ആംആദ്മിയെ തോൽപിച്ചത് കോൺഗ്രസ്: പിണറായി

Mail This Article
തിരുവനന്തപുരം ∙ ബിജെപി ജയിച്ചതിന് ആഹ്ലാദിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും കോൺഗ്രസിന് ഒരു സാധ്യതയുമില്ലാത്ത ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ തോൽപിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എഎപിക്കെതിരെ പ്രചാരണം നയിച്ചതു രാഹുൽ ഗാന്ധിയാണ്. എന്നിട്ടും കോൺഗ്രസിനു കിട്ടിയതു വലിയ പൂജ്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പൂജ്യമായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു മുഖ്യമന്ത്രി പരിഹസിച്ചു.
കോൺഗ്രസ് സങ്കുചിതമായി ചിന്തിച്ചതിനാലാണു ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി ജയിച്ചത്. ഡൽഹിയിൽ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ചെയ്തതിനെല്ലാം കോൺഗ്രസ് കൂട്ടുനിന്നു. കോൺഗ്രസ് ഉന്നയിച്ച അഴിമതിയാരോപണത്തിലാണു കേന്ദ്രം ഇടപെട്ടത്. ബിജെപിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ ചരിത്രം തിരുത്താൻ ശ്രമിക്കുകയാണ്. സമരത്തിൽ പങ്കെടുത്തതിനു ജയിലിൽ അടയ്ക്കപ്പെട്ട സവർക്കർ മാപ്പെഴുതി കൊടുത്താണു മോചിതനായത്. ബിജെപി ചരിത്രം തിരുത്തുന്നതിന്റെ മാതൃകയാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു.