സരം കഴിഞ്ഞു കുട്ടികൾ വന്നാലും അത്താഴം സജ്ജമായിരിക്കുമെന്നുറപ്പാക്കി. രാത്രി ഒന്നേകാൽ വരെ ഭക്ഷണം വിളമ്പിയ ദിവസങ്ങളുണ്ട്. ഇതിനു ശേഷവും കലവറയിലെ അടുപ്പുകളിൽ ചിലത് അണയില്ല. പിറ്റേന്നു പ്രഭാതഭക്ഷണത്തിനുള്ള ഒരുക്കം തുടങ്ങിയിരിക്കും.